വാഷിംഗ്ടണ്‍: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ടീമിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഉപരോധവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. റഷ്യയിലെ അഴിമതിക്കെതിരെ സംസാരിച്ചതിനാണ് നവാല്‍നിയെ വധിക്കാന്‍ ശ്രമിച്ചതെന്ന് അമേരിക്ക പറഞ്ഞു.
നവാല്‍നിക്ക് നേരെ നടന്ന വധശ്രമം റഷ്യ രാസായുധങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ലോകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്ന സന്ദേശമാണ് നല്‍കുന്നത് എന്ന് അമേരിക്ക പറഞ്ഞു.
ഏഴ് റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ റഷ്യയുമായി ബന്ധപ്പെട്ട 14 സ്ഥാപനങ്ങള്‍ക്കും ഉപരോധമുണ്ട്. ഒരു സര്‍ക്കാര്‍ ഗവേഷണ സ്ഥാപനത്തിനും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി.
യുറോപ്യന്‍ യൂണിയനും അമേരിക്കയ്‌ക്കൊപ്പം റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ കടുത്ത നിലപാടാണ് ബൈഡന്‍ റഷ്യയോട് സ്വീകരിക്കാന്‍ പോകുന്നത് എന്നതിന്റെ സൂചനയാണ് ഈ നീക്കമെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തി.
അമേരിക്കന്‍ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി റഷ്യ രംഗത്തെത്തി. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കയറി ഇടപെടുകയാണ് യു.എസ് എന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സൈബീരിയയില്‍ നിന്നും മോസ്‌കോവിലേക്കുള്ള വിമാനയാത്രക്കിടെയാണ് അലക്സി നവാല്‍നിയ്ക്ക് വിഷബാധയേറ്റത്. തുടര്‍ന്ന് ഇദ്ദേഹം ആഴ്ചകളോളം കോമയിലായിരുന്നു.വിമാനയാത്രയ്ക്കിടയില്‍ ഇദ്ദേഹത്തിന് ചായയില്‍ നിന്ന് വിഷബാധയേറ്റുവെന്നാണ് റിപ്പോര്‍ട്ട്.റഷ്യയില്‍ സെപ്തംബറില്‍ നടക്കാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പ് പ്രചരണവും അലക്സി നവാല്‍നിയ്ക്ക് സംഭവിച്ച അപകടവും തമ്മില്‍ ബന്ധമുണ്ടെന്ന് അപകടത്തിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രതിനിധികള്‍ പറഞ്ഞിരുന്നു. നിലവില്‍ നവാല്‍നി റഷ്യയില്‍ തടവിലാണ്.