സംഭവം അങ്ങ് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ്. ഡ്യൂറണ്ട് കപ്പിന്റെ ഫൈനല്‍ മത്സരം. ബെംഗളൂരു എഫ്.സിയും മുംബൈ സിറ്റി എഫ്.സിയും ഇന്ത്യന്‍ ഫുട്‌ബോളിലെ മോസ്റ്റ് പ്രസ്റ്റീജ്യസായ കിരീടത്തിനായി പോരാടുകയാണ്.
ബെംഗളൂരുവിനെ സംബന്ധിച്ച ഈ ഫൈനല്‍ മത്സരം ഏറെ സ്‌പെഷ്യലാണ്. കാരണം ഇന്ത്യയിലെ എല്ലാ ഫുട്‌ബോള്‍ ലീഗുകളുടെയും ഫൈനല്‍ മത്സരം കളിച്ച ആദ്യ ടീം എന്ന ഖ്യാതിയാണ് ഫൈനലില്‍ പ്രവേശിച്ചതോടെ ബെംഗളൂരു സ്വന്തമാക്കിയത്.
മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് മത്സരം ബെംഗളൂരു വിജയിക്കുകയും തങ്ങളുടെ കന്നി ഡ്യൂറണ്ട് കപ്പ് സ്വന്തമാക്കുകയും ചെയ്തിരുന്നു.
11ാം മിനിട്ടിലായിരുന്നു ബെംഗളൂരുവിന്റെ ആദ്യ ഗോള്‍ പിറന്നത്. യുവതാരം ശിവശക്തി നാരായണനായിരുന്നു ബ്ലൂസിനായി വലകുലുക്കിയത്.
മുപ്പതാം മിനിട്ടില്‍ അപ്പൂയയിലൂടെ മുംബൈ ഈക്വലൈസര്‍ കണ്ടെത്തിയെങ്കിലും 61ാം മിനിട്ടില്‍ അലന്‍ കോസ്റ്റ തിരിച്ചടിച്ചതോടെ ബെംഗളൂരു തങ്ങളുടെ ആദ്യ ഡ്യൂറണ്ട് കപ്പില്‍ മുത്തമിട്ടു.
മത്സരത്തില്‍ ജയിച്ച് ട്രോഫി വാങ്ങാന്‍ പോയ ബെംഗളൂരു എഫ്.സിയുടെ നായകനും ഇന്ത്യന്‍ ടീം ക്യാപ്റ്റനുമായ സുനില്‍ ഛേത്രിക്ക് നേരിടേണ്ടി വന്നത് ചില്ലറ അപമാനമൊന്നുമല്ല. കളി ജയിച്ച് കപ്പ് വാങ്ങാന്‍ പോയ ക്യാപ്റ്റനോട് മാറി നില്‍ക്കാന്‍ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ പറഞ്ഞിരിക്കുകയാണ്.
പറയുക മാത്രമല്ല, ഛേത്രിയെ തള്ളി മാറ്റുകയും ചെയ്തു. കാര്യമെന്താ… ആശാന് ഫോട്ടോയില്‍ വരണം. ജയിച്ച ടീമിന്റെ ക്യാപ്റ്റന് ട്രോഫി കൊടുക്കുന്ന മൊമെന്റാണല്ലോ ഫോട്ടോയില്‍ വരേണ്ടത്. ആ ഫോട്ടോയില്‍ ക്യാപ്റ്റനെ തന്നെ തള്ളി മാറ്റാനാണ് പശ്ചിമ ബംഗാളിന്റെ ബഹുമാന്യനായ ഗവര്‍ണര്‍ ലാ ഗണേശന്‍ തുനിഞ്ഞത്.
