കൊച്ചി: കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന്റെ വിയോഗത്തോടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സീറ്റിനായി കോണ്‍ഗ്രസില്‍ ചരടുവലികള്‍ മുറുകുന്നു. പി.ടി. തോമസിന്റെ ഭാര്യയും മുന്‍ കെ.എസ്.യു നേതാവുമായ ഉമ തോമസ് മത്സരരംഗത്തുണ്ടായേക്കുമെന്ന പ്രചരണം ശക്തമാണെങ്കിലും കോണ്‍ഗ്രസ് നേതൃത്വം വിഷയത്തില്‍ ഇപ്പോഴും മൗനം തുടരുകയാണ്.
പി.ടി. തോമസ് അന്തരിച്ചതോടെ മണ്ഡലത്തില്‍ ആര് മത്‌സരിക്കും എന്ന ചോദ്യത്തില്‍ ആദ്യം ഉയര്‍ന്നുകേട്ട പേര് ഉമ തോമസിന്റെതായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഉമ തോമസും ഒരു നിലപാടെടുത്തിട്ടില്ല.
പി.ടി. തോമസിന്റെ സാമ്പത്തിക ബാധ്യത പാര്‍ട്ടി ഏറ്റെടുക്കണമെന്ന ആവശ്യം ഉമയെ മത്സരിപ്പിക്കാതിരിക്കാന്‍ വേണ്ടിയെന്നാണ് ആക്ഷേപമുയരുന്നത്. ബാധ്യത ഏറ്റെടുത്താല്‍ പിന്നീട് ഉമയ്ക്ക് സീറ്റ് നല്‍കാനാവില്ല എന്ന നിലപാട് ഇവര്‍ ഉയര്‍ത്തിയേക്കും.
ഉമ തോമസ് അല്ലെങ്കില്‍ പിന്നെ ആര് എന്ന ചോദ്യവും കോണ്‍ഗ്രസിനുള്ളില്‍ ശക്തമാണ്. എറണാകുളം ജില്ലയില്‍ നിന്നുള്ള നേതാക്കളെ തന്നെയാവും കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുക എന്നാണ് കരുതുന്നത്.
അങ്ങനെയെങ്കില്‍ പാര്‍ട്ടി മുഖപത്രം വീക്ഷണത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ജെയ്‌സന്‍ ജോസഫ്, മുന്‍ എം.എല്‍.എ ഡൊമനിക് പ്രസന്റേഷന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് എന്നിവരും പട്ടികയിലുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റവരേയും പരിഗണിക്കുകയാണെങ്കില്‍ സ്ഥാനര്‍ത്ഥി പട്ടിക ഇനിയും വലുതാവും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഉടന്‍ യോഗം ചേരുമെന്നും സൂചനയുണ്ട്.
ഡിസംബര്‍ 22നാണ് തൃക്കാക്കര മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്ന പി.ടി. തോമസ് അന്തരിച്ചത്. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു പി.ടി. തോമസിന്റെ അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. അര്‍ബുദ രോഗ ബാധിതനുമായിരുന്നു.
മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ കെ.എസ്.യുവിലൂടെയാണ് പി.ടി. തോമസ് സജീവരാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. സംഘടനയുടെ കോളജ് യൂണിയന്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1980ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 80 മുതല്‍ കെ.പി.സി.സി, എ.ഐ.സി.സി അംഗമാണ്. 1991, 2001 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ നിന്നും 2016-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ നിന്നും നിയമസഭാംഗമായി.
1996ലും 2006-ലും തൊടുപുഴയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു. 2007ല്‍ ഇടുക്കി ഡി.സി.സിയുടെ പ്രസിഡന്റായി. 2009-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.