അങ്കാര: നാഷണല്‍ സ്‌പേസ് പ്രോഗ്രാമിന്റെ ഭാഗമായി 2023 ല്‍ തുര്‍ക്കി ചന്ദ്രനിലെത്തുമെന്ന് പ്രസിഡന്റ് രജബ് തൊയിബ് എര്‍ദോഗാന്‍. തുര്‍ക്കി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് റോക്കറ്റ് ഉപയോഗിച്ചായിരിക്കും ആദ്യ ലാന്‍ഡിങ്ങെന്നും എര്‍ദോഗാന്‍ കൂട്ടിച്ചേര്‍ത്തു.
2023 അവസാനത്തോടെ അന്താരാഷ്ട്ര സഹകരണത്തോടെ ചന്ദ്രന്റെ ഭ്രമണപ്രഥത്തിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.ആരൊക്കെയായിട്ടാണ് അന്താരാഷ്ട്ര സഹകരണമുണ്ടാവുക എന്നകാര്യം എര്‍ദോഗാന്‍ വ്യക്തമാക്കിയില്ല.
കഴിഞ്ഞമാസം ഏര്‍ദോഗാന്‍ ടെസ്‌ല സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കുമായി സംസാരിച്ചിരുന്നു. സ്‌പേസ് ടെക്‌നോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ സഹകരണമായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന അജണ്ട.
ഒരു തുര്‍ക്കി പൗരനെ ബഹിരാകാശത്തെ ഒരു ശാസ്ത്ര ദൗത്യത്തിലേക്ക് അയക്കുന്നതുള്‍പ്പെടെ 10 തന്ത്രപരമായ ലക്ഷ്യങ്ങളുള്ള പരിപാടിയും എര്‍ദോഗാന്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞമാസം തുര്‍ക്കി സ്‌പേസ് എക്‌സുമായി സഹകരിച്ച് അമേരിക്കയില്‍ നിന്ന് തുര്‍ക്‌സാറ്റ് 5 എ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചിരുന്നു. 2021ല്‍ മധ്യത്തോടെ തുര്‍ക്ക്‌സാറ്റ് 5 ബി ഉപഗ്രഹം വിക്ഷേപിക്കാനും തുര്‍ക്കി പദ്ധതിയിടുന്നുണ്ട്.
പത്ത് വര്‍ഷത്തിനുള്ളില്‍ ബഹിരാകാശ രംഗത്ത് വന്‍കുതിപ്പുണ്ടാക്കാനാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്. ഇതിനായി സാങ്കേതിക വിദ്യകള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുമെന്നും മറ്റ് രാജ്യങ്ങളുമായി ബഹിരാകാശ തുറമുഖം തുറക്കുമെന്നും എര്‍ദോഗാന്‍ പറഞ്ഞു.