[]ന്യൂദല്‍ഹി: ##യു.എസ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ഇന്ത്യന്‍ എംബസിയില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. മറ്റ് 37 രാജ്യങ്ങളിലെ എംബസിയില്‍ നിന്നും യു.എസ് വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട്. ഇതിലാണ് ഇന്ത്യയും ഉള്‍പ്പെടുന്നത്. []
വിവരങ്ങള്‍ ചോര്‍ത്താനായി യു.എസ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി വിദഗ്ധമായ മാര്‍ഗങ്ങളാണ് സ്വീകരിച്ചതെന്നും ##ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രാന്‍സ്മിഷന്‍ കേബിളുകള്‍ വഴിയും ഇന്റര്‍നെറ്റ്, മൊബൈല്‍ സംവിധാനങ്ങളില്‍ നിന്നുമാണ് എന്‍.എസ്.എ വിവരങ്ങള്‍ ചോര്‍ത്തിക്കൊണ്ടിരുന്നത്.
ആന്റിനയടക്കമുള്ള ഇലക്‌ട്രോണിക് സംവിധാനമുപയോഗിച്ചാണ് എംബസിയില്‍നിന്ന് വിദേശമന്ത്രലയത്തിലേക്ക് അയയ്ക്കുന്ന രഹസ്യങ്ങള്‍ ചോര്‍ത്തിയത്. എംബസിയില്‍ പ്രത്യേക ഫാക്‌സ് യന്ത്രവും ഇതിനായി ഉപയോഗിച്ചു.
അമേരിക്കയുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് ഫോറിന്‍ ഇന്റലിജന്‍സ് സര്‍വെലിയന്‍സ് കോര്‍ട്ടിന്റെ അനുമതിയോടെ ആഗോളതലത്തില്‍ അമേരിക്ക വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് പ്രസിഡന്റ് ഒബാമയെ പിന്തുണച്ചുകൊണ്ട് നാഷണല്‍ ഇന്റലിജന്‍സ് ഡയരക്ടറായ ജെയിംസ് ക്ലാപ്പര്‍ പറഞ്ഞത്.
അമേരിക്കയുമായി സൗഹൃദമുള്ള എല്ലാ രാജ്യങ്ങളടെയും വിവരങ്ങള്‍ യു.എസ് ചോര്‍ത്തിയതായാണ് വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ പുറമെ സൗഹൃദം നടിച്ച് രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന സൗഹൃദങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല പറഞ്ഞു.
എന്നാല്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നും യു.എസ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ ഇതുവരെ ഇന്ത്യ തയ്യാറായിട്ടില്ല.
ഡ്രോപ്‌മെയര്‍ എന്നാണ് യു.എസ് വിവരം ചോര്‍ത്തലിന് നല്‍കിയ പേര്. 2007 ലെ വിവരങ്ങളാണ് അധികവും ചോര്‍ത്തിയത്.
പ്രധാനമായും രാജ്യത്തെ പ്രതിരോധ വിവരങ്ങളാണ് അമേരിക്ക ചോര്‍ത്തിയതെന്നാണ് അറിയുന്നത്, ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ്, ജപ്പാന്‍, മെക്‌സിക്കോ, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധ വിവരങ്ങളും അമേരിക്ക ചോര്‍ത്തിയതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.