World News
'ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലികള്‍ 30000 കൊവിഡ് കേസുകള്‍ക്കും 700 മരണങ്ങള്‍ക്കും കാരണമായി'; പുതിയ പഠനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 01, 05:53 am
Sunday, 1st November 2020, 11:23 am

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് രോഗം വ്യാപിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രചരണ റാലികളാണെന്ന് പുതിയ പഠനം.

ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലികള്‍ 30000 പേര്‍ക്ക് കൊവിഡ് രോഗം വ്യാപിക്കാന്‍ കാരണമായി. 700 ഓളം പേര്‍ രോഗം ബാധിച്ച് മരിക്കാനും ഈ റാലികള്‍ കാരണമായെന്നും പഠനം പറയുന്നു.

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. വെള്ളിയാഴ്ചയാണ് പഠന റിപ്പോര്‍ട്ട് പുറത്തുവന്നത്.

ട്രംപിന്റെ റാലികള്‍ കാരണം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്നും രാജ്യം ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 20 മുതല്‍ സെപ്റ്റംബര്‍ 22 വരെ 18 ഓളം റാലികളാണ് ട്രംപ് നടത്തിയത്. ആള്‍ക്കൂട്ടം കൂടുന്നത് കൊവിഡ് വ്യാപനം വര്‍ധിപ്പിക്കുമെന്ന മുന്നറിയിപ്പുകള്‍ നിലനില്‍ക്കെയായിരുന്നു ഇത്.

റാലികളില്‍ മാസ്‌കും സാമൂഹിക അകലവും കൃത്യമായി പാലിച്ചിരുന്നില്ല. ഇത് രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമായെന്നും പഠനത്തില്‍ പറയുന്നു.

റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സ്വന്തം പാര്‍ട്ടിക്കാരെ കുറിച്ച് പോലും ട്രംപിന് ശ്രദ്ധയില്ലെന്ന വിമര്‍ശനവുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു.

അതേസമയം അമേരിക്കയില്‍ ഇതുവരെ 8.7 മില്യണ്‍ ആളുകള്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഏകദേശം 225,000 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Trump rallies increased covid cases in america