ഫിലിം ഫെയറില്‍ തിളങ്ങി ടൊവിനോ; സ്വന്തമാക്കിയത് മോഹന്‍ലാലിനും മമ്മൂട്ടിക്കും ലഭിക്കാത്ത നേട്ടം
Entertainment news
ഫിലിം ഫെയറില്‍ തിളങ്ങി ടൊവിനോ; സ്വന്തമാക്കിയത് മോഹന്‍ലാലിനും മമ്മൂട്ടിക്കും ലഭിക്കാത്ത നേട്ടം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th February 2022, 12:47 pm

ഫിലിംഫെയര്‍ ഡിജിറ്റല്‍ മാഗസിന്‍ കവര്‍ ചിത്രമായി ടൊവിനോ തോമസ്. ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയചിത്രം നാരദനിലെ ലുക്കിലാണ് ടോവിനോ തോമസ് കവര്‍ ചിത്രത്തില്‍ എത്തുന്നത്.

ഇതാദ്യമായാണ് മലയാളത്തില്‍ നിന്നുള്ള ഒരു നടന്‍ ഫിലിം ഫെയര്‍ ഡിജിറ്റല്‍ കവറില്‍ ഇടംപിടിക്കുന്നത്.

മിന്നല്‍ മുരളിയുടെ പാന്‍ ഇന്ത്യ വിജയത്തിന് ശേഷമാണ് ടൊവിനോ ഇത്തരത്തില്‍ എസ്റ്റാബ്ലിഷ് ആവുന്നത്. അഭിനയ ജീവിതം തുടങ്ങിയതിന്റെ പത്താം വാര്‍ഷികത്തിലാണ് താരം ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്.

മാര്‍ച്ച് മൂന്നിന് മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വത്തിനൊപ്പം ക്ലാഷ് റിലീസായാണ് ടൊവിനോയുടെ നാരദന്‍ പുറത്തിറങ്ങുന്നത്.

സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് താരം ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

കട്ട താടിയും മുടിയുമായി ഇന്റലക്ച്വല്‍, സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് ടൊവിനോ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.

ഡാര്‍ക്ക് ഷേഡിലുള്ള പോസ്റ്ററുകള്‍ ചിത്രത്തിന്റെ ദുരൂഹ സ്വഭാവം വര്‍ധിപ്പിക്കുന്നതാണ്. സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും എന്നാണ് പുറത്തുവരുന്ന സൂചനകള്‍.

മായാനദിക്കും വൈറസിനും ശേഷം ടൊവിനോയും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദന്‍.

ഡിസംബര്‍ 25ന് പുറത്തിറങ്ങിയ ട്രെയ്‌ലറില്‍ ഇത് അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ് എന്ന ടൊവിനോയുടെ ഡയലോഗ് ശ്രദ്ധ നേടിയിരുന്നു. വളരെ മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് സാമൂഹിക മധ്യമങ്ങളില്‍ ലഭിച്ചത്.

ഒന്നിലധികം കാരണങ്ങള്‍ കൊണ്ട് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ തനിക്ക് വളരെയധികം ആവേശമുണ്ടെന്നാണ് നേരത്തെ ടൊവിനോ പറഞ്ഞിരുന്നു. അതിലൊന്ന് ഏറ്റവും മികച്ച ടീമിനൊപ്പമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണെന്നാണ് താരം പറയുന്നത്.

ആശയത്തിലേക്ക് വരുമ്പോള്‍ ഏറ്റവും കൃത്യമായ ലക്ഷ്യത്തിലേക്ക് തന്നെ ഈ സിനിമ കൊള്ളും. ഒരു അഭിനേതാവ് എന്ന നിലയിലും, കാലാകാരനെന്ന നിലയിലും, ശക്തമായ തിരക്കഥകളില്‍ വിശ്വസിക്കുന്ന വ്യക്തി എന്ന നിലയിലും ഇതില്‍ കൂടുതല്‍ പറയാന്‍ വയ്യെന്നും നിങ്ങളെല്ലാവരും ഇത് കാണണമെന്നുമായിരുന്നു ടൊവിനോ പറഞ്ഞിരുന്നത്.

അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്.

സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.

വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവിയര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, വിതരണം ഒ.പി.എം സിനിമാസ്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Content Highlight: Tovino Thomas Becomes first Mollywood actor to be feature in Cover of Film Fare Digital Magazine