Sports News
ബുദ്ധിമുട്ടുള്ള കാര്യമാണത്, ഞാന്‍ അതിനായി ശ്രമിച്ച് കൊണ്ടിരിക്കുകയാണ്: വരുണ്‍ ചക്രവര്‍ത്തി
സ്പോര്‍ട്സ് ഡെസ്‌ക്
1 day ago
Saturday, 22nd March 2025, 11:28 am

ഐ.പി.എല്ലിന് ആവേശമുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെയാണ് പതിനെട്ടാം സീസണിന് തുടക്കമാവുക. ഇന്ന് രാത്രി 7.30ന് കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാഡന്‍സിലാണ് മത്സരം നടക്കുക.

ഇപ്പോള്‍, ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ഹീറോകളില്‍ ഒരാളും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരവുമായ വരുണ്‍ ചക്രവര്‍ത്തി തന്റെ ബൗളിങ്ങിനെ കുറിച്ചും ഐ.പി.എല്‍ ടീമിനെ കുറിച്ചും സംസാരിക്കുകയാണ്.

സ്ഥിരത നേടുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമെന്നും അതിനായി താന്‍ കഠിനമായി പരിശ്രമിക്കുകയാണെന്നും വരുണ്‍ പറഞ്ഞു. ബൗളിങ്ങില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് ശ്രമം നടത്തുകയാണെന്നും മുപ്പത്തിമൂന്നുകാരനായ താരം വ്യക്തമാക്കി.

‘ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്ഥിരതയാണ്. അത് നേടിയെടുക്കാന്‍ ഞാന്‍ കഠിനമായി പരിശ്രമിക്കുകയാണ്. ബൗളിങ്ങില്‍ കുറച്ച് പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. വരാനിരിക്കുന്ന മത്സരങ്ങളില്‍ അവ നന്നായി ഉപയോഗിക്കാനാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ വരുണ്‍ പറഞ്ഞു.

തന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കുറിച്ചും വരുണ്‍ സംസാരിച്ചു. ഇത്തവണ കൊല്‍ക്കത്തയ്ക്ക് ശക്തമായ ടീമുണ്ടെന്ന് താരം പറഞ്ഞു. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഏറ്റവും മികച്ച പ്ലെയിങ് ഇലവന്‍ ലഭിച്ചാല്‍, കൊല്‍ക്കത്തയ്ക്ക് മികച്ച അവസരമുണ്ടെന്നും ഇന്ത്യന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു.

‘കൊല്‍ക്കത്തയ്ക്ക് ശക്തമായ ഒരു സ്‌ക്വാഡാണുള്ളത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഞങ്ങളുടെ ഏറ്റവും മികച്ച പ്ലെയിങ് ഇലവന്‍ ലഭിച്ചാല്‍, ഞങ്ങള്‍ക്ക് മികച്ച അവസരമുണ്ട്,’ വരുണ്‍ പറഞ്ഞു.

2020 തൊട്ട് വരുണ്‍ ചക്രവര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമുണ്ട്. കഴിഞ്ഞ സീസണില്‍ വരുണ്‍ കൊല്‍ക്കത്തക്കായി 21 വിക്കറ്റുകള്‍ നേടി പര്‍പ്പിള്‍ ക്യാപ് റേസില്‍ രണ്ടാമതായിരുന്നു.

അതേസമയം, കെ.കെ.ആര്‍ ഈ സീസണില്‍ പുതിയ ക്യാപ്റ്റനായ അജിന്‍ക്യ രഹാനെക്ക് കീഴിലാണ് ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ജേതാക്കളായ കൊല്‍ക്കത്ത തുടര്‍ച്ചയായ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഇന്നത്തെ മത്സരത്തിന് ശേഷം മാര്‍ച്ച് 26ന് രാജസ്ഥാന്‍ റോയല്‍സുമായും മാര്‍ച്ച് 31ന് മുംബൈ ഇന്ത്യന്‍സുമായാണ് ഈ മാസത്തെ കെ.കെ.ആറിന്റെ മറ്റ് മത്സരങ്ങള്‍.

Content Highlight: IPL 2025: Kolkata Spinner Varun Chakravarthy Talks About The Toughest Thing To Master In Cricket