ന്യൂദല്‍ഹി: കൊവിഡ് കൈകാര്യം ചെയ്യുന്ന രീതിയില്‍ ദല്‍ഹി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം അശാസ്ത്രീയമായാണ് കൈകാര്യം ചെയ്യുന്നതെന്നും ദല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ കൊവിഡ് രോഗികള്‍ക്ക് നല്‍കേണ്ട പരിഗണന നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതിയുടെ ഇടപെടല്‍.
ദല്‍ഹിയില്‍ ഭീകരമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. കൊവിഡ് 19 പിടിപെട്ട രോഗികളെ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനേക്കാള്‍ മോശമായാണ് ആശുപത്രികള്‍ പരിഗണിക്കുന്നത്. മാത്രമല്ല ദല്‍ഹിയിലെ പല ആശുപത്രികളും കൊവിഡ് മൂലം മരണപ്പെട്ടവരുടെ മൃതദേഹം ശാസ്ത്രീയമായല്ല കൈകാര്യം ചെയ്യുന്നത്. മരണം പോലും ബന്ധുക്കളെ അതാത് സമയത്ത് അധികൃതര്‍ അറിയിക്കുന്നില്ലെന്നും സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ച് കുറ്റപ്പെടുത്തി.
രോഗികളുടെ അവസ്ഥ വ്യക്തമാക്കുന്ന പല മാധ്യമ റിപ്പോര്‍ട്ടുകളും കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പും ആരോഗ്യവകുപ്പും പരാജയമാണെന്ന് പറയേണ്ടിയിരിക്കുന്നു. കൊവിഡിനെ നേരിടുന്ന കാര്യത്തില്‍ ഒരു തരത്തിലുള്ള ഏകീകരണവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
മരണപ്പെടുന്ന രോഗികളുടെ വിവരം ബന്ധുക്കളെ അറിയിക്കുന്നില്ല. പല രോഗികള്‍ക്കും സംസ്‌ക്കാര ചടങ്ങില്‍ പോലും എത്താന്‍ ആയിട്ടില്ല. എങ്ങനെയാണ് നിങ്ങള്‍ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നത്, സുപ്രീം കോടതി ചോദിച്ചു.
ദല്‍ഹിയില്‍ കേസുകള്‍ കുത്തനെ ഉയര്‍ന്നിട്ടും എന്തുകൊണ്ടാണ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാത്തതെന്നും സുപ്രീം കോടതി ചോദിച്ചു. ദല്‍ഹിയിലെ എന്‍.എന്‍.ജി.പി ആശുപത്രിക്കെതിരെ സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
ദല്‍ഹിയില്‍ പ്രശ്‌നങ്ങളുണ്ട്. ദിവസം 7000 ടെസ്റ്റുകള്‍ നടത്തിയിടത്തു നിന്നും അത് 5000ത്തിലേക്ക് കുറഞ്ഞിരിക്കുകയാണ്. എന്തുകൊണ്ടാണ് ടെസ്റ്റുകളുടെ എണ്ണം ഇത്തരത്തില്‍ കുറയുന്നത്. ഇതില്‍ മറുപടി നല്‍കിയേ തീരൂ, സുപ്രീം കോടതി പറഞ്ഞു. മെയ് മാസത്തില്‍ നടത്തിയ അത്ര കൊവിഡ് ടെസ്റ്റുകള്‍ ഈ മാസം നടത്തുന്നില്ലെന്നും ദല്‍ഹി സര്‍ക്കാര്‍ തന്നെ സമ്മതിച്ചുകഴിഞ്ഞ കാര്യമാണെന്നും സുപ്രീം കോടതി പറഞ്ഞു.
ആശുപത്രികളില്‍ ബെഡ് ഉണ്ടെന്ന് ആപ്പില്‍ കാണിച്ചിട്ടും പ്രസ്തുത ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് ചികിത്സ ലഭ്യമാകുന്നില്ലെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലൊക്കെ സംഭവിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു.
ആവശ്യത്തിലേറെ ബെഡ്ഡുകള്‍ ഒഴിവുണ്ടെന്ന് ആപ്പില്‍ കാണിക്കുമ്പോഴും ചികിത്സയ്ക്കായി എത്തുന്ന രോഗികളെ പ്രവേശിപ്പിക്കാന്‍ പല ആശുപത്രികളും തയ്യാറാകുന്നില്ല. അടിസ്ഥാനപരമായി ചെയ്യേണ്ട കാര്യങ്ങളില്‍ കൂടി സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക