'തുരുത്തിയും തിരുത്തപ്പെടണം' ; ഭൂമി ഏറ്റെടുക്കുന്നതിനെതിരെയുള്ള തുരുത്തി നിവാസികളുടെ നിയമസഭാ മാര്‍ച്ച് നാളെ
Kerala
'തുരുത്തിയും തിരുത്തപ്പെടണം' ; ഭൂമി ഏറ്റെടുക്കുന്നതിനെതിരെയുള്ള തുരുത്തി നിവാസികളുടെ നിയമസഭാ മാര്‍ച്ച് നാളെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th June 2018, 9:35 pm

തിരുവനന്തപുരം: ദേശീയ വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാളെ തുരുത്തി നിവാസികളുടെ നിയമസഭാ മാര്‍ച്ച്. തുരുത്തി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഇരകളാക്കപ്പെടുന്ന മുഴുവന്‍ പേരും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

ദേശീയപാതാ വികസനത്തിനായി ബദല്‍മാര്‍ഗങ്ങളുണ്ടായിട്ടും പ്രകൃതി നശിപ്പിച്ചും മുപ്പതോളം ദളിത് കുടുംബങ്ങളെ കുടിയിറക്കിയുമുള്ള ഭൂമിയേറ്റെടുക്കലിനെതിരെ തുരുത്തി നിവാസികള്‍ ഒരുമാസത്തിലധികമായി സമരം തുടരുകയാണ്.

ദേശീയപാത വികസനത്തിനായുള്ള 3ഡി അലൈന്‍മെന്റ് ഹൈക്കോടതി ജൂണ്‍ ഒന്നിന് സ്റ്റേ ചെയ്തിരുന്നു തുരുത്തി നിവാസിയായ പ്രദീപ് എ എന്നയാള്‍ നല്‍കിയ ഹരജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.

Image may contain: food and text

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂന്ന് അലൈന്‍മെന്റുകളാണ് ദേശീയപാത അതോറിറ്റി തയ്യാറാക്കിയിരുന്നത്. ഇതില്‍ ആദ്യ രണ്ട് അലൈന്‍മെന്റുകള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അധികൃതര്‍ ഒഴിവാക്കുകയായിരുന്നു. ഒന്നാമത്തെ അലൈന്‍മെന്റ് ആര്‍ക്കും ഉപദ്രവകരമല്ലെന്നിരിക്കെയാണ് നാലുവളവുകളോട് കൂടിയുള്ള മൂന്നാമത്തെ അലൈന്‍മെന്റ് അധികൃതര്‍ തെരഞ്ഞെടുത്തത്.

വേളാപുരം മുതല്‍ തുരുത്തി വരെയുള്ള 500 മീറ്റര്‍ ദൂരത്തിലെ ഈ വളവുകള്‍ കാരണമാണ് ഈ കുടുംബങ്ങള്‍ക്ക് കുടിയിറങ്ങേണ്ടി വരുന്നത്. 50 മീറ്റര്‍ വിട്ട് ദേശീയപാത നിര്‍മ്മിക്കാമെന്നിരിക്കെയാണ് പരിസ്ഥിതി പ്രധാന്യമുള്ള മേഖലയിലൂടെ റോഡ് നിര്‍മ്മിക്കുന്നത്.