അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ടൊവീനോ ചിത്രം “എന്റെ ഉമ്മാന്റെ പേര്” ഡിസംബര്‍ 21 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഡബ്ബിംഗ് വേളയിലെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് നടന്‍ ടൊവീനോ തന്നെയാണ് റിലീസിംഗ് തിയതി അറിയിച്ചത്.
നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ കഥയും സംവിധാനവും നിര്‍വഹിയ്ക്കുന്ന ചിത്രത്തില്‍ ഹമീദ് എന്ന കച്ചവടക്കാരനെയാണ് ടൊവിനോ അവതരിപ്പിക്കുക. ടൊവിനോയുടെ ഉമ്മ വേഷത്തില്‍ ഉര്‍വ്വശിയാണ് എത്തുക. ഉര്‍വശിയും ടൊവിനോയും ഒന്നിച്ചെത്തുന്ന ആദ്യചിത്രമാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
തഗ്സ് ഓഫ് ഹിന്ദോസ്ഥാന്റെ പരാജയം ഏറ്റെടുത്ത് ആമിര്‍ ഖാന്‍
“അമ്മ -മകന്‍ ബന്ധത്തിനു ഊന്നല്‍ കൊടുക്കുന്ന ചിത്രമാണിതെന്ന് സംവിധായകന്‍ പറയുന്നു. ഹമീദിന്റെ ജീവിതയാത്രയാണ് കഥ. എഴുത്തു കഴിഞ്ഞപ്പോള്‍ തന്നെ ഉര്‍വശി ചേച്ചിയുടെ മുഖം ആയിരുന്നു ഉമ്മയുടെ കഥാപാത്രത്തിനായി മുമ്പില്‍ വന്നത്. അവതരിപ്പിച്ചപ്പോള്‍ സമ്മതം ലഭിച്ചു”. പുതുമുഖം സായിപ്രിയയാണ് ചിത്രത്തിലെ നായിക.
ഹരീഷ് കണാരന്‍, മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍ എന്നിവരടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. ആന്റോ ജോസഫ്, സി.ആര്‍. സലിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയ്ക്ക് സംഗീതം സംവിധാനം ഗോപിസുന്ദറിന്റേതാണ്. എഡിറ്റിങ് മഹേഷ് നാരായണനും ആര്‍ട് സന്തോഷ് നാരായണനും നിര്‍വ്വഹിക്കും. സ്പാനിഷ് ഛായാഗ്രാഹകന്‍ ജോര്‍ഡി പ്ലാനെല്‍ ആണ് ക്യാമറ ചെയ്യുന്നത്.