മൂന്നാമന്‍ മെസി, അഞ്ചാമന്‍ നെയ്മര്‍, ആദ്യ അഞ്ചില്‍ ഇല്ലാതെ റൊണാള്‍ഡോ; എങ്കില്‍ ഒന്നാമനാര്?
Football
മൂന്നാമന്‍ മെസി, അഞ്ചാമന്‍ നെയ്മര്‍, ആദ്യ അഞ്ചില്‍ ഇല്ലാതെ റൊണാള്‍ഡോ; എങ്കില്‍ ഒന്നാമനാര്?
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th October 2022, 3:40 pm

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവുമധികം അസിസ്റ്റുകള്‍ നല്‍കിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി പി.എസ്.ജി സൂപ്പര്‍ താരം ലയണല്‍ മെസി. പി.എസ്.ജിയിലെ സഹതാരങ്ങളായ കിലിയന്‍ എംബാപ്പെ നാലാമതും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ അഞ്ചാമതുമാണ്.

ക്ലബ്ബ് തലത്തിലും ദേശീയ ടീമിന് വേണ്ടിയും നടത്തിയ അസിസ്റ്റുകളുടെ പട്ടികയിലാണ് മെസി മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷ കാലയിളവിനിടയില്‍ 288 മത്സരത്തതില്‍ നിന്നുമായി 108 തവണയാണ് മെസി ഗോള്‍ നേടാന്‍ തന്റെ സഹതാരങ്ങള്‍ക്ക് അവസരം നല്‍കിയിരിക്കുന്നത്.

പട്ടികയില്‍ ഒന്നാമന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയന്‍ ഇന്റര്‍നാഷണല്‍ താരം കെവിന്‍ ഡി ബ്രൂയ്‌നാണ് പട്ടികയില്‍ ഒന്നാമന്‍. ഗോളടിക്കുന്നതിനേക്കാള്‍ സഹ താരങ്ങളെ കൊണ്ട് ഗോളടിപ്പിക്കുന്നതില്‍ ഹരം കണ്ടെത്തുന്ന സിറ്റിയുടെ സൂപ്പര്‍ താരം കഴിഞ്ഞ അഞ്ച് വര്‍ഷം കളിച്ച 271 മത്സരത്തില്‍ നിന്നും 121 അസിസ്റ്റുകളാണ് സ്വന്തം പേരിന് നേരെ കുറിച്ചിട്ടുള്ളത്.

വരാനിരിക്കുന്ന ലോകകപ്പില്‍ ബെല്‍ജിയത്തിന്റെ കുതിപ്പിനെ മുന്നില്‍ നിന്നും നയിക്കുന്ന ഡി ബ്രൂയ്ന്‍ ഇത്തവണത്തെ ബാലണ്‍ ഡി ഓറില്‍ പോഡിയം ഫിനിഷും സ്വന്തമാക്കിയിരുന്നു.

അസിസ്റ്റുകളുടെ എണ്ണത്തില്‍ തോമസ് മുള്ളറാണ് രണ്ടാമന്‍, ബയേണ്‍ മ്യൂണിക്കിന്റെ ഈ ജര്‍മന്‍ സൂപ്പര്‍ താരം 278 മത്സരത്തില്‍ നിന്നും 111 അസിസ്റ്റുകള്‍ സ്വന്തമാക്കിയാണ് മെസിയെ മറികടന്ന് പട്ടികയില്‍ രണ്ടാമതെത്തിയത്.

ഫ്രാന്‍സിന്റെ പി.എസ്.ജി താരം കിലിയന്‍ എംബാപ്പെയാണ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയിരിക്കുന്നത്. 288 മത്സരത്തില്‍ നിന്നും 95 അസിസ്റ്റാണ് എംബാപ്പെയുടെ പേരിലുള്ളത്.

പട്ടികയില്‍ പി.എസ്.ജിയുടെ ആധിപത്യമുറപ്പിച്ചുകൊണ്ട് ബ്രസീല്‍ താരം നെയ്മറാണ് കൂട്ടത്തിലെ അഞ്ചാമന്‍. 204 മത്സരത്തില്‍ നിന്നും 86 തവണയാണ് നെയ്മര്‍ തന്റെ സഹതാരങ്ങള്‍ക്കായി ഗോള്‍ അവസരം ഒരുക്കിയത്.

വരാനിക്കുന്ന ലോകകപ്പില്‍ ദേശീയ ടീമിന്റെ പ്രതീക്ഷകളേറെയും ഈ താരങ്ങളില്‍ തന്നെയാണ്. ചരിത്രത്തിലെ ആറാം കിരീടത്തിനായി കാനറികള്‍ ഇറങ്ങുമ്പോള്‍ കോപ്പക്കും ഫൈനലിസിമക്കും ശേഷം ലോകകപ്പും തങ്ങളുടെ പാളയത്തിലേക്കെത്തിക്കാനാണ് അര്‍ജന്റീന ഒരുങ്ങുന്നത്.

കൈവിട്ട കിരീടം തിരിച്ചുപിടിക്കാന്‍ ജര്‍മനിയും കിരീടം നിലനിര്‍ത്താന്‍ ഫ്രാന്‍സും ഒരുങ്ങുമ്പോള്‍ ഏത് കൊലകൊമ്പനേയും മലര്‍ത്തിയടിച്ച് കറുത്ത കുതിരകളാകാനാണ് ബെല്‍ജിയം ഒരുങ്ങുന്നത്.

 

Content Highlight: Top 5 super stars with most assists in last 5 years