തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനായുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 2.36 കോടി രൂപ.
വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം തടയുന്നതിനുള്ള പ്രോജക്ട് തയ്യാറാക്കാന്‍ ഏല്‍പ്പിച്ചത് സ്വകാര്യ കണ്‍സള്‍ട്ടന്‍സി കമ്പനിയായ കെ.പി.എം.ജിയെ ആണ്.
പ്രോജക്ട് തയ്യാറാക്കാന്‍ വേണ്ടി കെ.പി.എം.ജിക്ക് നല്‍കിയത് ഒന്നരക്കോടിയിലേറെ രൂപ. പ്രഫഷണല്‍ ഫീസായി സിറിള്‍ അമര്‍ ചന്ദ് മംഗല്‍ദാസ് എന്ന നിയമ സ്ഥാപനത്തിന് നല്‍കിയത് അരലക്ഷം രൂപയിലേറെ. വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം തടയാനാണ് രണ്ട് സ്വകാര്യ കമ്പനികള്‍ക്ക് മാത്രമായി രണ്ട് കോടി പന്ത്രണ്ടര ലക്ഷം നല്‍കിയത്.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെ.എസ്.ഐ.ഡി.സി തന്നെയാണ് ഈ കാര്യങ്ങള്‍ വിവരാവകാശ രേഖക്ക് മറുപടിയായി നല്‍കിയത്. കെ.എസ്.ഐ.ഡി.സി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലേലത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിനാണ് 2.36 കോടി രൂപ ചെലവഴിച്ചത്.
ലേലത്തിന് മുന്നോടിയായുള്ള പരസ്യത്തിന് ചെലവാക്കിയത് 5,77,752 രൂപയും. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ലേല ഫീസായി 7,78,800ഉം ബാങ്ക് ഗ്യാരണ്ടികള്‍ക്കുള്ള കമ്മിഷന്‍ ഇനത്തില്‍ 7,83,030 രൂപയും നല്‍കി.
പൊതുമേഖലയില്‍ സാങ്കേതിക കണ്‍സള്‍ട്ടന്‍സികളായ കിറ്റ്‌കോ പോലുള്ള സ്ഥാപനങ്ങളുള്ളപ്പോഴാണ് രാജ്യാന്തര സ്വകാര്യ കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രോജക്ട് തയ്യാറാക്കാന്‍ അനുവാദം നല്‍കിയത്.
അതേസമയം തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കാനുള്ള തീരുമാനത്തിനെതിരെ സര്‍ക്കാര്‍ വീണ്ടും നിയമനടപടിക്കൊരുങ്ങുകയാണ്. നിലവിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
സ്വകാര്യവല്‍ക്കരണത്തിനെതിരെ സര്‍ക്കാര്‍ നേരത്തെ നല്‍കിയ അപ്പീലില്‍ പുതിയ ഉപഹരജിയാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നടപടി. ഇതുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ സര്‍ക്കാരിന് എതിരായിരുന്നു ഹൈക്കോടതി വിധി.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും അദാനി എന്റര്‍പ്രൈസസിനെ എല്‍പ്പിക്കാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിവിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം.
സര്‍വ്വകക്ഷിയോഗത്തില്‍ ബി.ജെ.പി ഒഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തിരുന്നു. നിയമ നടപടികള്‍ തുടരുന്നതിനൊപ്പം ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചിരുന്നു
എയര്‍പോര്‍ട്ടിന്റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളില്‍ നിക്ഷിപ്തമാക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് എന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക