Entertainment
ഞാന്‍ സ്‌കോര്‍ ചെയ്ത പല സിനിമകളിലും ആ നടനായിരുന്നു നായകന്‍, തൊഴണം അയാളെ: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 10, 03:33 am
Monday, 10th March 2025, 9:03 am

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം ഇതിനോടകം 600ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആറ് തവണ സ്വന്തമാക്കിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മലയാളത്തിലും തമിഴിലും ഉര്‍വശിയുടെ പെയറായി അഭിനയിച്ചിട്ടുള്ള നടനാണ് ജയറാം. മലയാളത്തിലെ ഒരുപാട് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ജയറാമിനെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടിയില്‍ അഭിനയിച്ച സമയത്ത് താന്‍ ജയറാമിനെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്ന് ഉര്‍വശി പറഞ്ഞു.

ഒരുപാട് കാലം കാണാതിരുന്ന ദമ്പതികളായാണ് തങ്ങള്‍ മാളൂട്ടിയില്‍ അഭിനയിച്ചതെന്നും ആദ്യമായി തമ്മില്‍ കാണുന്ന സമയത്ത് കെട്ടിപ്പിടിക്കുന്ന സീന്‍ ഉണ്ടായിരുന്നെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ആ സീന്‍ ഒരുപാട് ടേക്ക് പോയെന്നും ഭരതനോട് ദേഷ്യപ്പെടാന്‍ പറ്റാത്തതിനാല്‍ ജയാറമിന്റെ വാരിയെല്ലില്‍ കുത്തുമായിരുന്നെന്നും ഉര്‍വശി പറഞ്ഞു.

ഇറിറ്റേറ്റഡായ തന്റെ മുഖം കാണുമ്പോഴെങ്കിലും ഭരതന്‍ കട്ട് വിളിക്കുമെന്ന് വിചാരിച്ചാണ് അങ്ങനെ ചെയ്തതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. സംവിധായകനോടുള്ള ദേഷ്യം തന്നോട് എന്തിനാ കാണിക്കുന്നതെന്ന് ജയറാം ചോദിക്കുമായിരുന്നെന്നും ഒരിക്കല്‍ പോലും അയാളോട് സോറി പറഞ്ഞിട്ടില്ലെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ സ്വഭാവത്തിന് തൊഴാന്‍ തോന്നിയിട്ടുണ്ടെന്നും വളരെയധികം ആത്മബന്ധമുള്ള നടനാണ് ജയറാമെന്നും ഉര്‍വശി പറഞ്ഞു. മഴവില്‍ക്കാവടി, മാളൂട്ടി, കടിഞ്ഞൂല്‍ കല്യാണം തുടങ്ങി താന്‍ സ്‌കോര്‍ ചെയ്ത പല സിനിമയിലും ജയറാമായിരുന്നു നായകനെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ഫ്‌ളവേഴ്‌സ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘ജയറാമേട്ടനെയൊക്കെ തൊഴണം. അത്രക്ക് പാവമാണ്. മാളൂട്ടിയുടെ ഷൂട്ട് നടക്കുന്ന സമയം. ഒരുപാട് കാലത്തിന് ശേഷം കാണുന്ന ഭാര്യയും ഭര്‍ത്താവുമാണ് ഞങ്ങള്‍. അപ്പോള്‍ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്ന സീന്‍ എടുക്കുകയാണ്. ഒരുപാട് ടേക്ക് എടുത്തു. എനിക്കാണെങ്കില്‍ ഭരതേട്ടനോട് ദേഷ്യം വന്നു. അത് മുഴുവന്‍ തീര്‍ത്തത് ജയറാമേട്ടന്റെയടുത്തായിരുന്നു. പുള്ളിയുടെ ആറാം വാരിയില്‍ ഞാന്‍ കുത്തുകയായിരുന്നു.

എന്റെ ഇറിറ്റേറ്റഡായ മുഖം കണ്ടിട്ടെങ്കിലും ഭരതന്‍ സാര്‍ കട്ട് വിളിക്കുമെന്ന് വിചാരിച്ചു. അതൊന്നും ഉണ്ടായില്ല. ‘സംവിധായകനോടുള്ള ദേഷ്യം എന്തിനാ പൊടീ എന്നോട് തീര്‍ക്കുന്നത്’ എന്നാണ് ജയറാമേട്ടന്‍ ചോദിച്ചത്. ഒരിക്കല്‍ പോലും ഞാന്‍ അതിനൊന്നും പുള്ളിയോട് മാപ്പ് ചോദിച്ചിട്ടില്ല. ഞങ്ങള്‍ തമ്മിലുള്ള ബന്ധം അങ്ങനെയാണ്. ഞാന്‍ സ്‌കോര്‍ ചെയ്തിട്ടുള്ള പല പടങ്ങളും, മാളൂട്ടി, കടിഞ്ഞൂല്‍ കല്യാണം, മഴവില്‍ക്കാവടി, അതിലെല്ലാം നായകന്‍ ജയറാമേട്ടനായിരുന്നു,’ ഉര്‍വശി പറഞ്ഞു.

Content Highlight: Urvashi shares the shooting experience with Jayaram