Cricket
'അവന്‍' ഉദ്ദേശിച്ചാല്‍ അക്തറിന്റെ റെക്കോഡ് ഞാന്‍ തകര്‍ക്കും; ഉമ്രാന്‍ മാലിക്
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jun 04, 01:15 pm
Saturday, 4th June 2022, 6:45 pm

ഈ ഐ.പി.എല്ലില്‍ പേസ് കൊണ്ട് എതിരെ നില്‍ക്കുന്ന ബാറ്റര്‍മാരെ വിറപ്പിച്ച യുവതാരമായിരുന്നു ഉമ്രാന്‍ മാലിക്. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളത്തിലറിങ്ങിയ ഉമ്രാനായിരുന്നു ഈ സീസണിലെ രണ്ടാമത്തെ പേസ് കൂടിയ പന്തെറിഞ്ഞത്.

ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും പേസ് എറിഞ്ഞതും ഉമ്രാന്‍ തന്നെയായിരുന്നു. 150കി.മി ന് മുകളില്‍ സ്ഥിരമായി പന്തെറിയാന്‍ താരത്തിന് സാധിച്ചിരുന്നു. ലോക ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന പേസില്‍ പന്തെറിഞ്ഞത് പാകിസ്ഥാന്‍ ഇതിഹാസം ഷോയിബ് അക്തറാണ്.

2003 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 161.3 കിലോമീറ്റര്‍ വേഗത്തിലെറിഞ്ഞതാണ് ക്രിക്കറ്റിലെ വേഗം കൂടിയ ബോള്‍. ഈ റെക്കോഡ് തകര്‍ക്കാന്‍ സാധിക്കുമെന്നാണ് ഇന്ത്യന്‍ യുവതാരം വിശ്വസിക്കുന്നത്.

അള്ളാഹു ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആ റെക്കോഡ് തനിക്ക് തകര്‍ക്കാന്‍ സാധിക്കുമെന്നാണ് താരം പറയുന്നത്.

‘ഞാന്‍ ആ റെക്കോര്‍ഡ് നോക്കുന്നില്ല, കാരണം എന്റെ ഫിറ്റ്നസ് നിലനിര്‍ത്താനും ദക്ഷിണാഫ്രിക്കക്കെതിരെ 150 കിലോമീറ്റര്‍ വേഗതയില്‍ ബൗള്‍ ചെയ്യാനുമാണ് ഞാന്‍ ശ്രമിക്കുന്നത്. അള്ളാഹു ഉദ്ദേശിച്ചാല്‍ ഞാന്‍ റെക്കോര്‍ഡ് തകര്‍ക്കും, അല്ലാത്തപക്ഷം ഇല്ലാ,’ അദ്ദേഹം പറഞ്ഞു.

ഉമ്രാന്റെ ഏറ്റവും വേഗമേറിയ ഡെലിവറി 157 കിലോമീറ്ററായിരുന്നു. ന്യൂസ് 24-ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അക്തറിന്റെ റെക്കോഡ് ഭേദിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഉമ്രാന്റെ മറുപടി

22 വയസുകാരനായ ഉമ്രാന് സ്ഥിരമായി 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ സാധിച്ചിരുന്നു. ഐ.പി.എല്‍ 2022-ല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ ഒരാളായിരുന്നു ഈ യുവതാരം. ദക്ഷിണാഫ്രിക്കക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ദേശീയ ടീമില്‍ ഇടം നേടാന്‍ ഉമ്രാന് സാധിച്ചു.

ഹൈദരാബാദിനായി താരം സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റ് വീഴ്ത്തിയിരുന്നു. ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഡെലിവറി എന്ന ഷൊയ്ബ് അക്തറിന്റെ റെക്കോര്‍ഡ് ഉമ്രാന് തകര്‍ക്കാന്‍ കഴിയുമെന്നാണ് പല ആരാധകരും കരുതുന്നത്.

ജൂണ്‍ 9ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയില്‍ ഉമ്രാന്‍ ഇടം നേടിയിരുന്നു. സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ വിശ്രമത്തിലായതിന്റെ സാഹചര്യത്തില്‍ ഉമ്രാന്‍ മാലിക്കിനെ ആദ്യ ഇലവനില്‍ പ്രതീക്ഷിക്കാം.

Content Highlights: Umran Malik Says he can beat Akthars record of fastest delivery if Allah wills