World
ഫലസ്തീനില്‍ എന്താണ് നടക്കുന്നതെന്ന് ലോകം കാണുന്നുണ്ട്, യുദ്ധം അവസാനിപ്പിക്കണമെന്ന് ട്രൂഡോ; വിമര്‍ശിച്ച് നെതന്യാഹു
ഒട്ടാവ: ഗസയില്‍ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തുന്ന ഇസ്രഈലിന്റെ നടപടിക്കെതിരായ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശങ്ങളോട് രൂക്ഷമായി പ്രതികരിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നിലവില്‍ നടക്കുന്ന എല്ലാ വിഷയങ്ങള്‍ക്കും ഉത്തരവാദി ഹമാസാണെന്നും ഇസ്രഈല്‍ അല്ലെന്നുമായിരുന്നു നെതന്യാഹുവിന്റെ വാദം.
1,200 ഇസ്രാഈലികള്‍ കൊല്ലപ്പെട്ട ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തെ പരാമര്‍ശിച്ചു കൊണ്ട് ‘സിവിലിയന്മാരെ ലക്ഷ്യം വയ്ക്കുന്നത് ഇസ്രാഈല്‍ അല്ലെന്നും ഹോളോകോസ്റ്റിനുശേഷം ജൂതന്മാര്‍ക്ക് നേരെ നടന്ന ഏറ്റവും വലിയ ആക്രമണമാണ് ഹമാസ് നടത്തിയതെന്നും
സിവിലിയന്മാരുടെ തലവെട്ടുകയും കത്തിക്കുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്തത് ഹമാസാണ്’ എന്നുമായിരുന്നു നെതന്യാഹു എക്‌സില്‍ കുറിച്ചത്.
ഫലസ്തീനില്‍ എന്താണ് നടക്കുന്നത് എന്ന് ലോകം ടെലിവിഷനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും കാണുന്നുണ്ടെന്നും സ്ത്രീകളുടെയും കുട്ടികളുടെയും നവജാത ശിശുക്കളുടെയും ഈ കൊലപാതകത്തിന് ലോകം സാക്ഷ്യം വഹിക്കേണ്ടി വന്നിരിക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നുമായിരുന്നു ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്.
ഗസയിലെ പൗരന്മാര്‍ക്ക് നേരെ ഇസ്രഈല്‍ നടത്തുന്ന ആക്രമണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലായിരുന്നു വിഷയത്തില്‍ ജസ്റ്റിന്‍ ട്രൂഡോ നിലപാട് പറഞ്ഞത്.
‘പരമാവധി സംയമനം പാലിക്കണമെന്ന് ഞാന്‍ ഇസ്രാഈല്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്. ഫലസ്തീനില്‍ എന്താണ് നടക്കുന്നത് എന്ന് ലോകം ടെലിവിഷനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും കാണുന്നുണ്ട്. ഡോക്ടര്‍മാരുടെയും കുടുംബാംഗങ്ങളുടെയും രക്ഷപ്പെട്ടവരുടെയും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെയും വാക്കുകള്‍ ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും നവജാത ശിശുക്കളുടെയും ഈ കൊലപാതകത്തിന് ലോകം സാക്ഷ്യം വഹിക്കേണ്ടി വന്നിരിക്കുകയാണ്. ഇത് അവസാനിപ്പിക്കണം.’ എന്നായിരുന്നു ബ്രിട്ടീഷ് കൊളംബിയയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രൂഡോ പറഞ്ഞത്.
ഇതിന് പിന്നാലെയായിരുന്നു ട്രൂഡോയുടെ നിലപാടിനെ വിമര്‍ശിച്ച് നെതന്യാഹു രംഗത്തെത്തിയത്. ‘സിവിലിയന്‍മാരെ ഈ അപകടത്തില്‍ നിന്ന് രക്ഷിക്കാന്‍ ഇസ്രാഈല്‍ എല്ലാ ശ്രമങ്ങളും നടത്തുമ്പോള്‍, അവര്‍ക്ക് ദോഷകരമാകുന്ന എല്ലാ കാര്യങ്ങളും ഹമാസ് ചെയ്യുന്നു,’ എന്നായിരുന്നു നെതന്യാഹു എക്‌സില്‍ കുറിച്ചത്.
ഗസയിലെ മാനുഷിക ഇടനാഴികളും സുരക്ഷിത മേഖലകളും ഇസ്രാഈല്‍ സാധാരണക്കാര്‍ക്ക് നല്‍കുമ്പോള്‍, തോക്കിന്‍ മുനയില്‍ നിന്ന് അവരെ രക്ഷപ്പെടാന്‍ ഹമാസ് അനുവദിക്കില്ലെന്നാണ് നെതന്യാഹു പറഞ്ഞത്.
‘ഇരട്ട യുദ്ധക്കുറ്റം ചെയ്തത് ഹമാസ് ആണ്. ഇസ്രഈല്‍ അല്ല. ഒരേസമയം അവര്‍ സിവിലിയന്‍മാര്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുകയും സിവിലിയന്‍മാരെ തന്നെ ലക്ഷ്യം വെക്കുകയുമാണ്. ഹമാസ് നടത്തുന്ന ക്രൂരതയെ പരാജയപ്പെടുത്തുന്നതിന് നാഗരികശക്തികള്‍ ഇസ്രാഈലിനെ പിന്തുണയ്ക്കണം,’ എന്നും നെതന്യാഹു പറഞ്ഞു.
ഗസയില്‍ ഇസ്രഈല്‍ കനത്ത ബോംബാക്രമണം നടത്തിയതിന് പിന്നാലെ തന്നെ അടിയന്തരമായി ഗസയിലേക്ക് മാനുഷിക ഇടനാഴി തുറക്കണമെന്ന് ആവശ്യപ്പെട്ട് ട്രൂഡോ രംഗത്തെത്തിയിരുന്നു. 2.3 ദശലക്ഷത്തോളം വരുന്ന ഗസ നിവാസികളുടെ സ്ഥിതി ഗുരുതരമാണെന്നും അവരെ അടിയന്തരമായി സഹായിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘തടസ്സമില്ലാത്ത മാനുഷിക സഹായങ്ങളും മാനുഷിക ഇടനാഴിയും അനുവദിക്കണമെന്ന് കാനഡ ആവശ്യപ്പെടുകയാണ്. ഇതു വഴി ഗസയിലെ സാധാരണ ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, ഇന്ധനം തുടങ്ങിയ അവശ്യ സഹായങ്ങള്‍ എത്തിക്കാന്‍ സാധിക്കും. ഇത് അനിവാര്യമാണ്, എന്നായിരുന്നു ട്രൂഡോ പറഞ്ഞത്.
ഹമാസിനെതിരെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണത്തില്‍ നിലവില്‍ ഗസയില്‍ മാത്രം 11,000-ത്തിലധികം പേര്‍ കൊല്ലപ്പെടുകയും
1.5 ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
നൂറ് കണക്കിന് കുട്ടികളുടേയും സ്ത്രീകളുടേയും മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതും ആശുപത്രിയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ സൗകര്യമില്ലാതെ അഴുകുന്നതുമായ ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
Content Highlight: Trudeau Says Killing Of Babies In Gaza Must Stop, Netanyahu Responds