Entertainment
അച്ഛനോളം മകന്‍ എത്തിയില്ലെന്ന താരതമ്യം ഉണ്ടായേക്കാം, അവരുടെ സമ്മര്‍ദ്ദത്തെക്കുറിച്ച് എനിക്കറിയാം; താരമക്കളെക്കുറിച്ച് ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 15, 09:39 am
Tuesday, 15th June 2021, 3:09 pm

നടന്‍മാരുടെ മക്കളായതുകൊണ്ട് പല അഭിനേതാക്കളും അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് താന്‍ ചിന്തിക്കാറുണ്ടെന്ന് നടന്‍ ടൊവിനോ തോമസ്.

ആദ്യ സിനിമ കഴിയുമ്പോഴേക്കും അച്ഛനോളം എത്തിയില്ല എന്ന താരതമ്യമാണ് പലര്‍ക്കും നേരിടേണ്ടി വരുന്നതെന്നും ടൊവിനോ പറയുന്നു.

‘ഒന്നുമില്ലാത്തവന്‍ വളര്‍ന്ന് വലുതാവുന്നത് കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ആ ഒരു ഇളവ് ചിലപ്പോള്‍ പാരമ്പര്യമുള്ളവര്‍ക്ക് കിട്ടിയെന്ന് വരില്ല. ഒരു തുടക്കം കിട്ടി എന്നതിനപ്പുറം പാരമ്പര്യമുള്ളവര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാവും. ചിലപ്പോള്‍ അച്ഛന്‍ നൂറും ഇരുന്നൂറും സിനിമകള്‍ ചെയ്ത ആളായിരിക്കാം. എന്നാല്‍ മകന്റെ ആദ്യ പടം കഴിയുമ്പോഴേക്കും അച്ഛനോളം എത്തിയില്ലെന്ന താരതമ്യം വരും. അത്തരം പ്രശ്‌നങ്ങള്‍ ഇന്‍സ്ട്രിയില്‍ ഒരു ബന്ധവുമില്ലാതെ വരുന്നവര്‍ക്ക് ഇല്ലെന്നാണ് തോന്നുന്നത്,’ ടൊവിനോ പറയുന്നു.

എനിക്ക് അറിയുന്നവരാണ് ഈ നടന്മാരെല്ലാം. സിനിമയില്‍ വരുമ്പോള്‍ എനിക്കൊന്നും ഒന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല. പക്ഷേ അവര്‍ക്ക് അവരുടെ പാരമ്പര്യത്തിനനുസരിച്ചെങ്കിലും നിലനില്‍ക്കണമെന്നുണ്ടായിരുന്നു. പാരമ്പര്യം മാത്രം കൊണ്ട് നിലനില്‍ക്കാന്‍ ആവില്ല, അവരെല്ലാം അഭിനയവും ഉള്ളവരാണെന്നാണ് തോന്നുന്നത്, ടൊവിനോ പറഞ്ഞു.

മലയാള സിനിമയില്‍ ആരെയെങ്കിലും കോമ്പറ്റീറ്റര്‍ ആയി കാണുന്നുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. ഫഹദോ പൃഥ്വിയോ ദുല്‍ഖറോ നിവിനോ ആരെയാണു കോമ്പറ്റീറ്റര്‍ ആയി കാണുന്നത് എന്ന ചോദ്യത്തോട് ടൊവിനോയുടെ മറുപടി ഇങ്ങനെയായിരുന്നു.

‘എന്റെ ആഗ്രഹം ഒരു ഇന്റര്‍നാഷണല്‍ എക്‌സ്‌പോഷര്‍ ആണ്. അത് ഒരു സിനിമയിലല്ല. നിരന്തരമായിട്ട് ഇന്റര്‍നാഷണല്‍ എക്‌സ്‌പോഷര്‍ കിട്ടുന്ന രീതിയിലേക്കു ഞാന്‍ വളരണമെങ്കില്‍ ഞാന്‍ നില്‍ക്കുന്ന ഈ ഇന്‍ഡസ്ട്രി, അങ്ങനെ ഇന്റര്‍നാഷണലി ആളുകള്‍ നോക്കിക്കാണുന്ന, ഉറ്റുനോക്കുന്ന ഇന്‍ഡസ്ട്രി ആയി മാറണം. അങ്ങനെ നോക്കുമ്പോള്‍ എനിക്ക് ഇവരൊന്നും കോമ്പറ്റീറ്റേഴ്‌സ് അല്ല. ഇവരൊക്കെ എന്റെ ടീം അംഗങ്ങളാണ്,’ ടൊവിനോ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Tovino Thomas says about son of stars