പ്രിസൈഡിംഗ് ഓഫീസര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തു; തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് എന്‍.വേണുഗോപാല്‍
kerala local
പ്രിസൈഡിംഗ് ഓഫീസര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തു; തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് എന്‍.വേണുഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th December 2020, 9:26 am

കൊച്ചി: പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിരെ പരാതിയുമായി കൊച്ചിയില്‍ പരാജയപ്പെട്ട യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍.വേണുഗോപാല്‍. പ്രിസൈഡിംഗ് ഓഫീസര്‍ നിയമവിരുദ്ധമായി ബി.ജെ.പിക്ക് വോട്ട് ചെയ്‌തെന്നും ഇതാണ് താന്‍ പരാജയപ്പെടാന്‍ കാരണമെന്നാണ് മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ എന്‍.വേണുഗോപാലിന്റെ ആരോപണം. ഒരു വോട്ടിനാണ് വേണുഗോപാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പത്മകുമാരിയോട് പരാജയപ്പെട്ടത്.

പ്രിസൈഡിംഗ് ഓഫീസറുടേത് നിയമവിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി വേണുഗോപാല്‍ കൊച്ചി കോര്‍പറേഷന്‍ ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനിലെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.

വോട്ടെടുപ്പു പൂര്‍ത്തിയായപ്പോള്‍ ലഭിച്ചതു 496 വോട്ടിങ് സ്ലിപ്പുകള്‍. എന്നാല്‍, വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയതു 495 വോട്ടുകള്‍ മാത്രം. ഒരു വോട്ട്, യന്ത്രത്തില്‍ കാണുന്നില്ല. തുടര്‍ന്ന്, പ്രിസൈഡിംഗ് ഓഫിസര്‍ ചട്ടങ്ങള്‍ മറികടന്നു നറുക്കിടുകയും ബി.ജെ.പി സ്ഥാനാര്‍ഥിക്കു കുറി വീഴുകയും ചെയ്തു. തങ്ങള്‍ എതിര്‍ത്തിട്ടും പ്രിസൈഡിംഗ് ഓഫിസര്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്തു. വോട്ടെണ്ണിയപ്പോള്‍ എനിക്ക് 181 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 182 വോട്ടും. പ്രിസൈഡിംഗ് ഓഫിസറുടെ നിയമവിരുദ്ധ വോട്ടിലാണു ബി.ജെ.പി സ്ഥാനാര്‍ഥി ജയിച്ചതെന്നും പരാതിയില്‍ വേണുഗോപാല്‍ ആരോപിക്കുന്നു.

കൊച്ചിയില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ എന്‍ വേണുഗോപാലിന്റെ പരാജയം തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കനത്ത തിരിച്ചടിയായിരുന്നു. വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നതിനാല്‍ ഇത് ഗ്രൂപ്പ് വഴക്കുകള്‍ക്കും കാരണമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UDF Kochi Mayor Candidate N Venugopal against Presiding Officer ask to announce the election invalid