national news
തെലങ്കാനയില്‍ തുരങ്കമിടിഞ്ഞ് അപകടം; ഏഴ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 22, 09:17 am
Saturday, 22nd February 2025, 2:47 pm

ഹൈദരാബാദ്: തെലങ്കാനയില്‍ തുരങ്കം ഇടിഞ്ഞ് വീണ് അപകടം. ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ തുരങ്കത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. അപകടത്തിൽ ഏഴ് തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

സംഭവസമയത്ത് തുരങ്കത്തിനുള്ളില്‍ 50 തൊഴിലാളികള്‍ ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. അപകടത്തിൽ നിന്ന് 40 ലധികം ആളുകള്‍ രക്ഷപ്പെട്ടെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ തൊഴിലാളികൾക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ശനിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. തെലങ്കാനയിലെ നാഗര്‍കുര്‍നൂള്‍ ജില്ലയിലെ ദോമലപെന്റയ്ക്കടുത്തുള്ള തുരങ്കമാണ് ഇടിഞ്ഞത്. നാല് ദിവസം മുമ്പാണ് തുരങ്കത്തില്‍ പണികള്‍ ആരംഭിച്ചത്.

തുരങ്കത്തിന്റെ മേല്‍ക്കൂരയുടെ മൂന്ന് മീറ്ററോളം ഇടിഞ്ഞുവീണതായി നാഗര്‍കുര്‍നൂള്‍ പൊലീസ് സൂപ്രണ്ട് വൈഭവ് ഗെയ്ക്വാദ് പറഞ്ഞു.

ടണലിന്റെ പുറത്ത് നിന്ന് 14 കിലോമീറ്റര്‍ ഉള്ളിലായാണ് അപകടം നടന്നത്. നിര്‍മാണ കമ്പനി തുരങ്കത്തിന്റെ ഉള്ളിലേക്ക് പോയിട്ടുണ്ടെന്നും അവര്‍ പുറത്തെത്തിയാല്‍ മാത്രമേ അപകടത്തിന്റെ ഗൗരവം എത്രത്തോളമാണെന്ന് പറയാന്‍ കഴിയുകയുള്ളുവെന്നും എസ്.പി പറഞ്ഞു.

സംഭവത്തില്‍ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. ജില്ലാ കളക്ടര്‍, ഫയര്‍ ഫോഴ്സ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ജലസേചന മന്ത്രി ഉത്തം കുമാര്‍ റെഡ്ഡി, ഉപദേഷ്ടാവ് ആദിത്യനാഥ് ദാസ്, മറ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

നാഗര്‍കുര്‍നൂള്‍ റിസര്‍വോയറില്‍ നിന്ന് കൂടുതല്‍ വെള്ളം തെലങ്കാനയിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ് തുരങ്ക നിര്‍മാണം. 2004ലാണ് ഈ പദ്ധതി ആരംഭിക്കുന്നത്.

Content Highlight: Tunnel collapse accident in Telangana; It is reported that seven workers are trapped