തൃശൂർ: നടനും തൃശ്ശൂർ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയെ പുകഴ്ത്തി തൃശ്ശൂർ മേയർ എം.കെ വർഗീസ്. സുരേഷ് ഗോപി എം.പി ആവാൻ ഫിറ്റായ വ്യക്തിയാണെന്നും കോർപ്പറേഷന് പ്രഖ്യാപിച്ച മുഴുവൻ പണവും നൽകി ജനങ്ങളുടെ ഇടയിൽ നിൽക്കുന്ന ആളാണെന്നും മേയർ പറഞ്ഞു.
അതേസമയം പ്രസ്താവന വിവാദമായതോടെ ഇത് തിരുത്തി സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാർത്ഥികളും ഫിറ്റാണെന്ന് പിന്നീട് വ്യക്തമാക്കി. സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ച് എന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും താൻ എപ്പോഴും എൽ.ഡി.എഫിനൊപ്പം ആണെന്നും എം.കെ. വർഗീസ് പറഞ്ഞു. കോൺഗ്രസിൽ നിന്ന് രാജിവെച്ച എംകെ വർഗീസ് സി.പി.ഐ.എമ്മിന്റെ പിന്തുണയോടെയാണ് കോർപ്പറേഷൻ മേയറായത്.
ദിവസങ്ങൾക്ക് മുൻപ് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പെരുമാറ്റച്ചട്ട ലംഘനത്തിന് പരാതി നൽകിയിരുന്നു. സ്ഥാനാർത്ഥിയുടെ മതചിഹ്നം ഉപയോഗിച്ച് വോട്ട് പിടിക്കാൻ ശ്രമിക്കുന്നു, പ്രചാരണ നോട്ടീസിൽ പ്രിന്റിങ് ആൻഡ് പബ്ലിഷിങ് വിവരങ്ങൾ നൽകിയില്ലെന്നുമാണ് എൽ.ഡി.എഫ് നൽകിയ പരാതി.
ഇതിന് പിന്നാലെ പരാതിയിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി. മൂന്ന് ദിവസത്തിനകം പരാതിയിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിൽ വിശദീകരണം ലഭിച്ചതിന് ശേഷമാണ് മറ്റ് നടപടികളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കടക്കുക.