Kerala News
വോട്ട് ചോദിച്ച് ഉമാ തോമസ്; മണ്ഡലത്തിന് പരിചയമുള്ള ആളാണ് നല്ലതെന്ന് മമ്മൂട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 07, 09:20 am
Saturday, 7th May 2022, 2:50 pm

കൊച്ചി: മമ്മൂട്ടിയെ കണ്ട് വോട്ട് തേടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. എറണാകുളം എം.പി ഹൈബി ഈഡനും ഉമ തോമസിനൊപ്പം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൂന്നാം ദിവസമായ ഇന്ന് മണ്ഡലത്തിലെ പ്രമുഖരെ കാണുന്നതിന്റെ ഭാഗമായാണ് ഉമ തോമസ് മമ്മൂട്ടിയെ സന്ദര്‍ശിച്ചത്.

മൂവരും ഇരുന്ന് തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ‘മണ്ഡലത്തിന് പരിചയമുള്ള ആളാണ് നല്ലത്’ എന്ന് മമ്മൂട്ടി പറയുന്നുണ്ട്. നടന്‍ രമേഷ് പിഷാരടിയും ഒപ്പമുണ്ടായിരുന്നു.

തിങ്കളാഴ്ചയാണ് ഉമ തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തൃക്കാക്കരയില്‍ ഉമ തോമസിനെ മത്സരിപ്പിക്കുന്നതിനെതിരെ വിയോജിപ്പുമായി കെ.വി. തോമസ് രമഗത്തെത്തിയിരുന്നു. എന്നാല്‍,തൃക്കാക്കരയില്‍ പി.ടി. തോമസിന്റെ ഭാര്യ തന്നെ വരണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ പൊതുവികാരമുണ്ടായിരുന്നെന്നും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷ നേതാവിനോ കെ.പി.സി.സി അധ്യക്ഷനോ എതിരഭിപ്രായം ഇല്ലാത്ത സ്ഥിതിക്ക് അനാവശ്യ ചര്‍ച്ചകള്‍ക്ക് സമയം നല്‍കാതെ എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണം എന്നായിരുന്നു വി. ഡി. സതീശന്റെ നിലപാട്.

പി.ടി. തോമസിനോടുള്ള തൃക്കാക്കരയിലെ ജനങ്ങള്‍ക്കുള്ള ആത്മബന്ധം ഉമയ്ക്ക് തുണയാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.

മുന്‍ കെ.എസ്.യു നേതാവ് കൂടിയായ ഉമ മത്സര രംഗത്തിറങ്ങുന്നതോടെ തൃക്കാക്കരയിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്നും കെ.പി.സി.സി കണക്കൂകൂട്ടുന്നു.

മെയ് 31നാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ 3ന് ഫലം പ്രഖ്യാപിക്കും.

 

 

Content Highlights: Uma Thomas asks vote from Mammootty