ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെലങ്കാന, തമിഴ്‌നാട് സന്ദര്‍ശനങ്ങള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. തെലങ്കാനയിലെ സെക്കന്തരാബാദില്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് നരേന്ദ്ര മോദി നിര്‍വഹിച്ചിരുന്നു.
പരിപാടിയില്‍ നിന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു വിട്ടു നിന്നു. പ്രധാന മന്ത്രിയുടെ നിശിത വിര്‍ശകനായ റാവു എയര്‍പോര്‍ട്ടിലും മോദിയെ സ്വീകരിക്കാന്‍ എത്തിയിരുന്നില്ല.
വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനത്തിനായാണ് നരേന്ദ്ര മോദി ഇരു സംസ്ഥാനങ്ങളിലേക്കുമെത്തുന്നത്. വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫിനു ശേഷം ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (AIIMS), വിവിധ ദേശീയ പാതകള്‍ എന്നിവയുടെ നിര്‍മാണോദ്ഘാടനങ്ങളാണ് മോദി നടത്തുക.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. ട്വിറ്ററില്‍ ഗോബാക്ക് ഫാസിസ്റ്റ് മോദി എന്ന ക്യാമ്പെയ്ന്‍ തരംഗമായിരിക്കുകയാണ്. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ ഈ ക്യാമ്പെയ്‌നുമായി രംഗത്തെത്തിയിരിക്കുന്നത്.
ചെന്നൈ എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനലിന്റെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനമാണ് തമിഴ്‌നാട്ടിലെ മോദിയുടെ ആദ്യ ഔദ്യോഗിക പരിപാടി. ചെന്നൈ പുരട്ചി തലൈവര്‍ ഡോ. എം.ജി.ആര്‍ റെയില്‍വേ സ്‌റ്റേഷനിലും വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് മോദി നിര്‍വഹിക്കുന്നുണ്ട്.
പിന്നീട് കാമരാജര്‍ സാലൈയിലുള്ള രാമകൃഷ്ണ മഠത്തിന്റെ 125ാം വാര്‍ഷികാഘോഷങ്ങളിലും മോദി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
കേന്ദ്രത്തില്‍ രണ്ടാം തവണ ഭരണത്തിലേറിയിട്ടും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ നേട്ടങ്ങളൊന്നുമുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉയര്‍ന്നു വരാറുണ്ട്.
തൈര് പാക്കറ്റില്‍ ഹിന്ദി അടിച്ചേല്‍പിക്കാനും പാലുല്‍പന്നങ്ങളുടെ വില്‍പനക്കായി അമൂല്‍ ഔട്ട്‌ലറ്റുകള്‍ കൂടുതലായി തുറന്ന് പ്രാദേശിക ബ്രാന്‍ഡായ നന്ദിനിയെ തഴയാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ അടുത്തിടെ കര്‍ണാടകയിലും തമിഴ്‌നാട്ടിലും വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.
Content Highlights: twitter campaign against modi in tamilnadu