തന്റെ സിനിമാ കരിയറിലുണ്ടായ ഏറ്റവും മോശം സിനിമയെ പറ്റി തുറന്നുപറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
മേപ്പടിയാന്‍ സിനിമ ചെയ്ത സമയത്ത്, ഇത് എന്റെ ഏറ്റവും നല്ല സിനിമയായിരിക്കുമെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. ഇനി പുറത്തിറങ്ങാനിരിക്കുന്ന ഷഫീഖിന്റെ സന്തോഷം എന്ന സിനിമയും തന്റെ മികച്ച സിനിമകളിലൊന്നായിരിക്കുമെന്ന് താരം പറയുന്നു.
ഇതേക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനാണ് തന്റെ കരിയറിലെ ‘ദുരന്തം’ സിനിമയെ പറ്റി ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.
”എന്റെ കരിയറിലെ മോശം സിനിമകള്‍ ഏതാണെന്ന് ഞാന്‍ പറയാം. എന്റെ സിനിമകള്‍ മിക്കതും എനിക്ക് ഭയങ്കര ഇഷ്ടമാണ്, ഞാന്‍ ഇമോഷണലി കണക്ടഡ് ആണ്.
എനിക്ക് അഞ്ചിലധികം നല്ല സിനിമകളുണ്ട്. പക്ഷെ ഞാന്‍ കുറച്ച് കൂടി ശ്രദ്ധ കാണിക്കണമായിരുന്നു.
സാമ്രാജ്യം സിനിമയുടെ രണ്ടാം ഭാഗം എടുത്തിരുന്നു. അത് ഒരു തരത്തില്‍ ദുരന്തമായിരുന്നു.
പക്ഷെ എന്റെ തുടക്കകാലത്ത് എനിക്ക് കിട്ടിയ ഒരു അവസരമായാണ് ഞാന്‍ ആ സിനിമയെ കാണുന്നത്. ഇപ്പോഴും പല സ്ഥലത്തും ഞാന്‍ ആ സിനിമ ചെയ്തു എന്ന് പറയാറുണ്ട്.
പുതിയ നടന്‍ എന്ന നിലയില്‍ കിട്ടിയ ആ അവസരം വര്‍ക്കൗട്ട് ആയില്ല. അതുപോലെ തന്നെയാണ് മല്ലു സിംഗും ഉണ്ടായത്. പക്ഷെ മല്ലു സിംഗ് ഹിറ്റായി. സാമ്രാജ്യം വിജയിച്ചില്ല.
അങ്ങനെയുള്ള ഒന്നുരണ്ട് സിനിമകള്‍ മാത്രമേയുള്ളൂ. പിന്നെ ചില സ്‌ക്രിപ്റ്റുകള്‍, സ്‌ക്രിപ്റ്റായി ഇരുന്നപ്പോള്‍ ഓക്കെ ആയിരുന്നു, പക്ഷെ സിനിമയായി വന്നപ്പോള്‍ അതിന്റെ എസന്‍സ് നഷ്ടപ്പെട്ട് പോയ സിനിമകളുമുണ്ട്.
അതൊക്കെ സാധാരണമാണ്. കുഴപ്പമില്ല,” ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
1990ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗമായാണ് സാമ്രാജ്യം 2 സണ്‍ ഓഫ് അലക്‌സാണ്ടര്‍ റിലീസ് ചെയ്തത്. ഉണ്ണി മുകുന്ദനെ നായകനാക്കി തമിഴ് സംവിധായകന്‍ പേരറസു ആയിരുന്നു ചിത്രം ഒരുക്കിയത്.
അതേസമയം, മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ‘ഷഫീഖിന്റെ സന്തോഷം’.
ഉണ്ണിമുകുന്ദന്‍, മനോജ് കെ. ജയന്‍, ബാല, ദിവ്യ പിള്ള, ആത്മീയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപിന്റേത് തിരക്കഥയും.
ഷഹീന്‍ സിദ്ധിഖ്, മിഥുന്‍ രമേഷ്, സ്മിനു സിജോ, ബോബന്‍ സാമുവല്‍, ഹരീഷ് പേങ്ങന്‍, അസീസ് നെടുമങ്ങാട്, പൊള്ളാച്ചി രാജാ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
Content Highlight: Unni Mukundan about the most disastrous movie in his career