ഇസ്താംബൂള്‍: രണ്ട് ബ്രിട്ടീഷ് പൗരന്മാരെ ജയിലില്‍ വെച്ച് പീഡിപ്പിച്ചു എന്ന ആരോപണം നേരിടുന്നതിനിടെ യു.എ.ഇ പൊലീസ് മേധാവിയും ആഭ്യന്തര മന്ത്രാലയം ജനറല്‍ ഇന്‍സ്‌പെക്ടറുമായ മേജര്‍ ജനറല്‍ അഹ്‌മദ് നാസര്‍ അല്‍-റൈസിയെ ഇന്റര്‍പോള്‍ മേധാവിയായി നിയമിച്ചു. വ്യാഴാഴ്ച റൈസിയെ ഔദ്യോഗികമായി തെരഞ്ഞെടുത്തത് സംബന്ധിച്ച പ്രസ്താവന ഇന്റര്‍പോള്‍ പുറത്തുവിട്ടു.
ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും റൈസിക്കെതിരെ വ്യാപകമായി വിമര്‍ശനമുയരുന്നതിനിടെയാണ് ഇന്റര്‍പോള്‍ നടപടി. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വെച്ച് നടക്കുന്ന ഇന്റര്‍പോളിന്റെ ജനറല്‍ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പിലൂടെയാണ് റൈസിയെ തെരഞ്ഞെടുത്തത്.
”യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ മിസ്റ്റര്‍ അഹ്‌മദ് നാസര്‍ അല്‍-റൈസിയെ ഇന്റര്‍പോള്‍ പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുന്നു,” അന്താരാഷ്ട്ര പൊലീസ് ഏജന്‍സി അവരുടെ ട്വിറ്റര്‍ പേജ് വഴി അറിയിച്ചു.
നാല് വര്‍ഷമാണ് പ്രസിഡന്റ് പദവിയുടെ കാലാവധി.
തുര്‍ക്കിയിലും ഫ്രാന്‍സിലും നിലവില്‍ റൈസിക്കെതിരെ കേസുകളുണ്ട്. യു.എ.ഇയില്‍ വെച്ച് തടവിലാക്കപ്പെടുകയും പീഡനം നേരിടേണ്ടി വരികയും ചെയ്ത മാത്യു ഹെഡ്‌ജെസ്, അലി ഇസ്സ അഹ്‌മദ് എന്നീ രണ്ട് ബ്രിട്ടീഷ് പൗരന്മാരാണ് യൂണിവേഴ്സല്‍ ജൂറിസ്ഡിക്ഷന്‍ പ്രകാരം ഇരുരാജ്യങ്ങളിലും റൈസിക്കെതിരെ കേസ് ഫയല്‍ ചെയ്തത്.
വിഷയത്തിന്മേല്‍ ബ്രിട്ടീഷ് സര്‍ക്കാരും അറ്റോര്‍ണിയും യു.എ.ഇ സര്‍ക്കാരിനോട് നിരന്തരം അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അത് പരിഗണിച്ചിരുന്നില്ല. മുമ്പും ഇയാള്‍ക്കെതിരെ നിരവധി ചൂഷണപരാതികള്‍ ഉയര്‍ന്ന് വന്നിരുന്നു.
റൈസിയെ ഇന്റര്‍പോള്‍ മേധാവിയായി തെരഞ്ഞെടുത്താലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മൂന്ന് യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങള്‍ നേരത്തേ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന് കത്തയച്ചിരുന്നു. റൈസി പ്രസിഡന്റായാല്‍ അത് ഇന്റര്‍പോളിന്റെ പ്രഖ്യാപിത ലക്ഷ്യത്തേയും സംഘടനയുടെ യശസ്സിനേയും മോശമായി ബാധിക്കും എന്നായിരുന്നു കത്തില്‍ പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അടക്കമുള്ള 19 എന്‍.ജി.ഒകള്‍ ചേര്‍ന്ന് റൈസിയെ ഇന്റര്‍പോള്‍ മേധാവിയായി തെരഞ്ഞെടുക്കാന്‍ പോകുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. വിമര്‍ശകരെ ഉന്നംവെച്ച് പ്രവര്‍ത്തിക്കുന്ന ഒരു സുരക്ഷാസേനയുടെ തലവനാണ് റൈസി എന്നായിരുന്നു അവര്‍ പറഞ്ഞത്.
2018ല്‍ ഗവേഷണത്തിന്റെ ഭാഗമായി ദുബായിലേക്ക് യാത്ര ചെയ്തപ്പോഴായിരുന്നു മാത്യു ഹെഡ്ജസിനെ അറസ്റ്റ് ചെയ്തത്. ബ്രിട്ടീഷ് സര്‍ക്കാരിന് വേണ്ടി ചാരപ്രവര്‍ത്തി നടത്തി എന്ന പേരിലായിരുന്നു അറസ്റ്റ്. പിന്നീട് അദ്ദേഹത്തെ ഏകാന്ത തടവിലാക്കുകയും ഉപദ്രവിക്കുകയുമായിരുന്നു.
പിന്നാലെ നിര്‍ബന്ധിച്ച് കുറ്റസമ്മതം എഴുതിവാങ്ങിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ഹെഡ്ജസിനെ ജീവപര്യന്തം തടവിന് വിധിച്ചുവെങ്കിലും അന്താരാഷ്ട്ര സമ്മര്‍ദത്തെത്തുടര്‍ന്ന് 2018 നവംബറില്‍ വെറുതെ വിടുകയായിരുന്നു.
2019 ജനുവരിയില്‍ ഏഷ്യാകപ്പ് ഫുട്‌ബോള്‍ മത്സരം കാണുന്നതിനായി ദുബായിലെത്തിയ സമയത്താണ് അലി ഇസ്സ അഹ്‌മദിനെ അറസ്റ്റ് ചെയ്തത്. യു.എ.ഇയുടെ ചിരവൈരികളായ ഖത്തറിന്റെ ജഴ്‌സി ധരിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്നാണ് കരുതിയിരുന്നതെങ്കിലും യു.എ.ഇ അത് നിഷേധിച്ചിരുന്നു.
‘പൊലീസുകാരുടെ സമയം നഷ്ടപ്പെടുത്തി’എന്ന പേരില്‍ പിഴയടപ്പിച്ച ശേഷം 2019 ഫെബ്രുവരിയില്‍ അഹ്‌മദിനെ മോചിപ്പിച്ചെങ്കിലും തടവിലായിരുന്ന സമയത്ത് മാനസികമായും വംശീയപരമായും അധിക്ഷേപിച്ചെന്നും ഷോക്കേല്‍പ്പിക്കുകയും ശരീരം പൊള്ളിക്കുകയും ചെയ്‌തെന്നുമാണ് പരാതിയില്‍ പറയുന്നത്.
തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ക്രിമിനലുകള്‍ക്ക് വേണ്ടിയുള്ള ഇന്റര്‍പോളിന്റെ ‘റെഡ് നോട്ടീസ്’ സിസ്റ്റം യു.എ.ഇ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയും പുതിയ നിയമനത്തിലുണ്ട്.