Entertainment
ലൂസിഫറില്‍ ലാലേട്ടനുമായുള്ള കോമ്പിനേഷനേക്കാള്‍ ഇമ്പാക്ടുണ്ടാക്കിയ ഡയലോഗായിരുന്നു അത്: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 22, 10:24 am
Saturday, 22nd February 2025, 3:54 pm

2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപി തിരക്കഥയെഴുതിയ ഈ സിനിമ ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു നിര്‍മിച്ചത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന സവിശേഷതയും ഇതിനുണ്ടായിരുന്നു.

ലൂസിഫറില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോകനായകനായുമാണ് എത്തിയത്. മോഹന്‍ലാലിന് പുറകെ മഞ്ജു വാര്യര്‍, വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

ജതിന്‍ രാംദാസ് എന്ന കഥാപാത്രമായിട്ടായിരുന്നു ടൊവിനോ തോമസ് ലൂസിഫറില്‍ എത്തിയത്. ഇപ്പോള്‍ ലൂസിഫറിനെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും പറയുകയാണ് ടൊവിനോ. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനും ലാലേട്ടനും ഒന്നിച്ച ഒരു ചിത്രമായിരുന്നു ലൂസിഫര്‍. ഒരിക്കല്‍ രാജുവേട്ടനാണ് എന്നെ വിളിച്ചു പറ ഞ്ഞത്, ലൂസിഫറില്‍ ഒരു വേഷമുണ്ട് അത് ചെയ്യണമെന്ന്. മുരളിയേട്ടനെ (മുരളി ഗോപി) പോയി കണ്ട് കഥ കേള്‍ക്കണമെന്നും പറഞ്ഞു. കഥ കേട്ടപ്പോള്‍ എനിക്കും ഇഷ്ടമായി.

അങ്ങനെയാണ് ഞാനും ആ വലിയ സിനിമയുടെ ഭാഗമാകുന്നത്. ലൂസിഫറില്‍ ഞാനും ലാലേട്ടനും ഒരുമിച്ചൊരു സീനില്‍ അഭിനയിച്ചിട്ടില്ല. പക്ഷേ അതിലൊരു രംഗത്ത് ഞാന്‍ പറയുന്നുണ്ട് ‘എന്റെ ചേട്ടനാണ് എന്നെ ഇവിടേക്ക് കൊണ്ടുവന്നത്’ എന്ന്. ഞങ്ങളുടെ കോമ്പിനേഷനേക്കാളും ഇമ്പാക്ടുണ്ടാക്കിയ ഒരു രംഗമായിരുന്നു അത്.

എന്റെ ജീവിതത്തിലെ സന്തോഷമുള്ള മറ്റൊരു ഓര്‍മ സമ്മാനിച്ചതും ലൂസിഫര്‍ തന്നെയാണ്. ലാലേട്ടന്‍ അഭിനയിച്ച ഒരു സിനിമ ലാലേട്ടനൊപ്പം ഇരുന്ന് കാണാനുള്ള അപൂര്‍വ്വ ഭാഗ്യവും എനിക്കുണ്ടായി. ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തിയ ദിവസം. അന്ന് ഒരു ഫാന്‍സ് ഷോ എറണാകുളത്ത് വെച്ചിരുന്നു.

രാവിലെ ഏഴുമണിക്ക്. അത് കാണാന്‍ ലാലേട്ടനും സുചിത്ര ചേച്ചിയും എത്തിയിരുന്നു. ലാലേട്ടനൊപ്പമിരുന്ന് ആ സിനിമ കാണാനുള്ള ഭാഗ്യം എനിക്കും ലിഡിയയ്ക്കും ലഭിച്ചു. ആ മനോഹരനിമിഷം മൊബൈലില്‍ പകര്‍ത്തി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു,’ ടൊവിനോ തോമസ് പറഞ്ഞു.

Content Highlight: Tovino Thomas Talks About Mohanlal And Lucifer Movie