കസവ് മുണ്ടും ഷാളും ധരിച്ച് പൊലീസില്‍ നിന്ന് സല്യൂട്ട് സ്വീകരിച്ച് സുരേഷ് ഗോപി; വിമര്‍ശനം
Kerala News
കസവ് മുണ്ടും ഷാളും ധരിച്ച് പൊലീസില്‍ നിന്ന് സല്യൂട്ട് സ്വീകരിച്ച് സുരേഷ് ഗോപി; വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th June 2024, 2:01 pm

കോഴിക്കോട്: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. കസവ് മുണ്ടും ഷാളും ധരിച്ച് സുരേഷ് ഗോപി പൊലീസില്‍ നിന്ന് സല്യൂട്ട് സ്വീകരിച്ചതിനെതിരെയാണ് വിമര്‍ശനം. കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രിയായി ചുമതലയേറ്റ ശേഷം കോഴിക്കോട് എത്തിയതിന് പിന്നാലെയാണ് സംഭവം.

കോഴിക്കോട് തളി ക്ഷേത്രത്തിലും, കണ്ണൂരിലെ മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പന്‍ മഠപ്പുര എന്നീ ക്ഷേത്രങ്ങളിലും, വടകര കൊട്ടിയൂര്‍ ക്ഷേത്രത്തിലും സുരേഷ് ഗോപി ദര്‍ശനം നടത്തിയിരുന്നു.

ഇതിനിടയില്‍ ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോള്‍ ആണ് രാജവേഷത്തില്‍ കേന്ദ്രമന്ത്രി പൊലീസില്‍ നിന്ന് സല്യൂട്ട് സ്വീകരിച്ചത്.

സല്യൂട്ട് സ്വീകരിക്കാന്‍ സുരേഷ് ഗോപി സ്വീകരിച്ച ഈ വേഷം പതിറ്റാണ്ടുകള്‍ക്കപ്പുറം ഈ നാട് വലിച്ചെറിഞ്ഞ രാജവാഴ്ചയുടെയും നാഴുവാഴിത്തത്തിന്റെതുമാണ് എന്നാണ് വിമര്‍ശനം.

അതേസമയം ഒരാള്‍ ഏത് വസ്ത്രം ധരിക്കണമെന്നത് അയാളുടെ തീരുമാണ്. പക്ഷെ ഈ തീരുമാനം ആ വ്യക്തിയുടെ മൂല്യബോധത്തിന് അനുസരിച്ചുള്ളതായിരിക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

2024ല്‍ എത്തിനില്‍ക്കുമ്പോള്‍ കേരളത്തില്‍ രാജവാഴ്ച്ചയല്ലെന്ന് സംഘികള്‍ മനസിലാക്കണമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. പൊലീസിന്റെ യൂണിഫോം മാറ്റി ഭടന്മരുടെ വേഷമാക്കിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളുവെന്നും ഒരാള്‍ പ്രതികരിച്ചു. ആഭാസത്തിന്റെ ശബ്ദമെന്ന് കരുതാവുന്ന ജന്മിത്വ സംസ്‌കാരത്തില്‍ രഥയാത്ര നടത്തുന്ന കോവിമാര്‍ക്ക് മലയാള നാട് നല്‍കുന്ന ഏത് പിന്തുണയും ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നുവെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.

ക്ഷേത്ര ദര്‍ശനങ്ങള്‍ക്കിടെ മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ കല്യാശേരിയിലെ വീട്ടിലും കേന്ദ്രമന്ത്രി സന്ദര്‍ശനം നടത്തി. ബി.ജെ.പി സ്ഥാപക നേതാവായ കെ.ജി. മാരാരുടെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തിരുന്നു.

‘കണ്ണൂര്‍ ജില്ലയോട് തനിക്ക് പ്രത്യേക താത്പര്യമുണ്ട്. കണ്ണൂരും എനിക്ക് തരണം,’ എന്ന് പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സുരേഷ് ഗോപി പറഞ്ഞിരുന്നു.

Content Highlight: Union Minister of State Suresh Gopi has been widely criticizm on social media