Ladies & gentlemen, bringing you Shri La. Ganeshan, honorable Governor of West Bengal. #DurandCup
The high-headedness is audacious. Not expected of a respectable figure, @LaGanesan. A public apology surely won’t be too much to ask for. #IndianFootballpic.twitter.com/aEq4Yq6a6R
— Debapriya Deb (@debapriya_deb) September 18, 2022
ഗവര്‍ണര്‍ തള്ളി മാറ്റാന്‍ ശ്രമിക്കുമ്പോഴും പരിഭവമേതും കൂടാതെ ഒതുങ്ങി നില്‍ക്കുകയും അങ്ങേര്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്യാന്‍ മാത്രമാണ് ഛേത്രി ശ്രമിച്ചത്. കളിക്കളത്തില്‍ മാത്രമല്ല, പുറത്തും മാന്യതയുടെ പര്യായമാണ് ഛേത്രി എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അത്.
സുനില്‍ ഛേത്രിക്ക് മാത്രമല്ല, ബെംഗളൂരുവിന് വേണ്ടി ആദ്യ ഗോള്‍ നേടിയ യുവതാരം ശിവശക്തി നാരായണനും ഇതേ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അറ്റാക്കിങ്ങിലെ സൂപ്പര്‍ താരം റോയ് കൃഷ്ണക്കൊപ്പം പുരസ്‌കാരം സ്വീകരിക്കാന്‍ ചെന്നപ്പോഴായിരുന്നു ശിവശക്തി നാരായണനേയും തള്ളി മാറ്റിയത്.
This is what happened with shivshakti minutes before Chhetri. pic.twitter.com/TZmLP93Sdj
— Akansh (@AkanshSai) September 18, 2022
ഇതോടെ സോഷ്യല്‍ മീഡിയ ഒന്നാകെ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ആരെയാണ് തള്ളിമാറ്റിയതെന്ന് വല്ല ബോധവും ഉണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ഒന്നാകെ ചോദിക്കുന്നത്.
സുനില്‍ ഛേത്രി ആരാണെന്നും അദ്ദേഹത്തിന് ഇന്ത്യ മൊത്തം ആരാധകരുണ്ടെന്നും ലാ ഗണേശന് ഒറ്റ ദിവസം കൊണ്ടുതന്നെ മനസിലായിക്കാണും.
ഇതിപ്പോള്‍ തനിക്ക് കിട്ടേണ്ട ട്രോഫി കട്ടെടുക്കാന്‍ സുനില്‍ ഛേത്രി വന്നതുപോലെയാണ് ലാ ഗണേശന്‍ പെരുമാറിയതെന്നും, കുമ്മനടി ബംഗാള്‍ വേര്‍ഷനാണെന്നും തുടങ്ങി ഗവര്‍ണര്‍ക്കെനെതിരെ ട്രോളുകളുടെ പെരുമഴയാണ്.
ഇങ്ങ് കേരളത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ എയറിലായതിനേക്കാള്‍ പരിതാപകരമായ അവസ്ഥയിലാണ് ലാ ഗണേശന്‍ ട്രോള്‍ ഏറ്റുവാങ്ങുന്നത്.
ക്യാമറ കണ്ടാല്‍ തന്റെ മുഖം അതില്‍ പതിഞ്ഞേ പറ്റൂ എന്ന് വാശിയുള്ള, അതിന് വേണ്ടി ഏതറ്റം വരെ പോകാനും ഉത്തരവാദിത്തപ്പെട്ട അധികാരസ്ഥാനത്തിരിക്കുന്നവര്‍ ശ്രമിക്കുമ്പോഴാണ് ഇതെല്ലാം ഉണ്ടാവുന്നത്.
ഏതായാലും ഇനി ഒരു സമ്മാനദാന ചടങ്ങില്‍ ജേതാവിനെ തള്ളിമാറ്റി ഫോട്ടോക്ക് പോസ് ചെയ്യരുത് എന്ന ബാലപാഠം ബംഗാള്‍ ഗവര്‍ണര്‍ പഠിച്ചിട്ടുണ്ടാവുമെന്നുറപ്പാണ്.
Content Highlight: Troll against West Bengal Governor after he pushes Sunil Chhetri to pose for photo