ഭീകരാക്രമണ സൂചന; തുര്‍ക്കിയിലേക്കുള്ള വിസ സര്‍വീസുകള്‍ നിര്‍ത്തിവെച്ച് അമേരിക്ക
World News
ഭീകരാക്രമണ സൂചന; തുര്‍ക്കിയിലേക്കുള്ള വിസ സര്‍വീസുകള്‍ നിര്‍ത്തിവെച്ച് അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd October 2020, 7:04 pm

അങ്കാര: അമേരിക്കന്‍ പൗരന്‍മാര്‍ക്ക് തുര്‍ക്കിയിലേക്കുള്ള വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെച്ച് അങ്കാരയിലെ അമേരിക്കന്‍ എംബസി. ഇസ്താംബൂളില്‍ വെച്ച് അമേരിക്കന്‍ പൗരന്‍മാരെ തട്ടിക്കൊണ്ടു പോവാനും ഭീകരാക്രമണത്തിനും ശ്രമം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

‘യു.എസ് പൗരന്‍മാരെ ലക്ഷ്യം വെച്ച് തീവ്രവാദ ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലിനും ഇസ്താംബൂളില്‍ പദ്ധതിയുള്ളതായി വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്,’ തുര്‍ക്കിയിലെ അമേരിക്കന്‍ എംബസി പുറത്തു വിട്ട അറിയിപ്പില്‍ പറയുന്നു.

ഒപ്പം ഇസ്താംബൂളിന് പുറമെ തുര്‍ക്കിയിലെ മറ്റിടങ്ങളിലും അമേരിക്കന്‍ പൗരന്‍മാര്‍ക്കെതിരെ ആക്രമണ പദ്ധതി നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുര്‍ക്കിയിലെ നിലവിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് അറിയിപ്പെന്ന് എംബസി പ്രതിനിധി റോയിട്ടേഴ്‌സിനോട് പറഞ്ഞു. വാര്‍ത്തയോട് ഇതുവരെ തുര്‍ക്കി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

2017 ല്‍ ഇസ്താംബൂളിലെ ഒരു നൈറ്റ് ക്ലബില്‍ നടന്ന വെടിവെപ്പില്‍ 39 പേരാണ് കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം അന്ന് ഐ.എസ് ഏറ്റെടുത്തിരുന്നു.

Content Highlight: U.S. suspends Turkey visa services after reports on potential attacks