Sports News
ഇയാള്‍ തലയല്ല 'തലയെടുക്കുന്നവന്‍'; ബെംഗളൂരുവിനെ അടിച്ച് കീറിയപ്പോള്‍ എത്തിയത് കൊമ്പന്‍മാരുടെ ലിസ്റ്റില്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 16, 05:28 am
Tuesday, 16th April 2024, 10:58 am

ഐ.പി.എല്ലില്‍ ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് 25 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പൊരുതിയെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല.

ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ടോട്ടല്‍ ആണ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്‌സ് മുമ്പില്‍ കെട്ടിപ്പടുത്തത്. നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് ആണ് ഹൈദരാബാദ് നേടിയത്. ഇതോടെ അവരുടെ തന്നെ റെക്കോഡായ 277 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ആണ് വീണ്ടും തിരുത്തിക്കുറിച്ചത്. ആവേശകരമായ മത്സരത്തില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് ആണ് നേടിയത്.

ഹൈദരാബാദിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത് ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ് ആണ്. 41 പന്തില്‍ നിന്ന് എട്ടു സിക്‌സും ഒമ്പത് ഫോറും അടക്കം 102 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 248.78 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ആണ് താരം ബെംഗളൂരു ബൗളേഴ്‌സിനെ തകര്‍ത്തത്. മത്സരത്തിലെ മികച്ച താരവും ഹെഡാണ്.

ഇതിന് പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് താരം സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമാകാനാണ് ഹെഡിന് കഴിഞ്ഞത്. 39 പന്തില്‍ ഹെഡ് സെഞ്ച്വറി നേടി നാലാമനായപ്പോള്‍ 30 പന്തിലാണ് ക്രിസ് ഗെയ്ല്‍ ഈ നേട്ടം സ്വന്തമാക്കി ഒന്നാമത് എത്തിയത്.

ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരം, നേരിട്ട പന്ത്

ക്രിസ് ഗെയ്ല്‍ – 30

ഇര്‍ഫാന്‍ പത്താന്‍ – 37

ഡേവിഡ് മില്ലര്‍ – 38

ട്രാവിസ് ഹെഡ് – 39

ഹൈദരബാദിന് വേണ്ടി ഹെന്‍ഡ്രിച്ച് ക്ലാസണ്‍ 31 പന്തില്‍ നിന്ന് 7 സിക്‌സറും 2 ഫോറും അടക്കം 67 റണ്‍സ് നേടി അമ്പരപ്പിക്കുന്ന പ്രകടനവും കാഴ്ചവച്ചു. ഓപ്പണര്‍ അഭിഷേക് ശര്‍മ 34 റണ്‍സും നേടിയിരുന്നു. അവസാന ഘട്ടത്തില്‍ 17 പന്തില്‍ 32 റണ്‍സ് നേടി എയ്ഡന്‍ മര്‍ക്രവും 10 പന്തില്‍ 37 റണ്‍സ് നേടി അബ്ദുല്‍ സമദും എതിരാളികളെ വിറപ്പിച്ചു.

ബെംഗളൂരിന് വേണ്ടി മികച്ച തുടക്കം നല്‍കിയ വിരാട് കോഹ്‌ലി 20 പന്തില്‍ 42 റണ്‍സും ഫാഫ് ഡു പ്ലെസിസ് 28 പന്തില്‍ നിന്ന് 62 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. വമ്പന്‍ തോല്‍വി പ്രതീക്ഷിച്ചെങ്കിലും 25 റണ്‍സിന്റെ അകലത്തില്‍ ആയിരുന്നു ബെംഗളുരുവിന് വിജയം നഷ്ടമായത്.

മത്സരത്തില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ ഐതിഹാസികമായ ചെറുത്തുനില്‍പ്പാണ് ബെംഗളൂരുവിനെ വമ്പന്‍ തോല്‍വിയില്‍ നിന്നും കരകയറ്റിയത്. 35 പന്തില്‍ നിന്ന് 7 സിക്‌സും 5 ഫോറും ഉള്‍പ്പെടെ 83 റണ്‍സാണ് ദിനേശ് കാര്‍ത്തിക് നേടിയത്. 237 സ്‌ട്രൈക്ക് റേറ്റില്‍ കാര്‍ത്തിക് തന്റെ കഴിവ് വീണ്ടും തെളിയിക്കുകയായിരുന്നു.

ബെംഗളൂരുവിനു വേണ്ടി ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ റീസ് ടൊപ്ലെ ഒരു വിക്കറ്റും നേടി. ബെംഗളൂരുവിന്റെ അഞ്ചു ബൗളര്‍മാര്‍ക്കാണ് 50 റണ്‍സിന് മുകളില്‍ വഴങ്ങേണ്ടിവന്നത്. ഹൈദരാബാദിന് വേണ്ടി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്നു വിക്കറ്റും മയങ്ക് മാര്‍ക്കാണ്ടെ രണ്ടു വിക്കറ്റും നടരാജന്‍ ഒരു വിക്കറ്റും നേടി.

 

Content highlight: Travis Head In Record achievement