എന്റെ റിയല്‍ ലൈഫുമായി ബീസ്റ്റിന് ചില സാമ്യമുണ്ട്: വിജയ്
Film News
എന്റെ റിയല്‍ ലൈഫുമായി ബീസ്റ്റിന് ചില സാമ്യമുണ്ട്: വിജയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th April 2022, 3:56 pm

നെല്‍സണ്‍ സംവിധാനം ചെയ്ത പുതിയ വിജയ് ചിത്രം ബീസ്റ്റ് ഏപ്രില്‍ 13ന് റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിജയുടെ പ്രകടനത്തെ പുകഴ്ത്തുമ്പോള്‍ തന്നെ നെല്‍സന്റെ സംവിധാനത്തിലെ പാളിച്ചകളും പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

ബീസ്റ്റ് ചിത്രത്തിനൊപ്പം തന്നെ പ്രേക്ഷകരുടെ ചര്‍ച്ചാ വിഷയമായിരുന്നു പത്ത് വര്‍ഷത്തിന് ശേഷം സണ്‍ ടി.വിയ്ക്ക് വിജയ് നല്‍കിയ അഭിമുഖം. സംവിധായകന്‍ നെല്‍സണ്‍ തന്നെയായിരുന്നു അഭിമുഖത്തില്‍ അവതാരകനായത്. താന്‍ ചെയ്ത സിനിമകളിലെ കഥാപാത്രങ്ങളില്‍ ഏത് വേഷമാണ് ജീവിതത്തില്‍ സാമ്യം തോന്നിയത് എന്ന ചോദ്യത്തിന് ബീസ്റ്റും പോക്കിരിയുമാണ് എന്നായിരുന്നു താരത്തിന്റെ മറുപടി.

”എന്റെ റിയല്‍ ലൈഫുമായി കണക്ട് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമായി കുറച്ചൊക്കെ തോന്നിയത് പോക്കിരി എന്ന എന്റെ സിനിമയിലെ കഥാപാത്രമായിരിക്കും. കുറച്ച് ബീസ്റ്റുമുണ്ടെന്ന് പറയാം. ഇപ്പോള്‍ പറഞ്ഞത് ബീസ്റ്റ് റിലീസിന്റെ പ്രോമോഷന് വേണ്ടിയാണ് എന്ന് വിചാരിക്കരുത്,” വിജയ് പറഞ്ഞു.

”ബീസ്റ്റില്‍ കഥാപാത്രത്തിന്റെ ആറ്റിറ്റിയൂഡും അതിലെ എന്റെ കഥാപാത്രം പ്രതികരിക്കുന്ന രീതിയോടും എളുപ്പത്തില്‍ എന്റെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെടുത്താന്‍ കഴിയും. അതിലെ കഥാപാത്രം പ്രതികരിക്കുന്ന രീതിയും സംസാരിക്കുന്ന രീതിയെക്കുറിച്ചുമാണ് ഞാന്‍ പറയുന്നത്. അല്ലാതെ വെടിവെച്ച് കൊല്ലുന്നതിനെക്കുറിച്ചല്ല സംസാരിക്കുന്നത്,” വിജയ് കൂട്ടിച്ചേര്‍ത്തു.

സണ്‍ പിക്ചേഴ്സിന്റ നിര്‍മാണത്തിലൊരുങ്ങിയ ബീസ്റ്റില്‍ പൂജ ഹെഗ്ഡേയാണ് നായിക. സെല്‍വരാഘവന്‍, ഷൈന്‍ ടോം ചാക്കോ, യോഗി ബാബു, റെഡിന്‍ കിംഗ്സ്ലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിംഗ് ആര്‍. നിര്‍മല്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ ഡി.ആര്‍.കെ.കിരണുമാണ് നിര്‍വഹിച്ചത്.

Content Highlight: To the question of what role in life is similarity, vijay replied beast and pokkiri