ബിരുദദാന ചടങ്ങിന് പുതിയ ഡ്രസ് കോഡ്; കൊളോണിയല്‍ വസ്ത്രങ്ങള്‍ക്കെതിരെ കേന്ദ്ര മന്ത്രാലയം
national news
ബിരുദദാന ചടങ്ങിന് പുതിയ ഡ്രസ് കോഡ്; കൊളോണിയല്‍ വസ്ത്രങ്ങള്‍ക്കെതിരെ കേന്ദ്ര മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd August 2024, 10:15 pm

ന്യൂദല്‍ഹി: ബിരുദദാന ചടങ്ങുകളില്‍ ഉപയോഗിച്ചുവരുന്ന കൊളോണിയല്‍ വസ്ത്രങ്ങള്‍ക്കെതിരെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കൊളോണിയല്‍ വസ്ത്രങ്ങള്‍ നിരോധിച്ച് ബിരുദദാന ചടങ്ങുകള്‍ക്കായി പുതിയ ഡ്രസ് കോഡ് തയ്യാറാക്കണമെന്നാണ് നിര്‍ദേശം. എയിംസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

യൂറോപ്പില്‍ നിന്ന് വന്ന കറുത്ത കുപ്പായവും തൊപ്പിയുമാണ് കോളേജുകളിലെ ബിരുദദാന ചടങ്ങുകളില്‍ വിദ്യാര്‍ത്ഥികള്‍ നിലവില്‍ ധരിക്കുന്നത്. എന്നാല്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ച്, സ്ഥാപനം നിലനില്‍ക്കുന്ന സംസ്ഥാനത്തിന്റെ ചരിത്രത്തിനും പൈതൃകത്തിനും പ്രാധാന്യം നല്‍കികൊണ്ടായിരിക്കണം ഡ്രസ് കോഡ്. ബ്രിട്ടീഷ് ഭരണത്തിന്റെ ശേഷിപ്പായ ഡ്രസ് കോഡിനെ ഉപേക്ഷിക്കണമെന്നും മന്ത്രാലയം പറഞ്ഞു.

മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുന്ന എയിംസ്, ഐ.എന്‍.ഐ.എസ് അടക്കമുള്ള വിവിധ സ്ഥാപനങ്ങള്‍ അവരുടെ സംസ്ഥാനത്തിന് അനുയോജ്യമായ ഇന്ത്യന്‍ പാരമ്പര്യങ്ങളോട് ഇണങ്ങിയ വസ്ത്രം ബിരുദദാന ചടങ്ങിനായി രൂപകല്‍പന ചെയ്യണമെന്നാണ് മന്ത്രാലയം അയച്ച കത്തില്‍ പറയുന്നത്.

പുതിയതായി തയ്യാറാക്കുന്ന ഡ്രസ് കോഡുകള്‍ മന്ത്രാലയത്തിന്റെ അതത് ഡിവിഷനുകള്‍ മുഖേന ആരോഗ്യ സെക്രട്ടറിയുടെ പരിഗണനക്കും അംഗീകാരത്തിനുമായി മന്ത്രാലയത്തിന് നല്‍കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു. തദ്ദേശീയമായ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ നയവുമായി ചേര്‍ന്ന് പോകുന്ന ഡിസൈനുകള്‍ അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച ‘പഞ്ച പ്രാണ്‍’ പ്രമേയത്തിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ തീരുമാനം. കൊളോണിയല്‍ പൈതൃകത്തെ ഉപേക്ഷിച്ച് ഇന്ത്യന്‍ പാരമ്പര്യത്തെ ചേര്‍ത്ത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മുന്നോട്ടുവെച്ച പ്രമേയമാണിത്.

അടുത്ത 25 വര്‍ഷത്തേക്കുള്ള രാജ്യത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്ന പഞ്ച പ്രാണ്‍ പദ്ധതിയെ കുറിച്ച് 2022ലെ സ്വതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി പരാമര്‍ശിച്ചത്. ഇത് കൊളോണിയല്‍ കാലത്തെ ജീവിത, പഠന, സാംസ്‌കാരിക രീതികള്‍ ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് തയ്യാറാക്കിയ പ്രമേയമാണ്.

Content Highlight: Union Ministry of Health and Family Welfare against colonial dresses used in graduation ceremonies