ടി.പിക്കും ഭാര്യയും മകനുമുണ്ടായിരുന്നു; ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന പ്രതികളുടെ വാദത്തിനെതിരെ സാറ ജോസഫ്
Kerala
ടി.പിക്കും ഭാര്യയും മകനുമുണ്ടായിരുന്നു; ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന പ്രതികളുടെ വാദത്തിനെതിരെ സാറ ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th February 2024, 11:40 am

തിരുവന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറ ജോസഫ്. ഭാര്യയും കുട്ടികളും ഉള്ളതിനാല്‍ ശിക്ഷയില്‍ ഇളവ് തരണമെന്ന് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടതിനെതിരെയാണ് അവരുടെ വിമര്‍ശനം.

ടി.പി കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിനും ഭാര്യയും മകനും ഉണ്ടായിരുന്നെന്ന് സാറ ജോസഫ് പറഞ്ഞു. ടി.പിയെ കൊന്നതില്‍ പശ്ചാത്തപിക്കുന്നുണ്ടോയെന്ന് ചോദിച്ചാല്‍ അവർ എന്ത് ഉത്തരം നല്‍കുമെന്നും സാറ ജോസഫ് ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവരുടെ പ്രതികരണം.

‘ശിക്ഷ കുറക്കാന്‍ കാരണങ്ങളുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഭാര്യയും മക്കളുമുണ്ട്, അവരെ സംരക്ഷിക്കാന്‍ ആരുമില്ലെന്ന് പ്രതികള്‍ മറുപടി നല്‍കിയതായി അറിഞ്ഞു. ടി.പിയെ കൊല്ലുമ്പോള്‍ അദ്ദേഹത്തിനും അമ്മയുണ്ടായിരുന്നു, ഭാര്യയുണ്ടായിരുന്നു, ഒരു കുഞ്ഞു മകനുണ്ടായിരുന്നു. ആ വീടിന്റെ നട്ടെല്ലായിരുന്നു, ആ മനുഷ്യന്‍’, സാറ ജോസഫ് പറഞ്ഞു.

ടി.പി.യെ കൊന്നതില്‍ പശ്ചാത്തപിക്കുന്നുണ്ടോയെന്ന് ചോദിച്ചാല്‍ പ്രതികള്‍ എന്തായിരിക്കും പറയുകയെന്നും അവര്‍ ചോദിച്ചു. ഉണ്ട് എന്നോ ഇല്ല എന്നോ?. അതോ ഞങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ചെയ്തതല്ല എന്ന് പറയുമോ?. ഞങ്ങളുമായി ടി.പിക്ക് ആശയപരമായ വൈരുദ്ധ്യം ഉണ്ടായിരുന്നു എന്നു പറയുമോ, സാറ ജോസഫ് ചോദിച്ചു.

പ്രായമായ അമ്മയെ പരിചരിക്കണമെന്ന് നിങ്ങള്‍ പറയുന്നത് മനസ്സിലാവുമെന്നും നിങ്ങള്‍ക്ക് സ്വാഭാവികമായും ആ വാദം ഉന്നയിക്കാമെന്നും ഏറ്റവും സമചിത്തതയോടെ പറഞ്ഞ രമ കടന്നുവന്ന കനല്‍ വഴികള്‍ കേരളം മറക്കില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു.

അതിനിടെ, വധശിക്ഷ ഒഴിവാക്കാനുള്ള പ്രതികളുടെ കാരണം തേടി ഹൈകോടതിയില്‍ വാദം തുടരുകയാണ്. കോടതിയില്‍ ഹാജരാക്കേണ്ടതിനാല്‍ കൊച്ചിയിലുള്ള പ്രതികളെ കാക്കനാട് ജയിലിലാണ് ഇന്നലെ പാര്‍പ്പിച്ചത്. രാവിലെ 10.15നാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.

Contant Highlight:

TP also had a wife and son; Sarah Joseph against the argument of the defendants that the sentence should be reduced