വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ് പിന്നിലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട്. ഇതുവരെ പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍.
ഞായറാഴ്ച്ച് പുറത്തുവന്ന മൂന്ന് സര്‍വെ റിപ്പോര്‍ട്ടുകള്‍ പ്രകാരം റിപബ്ലിക് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹാരിസിന്റെ ലീഡ് വളരെ കുറവാണെന്നാണ് സര്‍വെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്‍.ബി.സി ന്യൂസിന്റെ പോളുകള്‍ പ്രകാരം രണ്ട് സ്ഥാനാര്‍ത്ഥികളും ദേശീയ തലത്തില്‍ 48% വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നുണ്ട്. കഴിഞ്ഞ മാസത്തേക്കാള്‍ ഇത്തവണ കമലാ ഹാരിസിന്റെ ലീഡ് അഞ്ച് പോയിന്റ് കുറഞ്ഞിട്ടുണ്ട്.
എ.ബി.സി ന്യൂസ്/ഇപ്സോസ് പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള വോട്ടര്‍മാരില്‍ 48 ശതമാനം മുതല്‍ 50 വരെ ജനങ്ങള്‍ ഹാരിസിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ മാസം ഇത് 46 മുതല്‍ 52ശതമാനം വരെയായിരുന്നു.
സി.ബി.സി ന്യൂസ്/യൂഗവ് പുറത്ത് വിട്ട റിപ്പോര്‍ട്ടുകളില്‍ 48 മുതല്‍ 51 ശതമാനം ആളുകളാണ് ഹാരിസിനെ പിന്തുണയ്ക്കുന്നത്. എന്നാല്‍ കഴിഞ്ഞ മാസത്തേക്കാള്‍ നാല് പോയിന്റ് കുറവാണത്. റിയല്‍ ക്ലിയര്‍ പോളിങ്ങിന്റെ റിപ്പോര്‍ട്ടില്‍ 0.8 ശതമാനത്തിന്റെ കുറവാണ് ഒരാഴ്ച്ചക്കുള്ളില്‍ ഹാരിസിന്റെ ജനസമ്മിതിയില്‍ ഉണ്ടായിരിക്കുന്നത്.
തുടക്കത്തില്‍ ജനപിന്തുണയില്‍ മുന്നിട്ട് നിന്ന് കമലാ ഹാരിസിന്റെ പിന്തുണ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ കുറയുന്നതില്‍ ഡെമോക്രാറ്റിക് ക്യാമ്പുകളില്‍ ആശങ്ക വര്‍ധിക്കുന്നുണ്ട്. പാര്‍ട്ടിയുടെ രണ്ട് പ്രധാന മേഖലകളായ ഹിസ്പാനിക്കുകള്‍ക്കും ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കും ഇടയില്‍ സ്വാധീനം ചെലുത്തുന്നതില്‍ കമല പരാജയപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട സര്‍വെയില്‍ കമല 78 ശതമാനം കറുത്തവര്‍ഗക്കാരുടെയും 56 ശതമാനം ഹിസ്പാനിക് വോട്ടര്‍മാരുടെയും പിന്തുണ നേടിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത് മുന്‍ വര്‍ഷങ്ങളിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ നേടിയതിനേക്കാള്‍ വളരെ കുറവാണ്.
എന്നാല്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള സ്ത്രീ വോട്ടര്‍മാര്‍ക്കിടയിലും ഹാരിസ് മുന്നിട്ടുനില്‍ക്കുന്നുണ്ടെങ്കിലും ആഫ്രിക്കന്‍ അമേരിക്കക്കാര്‍, ഹിസ്പാനിക്കുകള്‍ എന്നീ വിഭാഗങ്ങള്‍ക്കിടയിലെ പുരുഷന്‍മാര്‍ക്കിടയില്‍ ഹാരിസിന് സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല. ഇവര്‍ക്കിടയില്‍ ട്രംപിന്റെ പിന്തുണ വര്‍ധിച്ചിട്ടുമുണ്ട്.