സഞ്ജുവിന്റെ വജ്രായുധത്തിന് സെഞ്ച്വറി റെക്കോഡ്, ചരിത്രത്തിലെ ആദ്യ താരം; എതിരാളികളില്ലാതെ ഒന്നാമൻ
Cricket
സഞ്ജുവിന്റെ വജ്രായുധത്തിന് സെഞ്ച്വറി റെക്കോഡ്, ചരിത്രത്തിലെ ആദ്യ താരം; എതിരാളികളില്ലാതെ ഒന്നാമൻ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th May 2024, 7:40 am

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ച് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്സ് സീസണിലെ തങ്ങളുടെ ഏഴാം വിജയം സ്വന്തമാക്കിയിരുന്നു.

ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 18.2 ഓവറില്‍ അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ഒരു ചരിത്രനേട്ടമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് സ്വന്തമാക്കിയത്. ഐപിഎല്ലില്‍ 100 മത്സരങ്ങള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കാണ് ബോള്‍ട്ട് നടന്നുകയറിയത്. ഇതോടെ ഐ.പി.എല്ലില്‍ 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇടംകയ്യന്‍ വിദേശ ബൗളര്‍ എന്ന നേട്ടവും ബോള്‍ട്ട് സ്വന്തമാക്കി.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശ ഇടംകയ്യന്‍ ബൗളര്‍, മത്സരങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍

ടെന്റ് ബോള്‍ട്ട്-100*

ഷാക്കിബ് അല്‍ ഹസന്‍-71

ജെയിംസ് ഫോക്‌നര്‍-60

സാം കറന്‍-58

മുസ്തഫിസുര്‍ റഹ്‌മാന്‍-57

അതേസമയം ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സില്‍ 35 പന്തില്‍ പുറത്താവാതെ 47 റണ്‍സ് നേടിയ റിയാന്‍ പരാഗാണ് ടോപ് സ്‌കോറര്‍. ഒരു ഫോറും മൂന്ന് സിക്‌സുകളും ആണ് താരം നേടിയത്.

ചെന്നൈ ബൗളിങ്ങില്‍ സിമര്‍ജിത്ത് സിങ് മൂന്ന് വിക്കറ്റും തുഷാര്‍ ദേശ് പാണ്ഡെ രണ്ടു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

ചെന്നൈക്കായി നായകന്‍ ഋതുരാജ് ഗെയ്ക്വാദ് 41 പന്തില്‍ 42 റണ്‍സും രവീന്ദ്ര 18 പന്തില്‍ 27 റണ്‍സും നേടി നിര്‍ണായകമായപ്പോള്‍ ചെന്നൈ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും ആറു തോല്‍വിയും അടക്കം 14 പോയിന്റ് മൂന്നാംസ്ഥാനത്തേക്ക് മുന്നേറാനും ചെന്നൈക്ക് സാധിച്ചു. തോറ്റെങ്കിലും 12 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയത്തോടെ 16 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തന്നെയാണ് രാജസ്ഥാന്‍.

Content Highlight: Trent Boult completed 100 matches In IPL