Entertainment
അന്ന് എന്റെ സ്ഥാനത്ത് മമ്മൂക്കയോ രജിനികാന്തോ ആയിരുന്നുവെങ്കിൽ എല്ലാവരും എന്തൊരു എളിമയെന്ന് പറഞ്ഞേനെ: ടിനി ടോം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 27, 07:37 am
Thursday, 27th June 2024, 1:07 pm

മിമിക്രിയില്‍ നിന്നും സിനിമയിലേക്ക് വന്ന നടനാണ് ടിനി ടോം. 1998ല്‍ റിലീസ് ചെയ്ത പഞ്ചപാണ്ഡവരാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. എന്നാല്‍ മമ്മൂട്ടി നായകനായ പട്ടാളത്തിലൂടെയാണ് ടിനി ശ്രദ്ധിക്കപ്പെട്ടത്. മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന് കരിയര്‍ ബ്രേക്ക് ലഭിക്കുന്നത്.

അണ്ണന്‍ തമ്പി, ഈ പട്ടണത്തില്‍ ഭൂതം എന്നീ ചിത്രങ്ങളിലെ ഇരട്ട വേഷങ്ങളിലും പാലേരി മാണിക്യത്തിലെ ട്രിപ്പിള്‍ റോളിലും ടിനി ടോം മമ്മൂട്ടിയുടെ ബോഡി ഡബിള്‍ ആയി അഭിനയിച്ചിട്ടുണ്ട്.

സിനിമകളിലും ടെലിവിഷൻ പരിപാടികളിലും ഇപ്പോഴും സജീവമാണ് ടിനി ടോം. ഒരിക്കൽ ബസിൽ യാത്ര ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് താരം. ആളുകളെ കണ്ട് ഒബ്സെർവ് ചെയ്യാനായി താനൊരിക്കൽ ബസിൽ യാത്ര ചെയ്തിരുന്നുവെന്നും എന്നാൽ അന്ന് എല്ലാവരും തന്നോട് ചോദിച്ചത്, നിങ്ങൾ രക്ഷപ്പെട്ടിട്ടില്ലേ എന്നായിരുന്നുവെന്നും ടിനി പറയുന്നു. തനിക്ക് പകരം മറ്റൊരു സൂപ്പർ സ്റ്റാറാണ് അങ്ങനെ യാത്ര ചെയ്യുന്നതെങ്കിൽ എല്ലാവരും എളിമയാണെന്ന് പറഞ്ഞേനെയെന്നും താരം കൂട്ടിച്ചേർത്തു. കൗമുദി മൂവിസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുറച്ച് നാൾ മുമ്പ് ഞാൻ വെറുതെ ഒരു ബസിൽ കയറി. ജനങ്ങളെ ഒബ്സെർവ് ചെയ്യാമെന്നെല്ലാം കരുതിയാണ്. അതൊരു രസമാണല്ലോ. അങ്ങനെ വെറുതെ ഞാൻ എന്റെ ബസ്‌ സ്റ്റോപ്പിൽ നിന്ന് കയറി.

നീയൊന്നും ഇത് വരെ രക്ഷപ്പെട്ടില്ലേടാ, കുറെയായല്ലോ കാറൊന്നും വാങ്ങിയിട്ടില്ലേ എന്നാണ് ചോദിക്കുന്നത്. രജിനികാന്തും മമ്മൂക്കയുമൊക്കെ കയറി കഴിഞ്ഞാൽ എല്ലാവരും പറയുന്നത് എന്തായിരിക്കും, ഇതൊരു പ്രൊമോഷന്റെ ഭാഗമായിരിക്കും.

അല്ലെങ്കിൽ എന്തൊരു എളിമ എന്നൊക്കെ പറയും. പക്ഷെ ഞാനൊക്കെ ആണെങ്കിൽ ഇവനൊന്നും രക്ഷപ്പെട്ടില്ല എന്നാണ് എല്ലാവരും പറയുക. അതാണ് വ്യത്യാസം,’ടിനി ടോം പറയുന്നു.

 

Content Highlight: Tini Tom Shares  His Experience About a bus journey