Sports News
പലതിന്‍റെയും പ്രതികാരം; മുരളി വിജയ്ക്ക് മുമ്പില്‍ ദിനേഷ് കാര്‍ത്തിക്കിന് വേണ്ടി ജയ് വിളിച്ച് ആരാധകര്‍; തുടര്‍ന്ന് നടന്നത് നാടകീയ സംഭവങ്ങള്‍ (വീഡിയോ)
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jul 27, 02:23 am
Wednesday, 27th July 2022, 7:53 am

തമിഴ്‌നാട് ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളാണ് ദിനേഷ് കാര്‍ത്തിക്കും മുരളി വിജയ്‌യും. തമിഴ്‌നാട് ടീമിന്റെ നായകസ്ഥാനം അലങ്കരിച്ച ഇരുവരും ഇന്ത്യന്‍ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ഐ.പി.എല്ലിലും തങ്ങളുടെ മാസ്മരിക പെര്‍ഫോമന്‍സ് കാഴ്ചവെച്ച ഇരുവരെയും ക്രിക്കറ്റ് ആരാധകര്‍ ഒരുപോലെ ഇഷ്ടപ്പെട്ടിരുന്നു.

2022 ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെ ദിനേഷ് കാര്‍ത്തിക് ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് വമ്പന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. ദിനേഷ് കാര്‍ത്തിക്കിന്റെ കരിയര്‍ അവസാനിച്ചു എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു ഡി.കെയുടെ തിരിച്ചുവരവ്. ഒരുവേള ഇന്ത്യന്‍ ടീമിനെ നയിക്കാനും ഈ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് സാധിച്ചു.

മുരളി വിജയ് ആകട്ടെ നിലവില്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗ് (ടി.എന്‍.പി.എല്‍) കളിക്കുകയാണ്. നിലവില്‍ റൂബി ട്രിച്ചി വാറിയേഴ്‌സിന്റെ താരമാണ് മുരളി വിജയ്.

കഴിഞ്ഞ ദിവസം ടി.എന്‍.പി.എല്‍ മത്സരത്തിനിടെ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. നെല്ലായ് റോയല്‍ കിങ്‌സും ട്രിച്ചി വാരിയേഴ്‌സും തമ്മില്‍ നടന്ന കളിക്കിടെ ആയിരുന്നു സംഭവം.

മുരളി വിജയ് ബൗണ്ടറി ലൈനിനിടെ ഫീല്‍ഡ് ചെയ്യവെ ആരാധകര്‍ ദിനേഷ് കാര്‍ത്തിക്കിന് വേണ്ടി ജയ് വിളിക്കുകയായിരുന്നു. ഡി.കെ. ഡി.കെ എന്ന് ചാന്റ് ചെയ്തുകൊണ്ടായിരുന്നു ആരാധകര്‍ മുരളി വിജയ്ക്ക് നേരെ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

എന്നാല്‍, നിസ്സഹയാതോടെ കൈകൂപ്പിയാണ് മുരളി വിജയ് പ്രതികരിച്ചത്.

ദിനേഷ് കാര്‍ത്തിക്കിന്റെ മുന്‍ഭാര്യ നികിതയെയാണ് മുരളി വിജയ് വിവാഹം ചെയ്തത്. ഈ സംഭവം വലിയ വിവാദമായിരുന്നു സൃഷ്ടിച്ചത്. കുറച്ച് മുമ്പും സോഷ്യല്‍ മീഡിയില്‍ വിഷയം സജീവ ചര്‍ച്ചയായിരുന്നു. 2015ല്‍ ദിനേഷ് കാര്‍ത്തിക് ഇന്ത്യന്‍ സ്‌ക്വാഷ് താരവും മലയാളിയുമായിരുന്ന ദീപിക പള്ളിക്കലിനെ വിവാഹം ചെയ്യുകയായിരുന്നു.

അതേസമയം, കഴിഞ്ഞ മത്സരത്തില്‍ മുരളി വിജയ് സെഞ്ച്വറി നേടിയിരുന്നു. 57 പന്തില്‍ നിന്നുമായിരുന്നു മുരളി വിജയ് നൂറടിച്ചത്. 66 പന്തില്‍ നിന്നും 121 റണ്‍സുമായാണ് താരം നെല്ലായ് നായകന്‍ ബാബ ഇന്ദ്രജിത്തിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. താരത്തിന്റെ സെഞ്ച്വറിക്കും ടീമിനെ രക്ഷിക്കാനായില്ല. 66 റണ്‍സിനായിരുന്നു റോയല്‍ കിങ്‌സ് മത്സരം വിജയിച്ചത്.

മുരളി വിജയ്

ആദ്യം ബാറ്റ് ചെയ്ത നെല്ലായ് റോയല്‍ കിങ്‌സ് ബാബ അപരജിത്തിന്റെയും സഞ്ജയ് യാദവിന്റെയും ഇന്നിങ്‌സിന്റെ ബലത്തില്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. 48 പന്തില്‍ നിന്നും 92 റണ്‍സുമായി അപരജിത്തും 55 പന്തില്‍ നിന്നും 103 റണ്‍സുമായി സഞ്ജയ് യാദവും പുറത്താവതെ നിന്നപ്പോള്‍ നെല്ലായ് സ്‌കോര്‍ 20 ഓവറില്‍ റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു.

ബാബ അപരജിത്ത്

 

സഞ്ജയ് യാദവ്

എന്നാല്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിച്ചി ഇന്നിങ്‌സ് 170ല്‍ അവസാനിക്കുകയായിരുന്നു. മുരളി വിജയ് മാത്രം തിളങ്ങിയപ്പോള്‍ മറ്റെല്ലാ താരങ്ങളും പരാജയപ്പെടുകയായിരുന്നു. താരത്തിന് പുറമെ രണ്ട് പേര്‍ മാത്രമാണ് ഇരട്ടയക്കം കണ്ടത്. 11 റണ്‍സാണ് എക്‌സ്ട്രാ ഇനത്തില്‍ നെല്ലായ് ബൗളര്‍മാര്‍ വിട്ടുനല്‍കിയത്. ട്രിച്ചി ഇന്നിങ്‌സിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറും ഇതുതന്നെ.

 

Content highlight:  TNPL 2022, Fans Chant Dinesh Karthik’s Name In Front Of Murali Vijay