പലപ്പോഴും അഭിനയം നിര്‍ത്തണമെന്ന് ചിന്തിച്ചിട്ടുണ്ട്, പുറത്ത് നിന്ന് കാണുന്നതുപോലെയല്ല ഇന്‍ഡസ്ട്രി: ടൊവിനോ
Entertainment news
പലപ്പോഴും അഭിനയം നിര്‍ത്തണമെന്ന് ചിന്തിച്ചിട്ടുണ്ട്, പുറത്ത് നിന്ന് കാണുന്നതുപോലെയല്ല ഇന്‍ഡസ്ട്രി: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th March 2022, 8:33 pm

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. യാതൊരു സിനിമാ ബാക്ഗ്രൗണ്ടുമില്ലാതെ സിനിമയിലെത്തിയ താരം കൂടിയാണ് ടൊവിനോ.

അരുണ്‍ റുഷ്ദി സംവിധാനം ചെയ്ത ഗ്രിസയിലിയില്‍ എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് ടൊവിനോ അഭിനയരംഗത്തേക്ക് കടക്കുന്നത്. 2012ല്‍ സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയം ആരംഭിച്ച താരത്തിന് ഇതിനോടകം തന്നെ നിരവധി സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചിട്ടുണ്ട്.

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ടൊവിനോ. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ടൊവിനോ തോമസ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ കാണുന്ന ഫോട്ടോ വെച്ച് ആരേയും ജഡ്ജ് ചെയ്യരുതെന്നും താനും വളരെയധികം സ്‌ട്രെസ്സിലൂടെയാണ് കടന്ന് പോകുന്നതെന്നും ടൊവിനോ പറയുന്നു.

”പുറത്തുനിന്ന് കാണുന്നതുപോലെയല്ല ഇന്‍ഡസ്ട്രിക്ക് അകത്ത്. എന്താണോ പുറത്തേക്ക് വിടുന്നത് അത് മാത്രമല്ലേ കാണുന്നുള്ളു. എന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ എടുത്ത് നോക്കിയാല്‍, ഞാന്‍ ഭയങ്കര സന്തോഷത്തില്‍ മാത്രം ജീവിക്കുന്ന ആളാണെന്ന് തോന്നും. കാരണം ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഇടുന്ന ഫോട്ടോ ചിരിച്ചുകൊണ്ടുള്ളതാണ്. എന്നാല്‍ അതല്ല, എനിക്കും ബാക്കിയുള്ള എല്ലാ മനുഷ്യരെ പോലെ നല്ല കാര്യങ്ങളും ചീത്തകാര്യങ്ങളും ഉണ്ടാകും. അതൊക്കെ നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കണോ.

അതൊക്കെ നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ നിന്നാലേ യഥാര്‍ത്ഥ നമ്മളെ മനസിലാക്കാന്‍ ആളുകള്‍ക്ക് പറ്റുകയുളളൂ. മറ്റേത് അവര്‍ എന്താണോ കാണണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നത് അതാണ് അവര്‍ കാണുന്നത്. ബ്രോ നിങ്ങളുടെ ജീവിതം എനിക്ക് വേണമെന്നൊക്കെ കമന്റ് ഇടുന്നത് കണ്ടിട്ടുണ്ട്. തനിക്കൊന്നും അറിയാന്‍ പാടില്ല, ഈ കാണുന്ന ഫോട്ടോ വെച്ചിട്ട് വിധിക്കരുതെന്ന് പറയാന്‍ തോന്നും അപ്പോള്‍. എങ്കില്‍ പോലും, ഞാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ വന്നു. അതിന്റെ കൂടെ വേറെ ചില കാര്യങ്ങളും വന്നുവെങ്കിലുമത് ആശ്ചര്യപ്പെടുത്തുന്നതാണ്,’ താരം പറയുന്നു.

എപ്പോഴെങ്കിലും ഇതെല്ലാം വേണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനും ടൊവിനോ മറുപടി നല്‍കുന്നുണ്ട്.

‘സ്വപ്നം സാക്ഷാത്കരിച്ച ശേഷം പിന്നെ വിജയം എന്നതൊരു ട്രാപ്പായി മാറുമ്പോള്‍, ആ സ്വപ്നം ചെയ്യാന്‍ തുടങ്ങുമ്പോള്‍ അത് ചെയ്യേണ്ട അതിനേക്കാളും ഭേദം നിര്‍ത്തുന്നതല്ലേയെന്ന് ചിന്തിച്ചിട്ടുണ്ട്. സാധാരണ ഒരു മനുഷ്യനുളള കപ്പാസിറ്റി തന്നെയുള്ള ആളാണ് ഞാന്‍. പക്ഷെ ഞാന്‍ എടുക്കുന്ന ജോലിയും എന്റെ തലയില്‍ വരുന്ന സമ്മര്‍ദവും വലുതാണ്. ഒരു സിനിമയുടെ റിലീസ് കഴിയുമ്പോഴേക്കും ആയുസില്‍ രണ്ട് വയസ് കുറഞ്ഞിട്ടുണ്ടാകും. ടെന്‍ഷനും യാത്രയും, പകല്‍ വര്‍ക്കും രാത്രി യാത്രയുമൊക്കെയാണ്. പലതവണ അഭിനയം നിര്‍ത്തുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ട്,’ എന്നാണ് ടൊവിനോ പറയുന്നത്.

ഒഴിവുസമയങ്ങളെല്ലാം കുടുംബത്തോടൊപ്പം ചിലവഴിക്കാറുണ്ടെന്നും ഒരിക്കലും മക്കള്‍ക്ക് അമ്മയോട് അമ്മേ ആരാണീ അങ്കിള്‍ എന്ന് തന്നെ നോക്കി ചോദിക്കേണ്ടി വന്നിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ആഷിഖ് അബു സംവിധാനം ചെയ്ത നാരദനാണ് ടൊവിനോയുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയ ചിത്രം.


Content Highlights: Tovino shares his experience in cinema industry