union budget 2018
മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന്; പൊതുബജറ്റെത്തുന്നത് 4 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Feb 01, 01:57 am
Thursday, 1st February 2018, 7:27 am

ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ അവതരിപ്പിക്കും. രാവിലെ പതിനൊന്നോടെയാണ് ബജറ്റുപ്രസംഗം തുടങ്ങുക. റെയില്‍വേ ബജറ്റും പൊതുബജറ്റിന്റെ ഭാഗമായി തന്നെ അവതരിപ്പിക്കും.

നാലു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ബജറ്റെത്തുന്നത് എന്നതുകൊണ്ട് തന്നെ ജനപ്രീയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ജി.എസ്.ടി. നടപ്പായതിനുശേഷമുള്ള ആദ്യത്തെ ബജറ്റാണ് ധന മന്ത്രി ഇന്ന്
അവതരിപ്പിക്കുക. കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ വളര്‍ച്ച കുറവാണെന്ന് സാമ്പത്തിക സര്‍വേ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഈ രണ്ടു മേഖലകള്‍ക്കും ഗ്രാമീണമേഖലയ്ക്കും ഊന്നല്‍ നല്‍കുന്നതായിരിക്കും ബജറ്റ്.

വടക്കു-കിഴക്കന്‍ മേഖലയുടെ വികസനത്തിന് പ്രത്യേക പദ്ധതികളോ കൂടുതല്‍ നീക്കിയിരിപ്പോ ബജറ്റില്‍ ഉണ്ടാകും. വനിതാക്ഷേമപദ്ധതികള്‍ക്കും വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാവുമെന്നാണ് കരുതുന്നത്. സ്ത്രീത്തൊഴിലാളികള്‍ പി.എഫില്‍ അടയ്ക്കുന്ന വിഹിതം കുറയ്ക്കാനുള്ള നിര്‍ദേശം ഉണ്ടാകുമെന്ന് സൂചനയുണ്ട്.

ഇന്ധനവിലയിലെ എക്‌സൈസ് തീരുവ കുറയ്ക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റായതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ സാധ്യതയേറെയാണ്. കോര്‍പ്പറേറ്റ് നികുതിയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഇത് നാലുകൊല്ലംകൊണ്ട് 30-ല്‍നിന്ന് 25 ശതമാനമാക്കുമെന്ന് 2015-“16-ലെ ബജറ്റില്‍ മന്ത്രി ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു.