വാഗ്ദാന പെരുമഴയുമായി കേന്ദ്ര ബജറ്റ്; കാര്‍ഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും മുന്‍ഗണന
union budget 2018
വാഗ്ദാന പെരുമഴയുമായി കേന്ദ്ര ബജറ്റ്; കാര്‍ഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും മുന്‍ഗണന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st February 2018, 12:43 pm

ന്യൂദല്‍ഹി: 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കുമെന്ന അദേഹം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. ഇ നാം പദ്ധതിയില്‍ കൂടുതല്‍ കര്‍ഷകരെ പങ്കാളികളാക്കും. കാര്‍ഷിക ക്ലസ്റ്റര്‍ വികസിപ്പിക്കും. കൂടുതല്‍ ഗ്രാമീണ ചന്തകള്‍ ആരംഭിക്കും.

കാര്‍ഷിക വിപണികളുടെ വികസനത്തിനായി 2000 കോടി രൂപ നീക്കിവെക്കും. ഭക്ഷ്യധാന്യ സംസ്‌കരണത്തിനുള്ള ബജറ്റ് വിഹിതവും ഇരട്ടിയാക്കിയിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി ബജറ്റ് വിഹിതമായി 500 കോടി നീക്കിവെച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി വിപുലീകരിച്ച് ഫിഷറീസ് മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകരേയും ഉള്‍പ്പെടുത്തും.

ഫിഷറീസ്-മൃഗസംരക്ഷണ മേഖലയ്ക്ക് ബജറ്റ് വിഹിതം 1000 കോടിയാക്കി. കാര്‍ഷിക ഉത്പാദന മേഖലയിലെ കമ്പനികളുടെ നികുതി ഘടന പരിഷ്‌കരിക്കുമെന്നും ജെയ്റ്റ്‌ലി വാഗ്ദാനം ചെയ്തു. 42 പുതിയ അഗ്രോ പാര്‍ക്കുകള്‍ തുടങ്ങും. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അവസരമൊരുക്കും. സൗഭാഗ്യ പദ്ധതി പ്രകാരം നാല് കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി. ഉജ്ജ്വല യോജനയിലൂടെ എട്ട് കോടി ഗ്രാമീണ സ്ത്രീകള്‍ക്ക് സൗജന്യ പാചക വാതക കണക്ഷന്‍ നല്‍കും.

നോട്ടു നിരോധനം നികുതി അടവ് വര്‍ദ്ധിപ്പിച്ചെന്നും ഇടനിലക്കാരെ ഒഴിവാക്കിയെന്നും അവകാശപ്പെട്ട മന്ത്രി അഴിമതി കുറയ്ക്കാന്‍ കഴിഞ്ഞെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ എത്തിക്കാനായെന്നും അവകാശപ്പെട്ടു.

രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനു ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയെന്ന പേരില്‍ പുതിയ പരിപാടി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. 24 പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളേജ്.

ക്ഷയരോഗികള്‍ക്ക് 600 കോടിയുടെ പോഷകാഹാര പദ്ധതി. അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ ഹെല്‍ത്ത് കവറേജ്. നാലു കോടി ദരിദ്രര്‍ക്ക് സൗജന്യ വൈദ്യുതി എത്തിക്കും. പട്ടികജാതി പട്ടികവര്‍ഗ ക്ഷേമപദ്ധതികള്‍ക്കുള്ള തുക 50 ശതമാനം വര്‍ദ്ധിപ്പിച്ചു. സ്‌കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡിന് പകരം ഡിജിറ്റല്‍ ബോര്‍ഡ്.

വഡോദരയില്‍ റെയില്‍വേ യൂണിവേഴ്സിറ്റി. ആദിവാസി കുട്ടികള്‍ക്ക് ഏകലവ്യ സ്‌കൂളുകള്‍. 2022 ഓടെ എല്ലാവര്‍ക്കും വീട്. ദല്‍ഹിയില്‍ മലിനീകരണം നിയന്ത്രിക്കാന്‍ പദ്ധതി, ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതിക്ക് 500 കോടി.