തിരുവനന്തപുരം: തുഷാർ ഗാന്ധിയെ വീണ്ടും അപമാനിച്ച് ബി.ജെ.പി. തുഷാർ ഗാന്ധിക്ക് മാനസിക രോഗമാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് ആരോപിച്ചു. ഗാന്ധി കുടുംബത്തിലെ പിൻലമുറക്കാർ തലച്ചോർ പണയം വെച്ചുവെന്നും എസ്.സുരേഷ് പറഞ്ഞു.
രാഷ്ട്രീയത്തിനപ്പുറം എല്ലാവരുടെയും ആദരവ് നേടുകയും ആർ.എസ്.എസ് ഉൾപ്പെടെയുള്ള മുഴുവൻ സംഘടനകളുമായി നല്ല ബന്ധം നിലനിർത്തുകയും ചെയ്ത പ്രമുഖഗാന്ധിയനായ ജി.ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്യവെ ഇത്തരമൊരു പരമാർശം നടത്തിയ തുഷാർ ഗാന്ധി മഹാത്മാവിനേയും ഗോപി നാഥൻ നായരേയും അപമാനിക്കുകയായിരുന്നുവെന്ന് എസ്.സുരേഷ് ആരോപിച്ചു.
‘രാഷ്ട്രീയത്തിനപ്പുറം എല്ലാവരുടെയും ആദരവ് നേടുകയും, ആർ.എസ്.എസ് ഉൾപ്പെടെയുള്ള മുഴുവൻ സംഘടനകളുമായി നല്ല ബന്ധം നിലനിർത്തുകയും ചെയ്ത പ്രമുഖഗാന്ധിയനായ ജി.ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്യവെ മൂന്നാംകിട രാഷ്ട്രീയം പറയാനുള്ള വേദിയാക്കിയതിലൂടെ തുഷാർ ഗാന്ധി മഹാത്മാവിനേയും ഗോപി നാഥൻ നായരേയും അപമാനിക്കുകയായിരുന്നു. ഇത്തരം മാനസികരോഗികളെ കൊണ്ടു വന്ന ഗാന്ധിമിത്രമണ്ഡലം എന്ന പേപ്പർ സംഘടനയുടെ ഉദ്ദേശശുദ്ധി സംശയകരമാണ്.
ഗോപിനാഥൻ നായരുടെ പേരും വസ്തുവകകളും കൈക്കലാക്കി അദ്ദേഹത്തെ അപമാനിക്കാനാണ് നേതൃത്വം നൽകുന്നതെങ്കിൽ കനത്ത വിലനൽകേണ്ടി വരും. ഗാന്ധികുടുംബത്തിന്‍റെ പിൻതലമുറക്കാരനെന്ന പേരിൽ തലച്ചോറും നാവും അർബൻ നക്സലുകൾക്കും രാജ്യദ്രോഹശക്തികൾക്കും പണയം വച്ച തുഷാർ ഗാന്ധിയുടെ പരിശ്രമം രാജ്യത്തെ തരംതാഴ്ത്തി കെട്ടാനാണ്. ആർ.എസ്.എസ് ക്യാമ്പിൽ നേരിട്ട് വന്ന് ആർ.എസ്.എസിന്റെ അച്ചടക്കത്തെയും രാജ്യസ്നേഹത്തെയും പ്രകീർത്തിച്ച മഹാത്മാഗാന്ധിയെ തുഷാർ ഗാന്ധിയാണ് മനസിലാക്കേണ്ടത്. പത്മശ്രീ ഗോപിനാഥൻ നായരെ അനുസ്മരിക്കേണ്ട വേദി മലിനമാക്കിയ തുഷാർ ഗാന്ധിക്കെതിരെ വാർഡ് ജനപ്രതിനിധിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചുവെങ്കിൽ അത് സ്വാഭാവികം മാത്രമാണ്,’ എസ്.സുരേഷ് പറഞ്ഞു.
നെയ്യാറ്റിൻകരയിലെ ഗാന്ധിയൻ ഗോപി നാഥൻ നായരുടെ പ്രതിമഅനാച്ഛാദന ചടങ്ങിനായാണ് മഹാത്മാഗാന്ധിയുടെ ചെറുമകനും പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധി എത്തിയത്. രാജ്യത്തിന്റെ ആത്മാവിനെ ക്യാന്‍സര്‍ ബാധിച്ചിരിക്കുകയാണെന്നും ആ ക്യാന്‍സറാണ് ആര്‍.എസ്.എസ് എന്നുമുള്ള തുഷാര്‍ ഗാന്ധിയുടെ പരാമര്‍ശത്തിൽ പ്രതിഷേധിച്ചായിരുന്നു ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. തന്റെ നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞുകൊണ്ടാണ് തുഷാർ ഗാന്ധി മടങ്ങിയത്.
Content Highlight: Tushar Gandhi is mentally ill, the younger generation of the Gandhi family has mortgaged his brain: BJP Secretary S. Suresh