ബെഗളൂരു: ബലാത്സംഗ കേസ് പ്രതിയും സ്വയം പ്രഖ്യാപിത സന്യാസിയുമായ നിത്യാനന്ദയ്‌ക്കെതിരെ നടപടിയെടുക്കുന്നതില്‍ കാലതാമസം വരുത്തി കര്‍ണാടക പൊലീസ്. നിത്യാനന്ദ ആത്മീയ യാത്രയിലാണെന്നും അതുകൊണ്ട് ഇപ്പോള്‍ സമന്‍സ് കൈമാറാന്‍ കഴിയില്ലെന്നുമാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് പൊലീസ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. നിത്യാനന്ദക്കെതിരായ മറ്റൊരു കേസില്‍ അനുവദിച്ച ജാമ്യം റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്.
നിത്യാനന്ദയ്‌ക്കെതിരെ ഇന്റര്‍പോള്‍ നേരത്തെ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കാണാതാവുകയോ തിരിച്ചറിയപ്പെടാത്ത കുറ്റവാളികളെ കണ്ടു പിടിക്കാനോ ആയി പുറപ്പെടുവിക്കുന്ന നോട്ടീസായ ബ്ലൂ കോര്‍ണര്‍ നോട്ടീസാണ് പുറപ്പെടുവിച്ചത്.
ലൈംഗികാതിക്രമം, പെണ്‍കുട്ടികളെ തട്ടികൊണ്ടു പോകല്‍ എന്നീ കുറ്റ കൃത്യങ്ങളില്‍ ആരോപണ വിധേയനായ നിത്യാനന്ദ താന്‍ ദൈവമാണെന്ന് സ്വയം പ്രഖ്യാപിച്ച് രാജ്യം വിട്ടിരിക്കുകയാണ്.
നിത്യാനന്ദ എവിടെയാണെന്ന് ഇതുവരെ പൊലീസിന് കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇടക്കിടക്ക് സാമൂഹ്യമാധ്യമങ്ങളില്‍ ഇയാളുടെ വീഡിയോ ഇറങ്ങുന്നുണ്ട്.
ഡിസംബറില്‍ നിത്യാനന്ദയുടെ പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ഇയാള്‍ രാജ്യം വിട്ട ഇയാള്‍ ഇക്വഡോറില്‍ കൈലാസം എന്ന പേരില്‍ സ്വന്തം രാജ്യം ഉണ്ടാക്കിയതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ഇക്വഡോര്‍ എംബസി നിരസിച്ചിരുന്നു.