ന്യൂദല്‍ഹി: ദല്‍ഹി തിങ്കളാഴ്ച മുതല്‍ ഘട്ടം ഘട്ടമായി അണ്‍ലോക്ക് ചെയ്തു തുടങ്ങുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. കൊവിഡിനെ വരുതിയില്‍ നിര്‍ത്താന്‍ സഹായിച്ച ദല്‍ഹിയിലെ രണ്ടുകോടി ജനങ്ങള്‍ക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.
പട്ടിണിയില്‍പ്പെട്ട് ജനങ്ങള്‍ മരിക്കാതിരിക്കാന്‍ ഇതാണ് ദല്‍ഹി അണ്‍ലോക്ക് ചെയ്യാന്‍ പറ്റിയ സമയമെന്ന് അദ്ദേഹം പറഞ്ഞു.
ദുരന്ത നിവാരണ അതോറിറ്റിയുമായി കൂടിക്കാഴ്ച നടത്തിയെന്നും കഴിഞ്ഞ മാസത്തില്‍ ലോക്ഡൗണിലൂടെ നേടിയ നേട്ടം നഷ്ടപ്പെടാതിരിക്കാന്‍, തുറക്കുന്നത് മന്ദഗതിയിലായിരിക്കണമെന്നാണ് എല്ലാവരുടെയും അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊവിഡ് നിയന്ത്രണങ്ങളുടെ മാര്‍ഗനിര്‍ദേശം ജൂണ്‍ 30 വരെ കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരണം എന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.
10 ശതമാനത്തില്‍ കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയാല്‍ മാത്രമെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ പാടുള്ളൂ എന്നാണ് നിര്‍ദ്ദേശം.
ഉചിതമായ സമയത്ത് മാത്രമേ ലോക്ഡൗണ്‍ പിന്‍വലിക്കാവു. അതും ഘട്ടം ഘട്ടമായി വേണം ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ എന്നാണ് നിര്‍ദ്ദേശം.
ഏപ്രില്‍ 29 ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ രോഗവ്യാപനവും പുതിയ രോഗികളുടെ എണ്ണവും കുറയ്ക്കാന്‍ സാധിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തി.