കോഴിക്കോട്: ‘കാടു പൂക്കുന്ന നേരം’ എന്ന സിനിമയിലെ മാവോയിസത്തെക്കുറിച്ച് പറയുന്ന സംഭാഷണം ഫേസ്ബുക്കില്‍ പങ്കുവെച്ചതിനു വിശദീകരണം നല്‍കേണ്ടി വന്ന സംഭവത്തില്‍ പ്രതികരിച്ച് പോസ്റ്റ് പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഉമേഷ് വള്ളിക്കുന്ന്.
ആ സിനിമയില്‍ കാണാന്‍ പാടില്ലാത്ത ഭാഗമുണ്ടെങ്കില്‍ അത് സെന്‍സര്‍ ബോര്‍ഡ് തീരുമാനിക്കേണ്ട വിഷയമാണെന്നും ഉമേഷ് വള്ളിക്കുന്ന് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
“ഞാന്‍ സംഭാഷണഭാഗം പങ്കുവെച്ച കാടു പൂക്കുന്ന നേരം ഇന്ത്യന്‍ സിനിമ അംഗീകരിച്ച സിനിമയാണ്. 5 സംസ്ഥാന അവാര്‍ഡുകളും ഒരു നാഷണല്‍ അവാര്‍ഡും പനോരമ അവാര്‍ഡും കിട്ടിയ സിനിമയാണ് കാടു പൂക്കുന്ന നേരം.
ആ സിനിമ ഇഷ്ടപ്പെട്ടതു കൊണ്ടാണ് ഷെയര്‍ ചെയ്തത്. ഇഷ്ടപ്പെട്ടു എന്നു മാത്രമേ എഴുതിയിട്ടുള്ളൂ.
ഇഷ്ടപ്പെടാനുള്ള കാരണം, കേരളത്തിലെ ഏത് പൊലീസുകാരനോടും ആരാണ് മാവോയിസ്റ്റ് എന്നു ചോദിച്ചാല്‍ ഇതേ ഉത്തരമായിരിക്കും പറയുക. മാവോയിസം വേറെ, കേരളത്തിലെ മാവോയിസം എന്നു പറയുന്ന സംഭവം വേറെ.
പുസ്തകം വായിക്കുന്നവരും എഴുതുന്നവരും ചോദ്യം ചോദിക്കുന്നവരും മാവോയിസ്റ്റുകളാണെന്നുള്ള ധാരണയാണിപ്പോഴുള്ളത്. ഇത്തരം സിനിമകള്‍ക്ക് പകരം പുലിമുരുകനും ലൂസിഫറും പോലുള്ള പൊലീസുകാരന്റെ നെഞ്ചത്തു കയറുന്ന സിനിമകള്‍ മാത്രം കണ്ടാല്‍ പോരല്ലോ.”- ഉമേഷ് വള്ളിക്കുന്ന് പറഞ്ഞു.
ഇതിനു മുമ്പ് ശബരിമല വിഷയത്തില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ ക്രമസമാധാനം സ്ഥാപിക്കുന്നതില്‍ പിഴവുപറ്റി എന്ന് അഭിപ്രായപ്പെട്ടതിനു ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിരുന്നു.
ആ സംഭവത്തിലെ കാര്യങ്ങള്‍ ഇപ്പോള്‍ വിശദീകരണം ചോദിച്ചുകൊണ്ടുള്ള കത്തില്‍ പരാമര്‍ശിച്ചത് രീതി ശരിയല്ല. പിന്നെ അതില്‍ ഉപയോഗിച്ച ഭാഷയിലും പോരായ്മകളുണ്ട്. വിശദീകരണം 12ാം തീയതി തന്നെ ഞാന്‍ നല്‍കിയിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.
ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത കാടു പൂക്കുന്ന നേരം എന്ന സിനിമയിലെ മാവോയിസ്റ്റ്, യു.എ.പി.എ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമയിലെ രണ്ടു കഥാപാത്രങ്ങളുടെ ഡയലോഗുകളാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഷെയര്‍ ചെയ്തിരുന്നത്.
‘കാടു പൂക്കുന്ന നേരം എന്ന സിനിമയിലെ ഏറ്റവും ആകര്‍ഷിച്ച ഭാഗങ്ങളിലൊന്ന് ഈ സംഭാഷണമായിരുന്നു. മൂന്നു വര്‍ഷം കഴിയുമ്പോഴും അത് കേരളത്തിന്റെ നെഞ്ചില്‍ കത്തിനില്‍ക്കുന്നു’ എന്ന കുറിപ്പോടെയാണ്‌പോസ്റ്റ് ഉമേഷ് ഷെയര്‍ ചെയ്തിരുന്നത്. ഇതേപ്പറ്റി കോഴിക്കോട് കമ്മീഷണര്‍ എ.വി ജോര്‍ജ് വിശദീകരണം തേടിയിട്ടുണ്ട്. യു.എ.പി.എക്ക് എതിരെയുള്ള നടപടികളെ എതിര്‍ക്കുന്നെന്ന സൂചന നല്‍കുന്ന പോസ്റ്റെന്നാണ് ഇതിനെക്കുറിച്ച് കമ്മീഷണര്‍ വിശദീകരിക്കുന്നത്.
ഉമേഷ് വള്ളിക്കുന്നിനെതിരെയുള്ള മുന്‍ നടപടി
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ജനുവരിയില്‍ ശബരിമല കര്‍മ്മ സമിതി ഹര്‍ത്താല്‍ നടത്തിയിരുന്നു.
ഹര്‍ത്താലില്‍ മിഠായിത്തെരുവിലുണ്ടായ ആക്രമണങ്ങളില്‍ അന്നത്തെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
ഇതിനു പിന്നാലെയായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറും ജില്ലാ പൊലീസ് മേധാവിയുമായിരുന്ന എസ്. കാളിരാജ് മഹേഷ് കുമാറിനെ സ്ഥലം മാറ്റുകയും ചെയ്തു. അന്ന് സജ്ജയ്കുമാര്‍ ഗുരുദിനെയായിരുന്നു പകരം കോഴിക്കോട് സിറ്റി കമ്മീഷണറായി നിയമിച്ചത്.
കാളിരാജ് മഹേഷ്‌കുമാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ ഉമേഷില്‍ നിന്ന് മൊഴിയെടുത്തിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമായിരുന്നു ഉമേഷിന് സസ്‌പെന്‍ഷന്‍ വന്നത്.