Film News
ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാവും ഇത്; മാളികപ്പുറം ഉടന്‍ തിയേറ്ററുകളിലേക്കെന്ന് ഉണ്ണി മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 06, 07:45 am
Tuesday, 6th December 2022, 1:15 pm

മാളികപ്പുറം എന്ന പുതിയ ചിത്രത്തിലെ നായകകഥാപാത്രം തനിക്ക് ഏറ്റവും പ്രിയപ്പട്ടതാവുമെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ചിത്രത്തിന്റെ പ്രൊമോഷന്‍ തുടങ്ങുകയാണെന്നും ഉടന്‍ തിയേറ്ററുകളില്‍ എത്തുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ഉണ്ണി പറഞ്ഞു. കറുത്ത മുണ്ടും ഷര്‍ട്ടും ധരിച്ച് ക്യാമറയിലേക്ക് ടോര്‍ച്ച് മിന്നിക്കുന്ന വീഡിയോയും ഇതിനൊപ്പം ഉണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ആര്‍ യു റെഡി. മാളികപ്പുറത്തിന്റെ പ്രൊമോഷന്‍ തുടങ്ങിക്കഴിഞ്ഞു. ഇതില്‍ പരമാവധി സത്യസന്ധത പുലര്‍ത്തും. കലാകാരനെന്ന നിലയില്‍ ചെരുപ്പുകള്‍ അഴിക്കുന്ന ദിവസം. എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായി ഇത് മാറും. നിങ്ങളെ ആവേശം കൊള്ളിക്കാന്‍ ഉടന്‍ തിയേറ്ററുകളിലേക്ക് എത്തുന്നു. ഷെഫീക്കിനെ സ്‌നേഹിച്ചതിന് നന്ദി,’ ഉണ്ണി കുറിച്ചു.

എട്ടു വയസ്സുകാരി കല്യാണിയുടെയും അയ്യപ്പന്റെയും കഥയാണ് മാളികപ്പുറം എന്ന ചിത്രം പറയുന്നത്. ദേവനന്ദ എന്ന ബാലതാരമാണ് ടൈറ്റില്‍ റോളായ മാളികപ്പുറത്തിനെ അവതരിപ്പിക്കുന്നത്.

വിഷ്ണു ശശി ശങ്കര്‍ ആണ് മാളികപ്പുറം സംവിധാനം ചെയ്യുന്നത്. നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്ലര്‍, മന്ത്രമോതിരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനായ ശശി ശങ്കറിന്റെ മകനാണ് വിഷ്ണു ശശി ശങ്കര്‍. എഡിറ്റിങ്ങും വിഷ്ണുവാണ് ചെയ്യുന്നത്. അഭിലാഷ് പിള്ളയാണ് തിരക്കഥ എഴുതുന്നത്.

ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപത്ത്, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

ഷെഫീക്കിന്റെ സന്തോഷമാണ് ഒടുവില്‍ റിലീസ് ചെയ്ത ഉണ്ണി മുകുന്ദന്റെ ചിത്രം. അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രം നവംബര്‍ 25നാണ് റിലീസ് ചെയ്തത്. മനോജ് കെ. ജയന്‍, ബാല, കൃഷ്ണ പ്രസാദ്, സ്മിനു സിജോ, ആത്മിയ രാജന്‍, ദിവ്യ പിള്ളൈ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: unni mukundan facebook post about malikappuram movie