Kathua gangrape-murder case
കത്വയില്‍ ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിചാരണ ആരംഭിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 15, 06:53 pm
Monday, 16th April 2018, 12:23 am

കത്വ: മുസ്‌ലിം ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികളുടെ വിചാരണ ഇന്ന് തുടങ്ങും. ഏഴ് പേര്‍ക്കെതിരെയുള്ള ചാര്‍ജ് ഷീറ്റാണ് ഇന്ന് കത്വ സെഷന്‍സ് കോടതി പരിഗണിക്കുക. പ്രായപൂര്‍ത്തിയാവാത്ത കുറ്റാരോപിതന്റെ വിചാരണ ബാലനിയമമനുസരിച്ച് പിന്നീടാവും നടത്തുക.

കേസില്‍ ജമ്മു-കാശ്മീര്‍ സര്‍ക്കാര്‍ സിഖുകാരായ രണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ട്. കേസില്‍ പക്ഷപാതിത്വം വരാതിരിക്കാനാണ് സിഖ് അഭിഭാഷകരെ നിയമിച്ചതെന്ന് കരുതപ്പെടുന്നു.


Read | രാജ്യവ്യാപക ‘സേവ് ദി കോണ്‍സ്റ്റിറ്റ്യൂഷന്‍’ കാംപെയിനിന് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി


ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത് തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ സുപ്രീം കോടതി കടുത്ത നിലപാടെടുത്തതിനാല്‍ വിചാരണ പ്രശ്‌നങ്ങളില്ലാതെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതി നടപടികള്‍ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ തടഞ്ഞ അഭിഭാഷകര്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് ആറുമണിക്കൂറിലേറെ വൈകിപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന സുപ്രീം കോടതി ബഞ്ച് ജമ്മു ഹൈക്കോടതി ബാര്‍ അസോസിയേഷനെ സംഭവത്തില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.


Read | സിറിയക്കെതിരെ ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ അമേരിക്കയുടെ നേതൃത്വത്തെ പ്രശംസിച്ച് നേതെന്യാഹു


ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് താമസിക്കാനെത്തിയ മുസ്‌ലിം കുടുംബങ്ങളെ ഭയപ്പെടുത്തി ഓടിക്കാനാണ് എട്ടുവയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തി്ല്‍ വ്യക്തമാക്കിയത്. സമീപത്തെ ക്ഷേത്രത്തിലെ മേല്‍നോട്ടക്കാരനാണ് സംഭവത്തിന്റെ സൂത്രധാരനെന്നും കുറ്റപത്രത്തിലുണ്ട്.

ജനവരി പത്തിന് രസനയിലെ വീടിന് പരിസരത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചത്.