യു.എ.പി.എ കേസില്‍ അലന്‍ ശുഹൈബ് നാളെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും; കോടതിയെ സമീപിക്കുന്നത് അലന്റെ ബന്ധുക്കള്‍
UAPA
യു.എ.പി.എ കേസില്‍ അലന്‍ ശുഹൈബ് നാളെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും; കോടതിയെ സമീപിക്കുന്നത് അലന്റെ ബന്ധുക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th November 2019, 6:08 pm

കോഴിക്കോട്: യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ശുഹൈബ് നാളെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. അമ്മ സബിത മഠത്തിലും മാതൃ സഹോദരി സജിത മഠത്തിലും കൊച്ചിയില്‍ എത്തി വക്കാലത്തു നല്‍കി.  എന്നാല്‍ താഹ ഫസലിന്റെ കുടുംബത്തിന്റെ ഭാഗത്തു നിന്നും ജാമ്യത്തിനുള്ള നീക്കം നടക്കുന്നതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കയ്യില്‍ വെച്ചെന്നാരോപിച്ചാണ് സി.പി.ഐ.എം പ്രവര്‍ത്തകരായ അലന്‍ ശുഹൈബിനേയും താഹ ഫസലിനെയും  ഒന്നാം തിയതി വൈകീട്ട് യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ നിയമത്തിലെ 20, 38, 39 വകുപ്പുകളായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യു.എ.പി.എ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കി കോടതി അലനും താഹയ്ക്കും ജാമ്യം നിഷേധിച്ചിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികള്‍ പുറത്തുപോകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രാസിക്യൂഷന്‍ വാദിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന വാദത്തിനൊടുവിലാണ് കോടതിയുടെ ഉത്തരവ്.

കേസില്‍ പിടിച്ചെടുത്ത തെളിവുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും ഇരുവരില്‍ നിന്നും പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. യു.എ.പി.എ വകുപ്പുകള്‍ ചുമത്തിയത് തെളിവുകളോടെയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