സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; രോഗം കണ്ടത്തിയതില്‍ രണ്ട് വയസ്സുള്ള കുട്ടിയും
Kerala News
സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; രോഗം കണ്ടത്തിയതില്‍ രണ്ട് വയസ്സുള്ള കുട്ടിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th July 2021, 5:39 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആശുപത്രി ജീവനക്കാരനടക്കമുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബാക്കി രണ്ടു പേര്‍ തലസ്ഥാനത്ത് ആശുപത്രിയില്‍ ചികിത്സയിലുള്ളവരാണ്. ഇതില്‍ രണ്ട് വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്.

രോഗം സ്ഥിരീകരിച്ചവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 18 ആയി. ഇന്ന് പരിശോധിച്ച 26 പേരുടെ ഫലം നെഗറ്റീവാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം, സിക്ക വൈറസ് പരിശോധന നടത്താന്‍ സംസ്ഥാനം സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍.ഐ.വി. യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുന്നത്.

എന്‍.ഐ.വി. പൂനെയില്‍ നിന്നും ഈ ലാബുകളിലേക്ക് സിക്ക വൈറസ് പരിശോധന നടത്താന്‍ കഴിയുന്ന 2100 പി.സി.ആര്‍. കിറ്റുകള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം 1000, തൃശൂര്‍ 300, കോഴിക്കോട് 300, ആലപ്പുഴ എന്‍.ഐ.വി. 500 എന്നിങ്ങനെയാണ് ടെസ്റ്റ് കിറ്റുകള്‍ ലഭിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക്ക എന്നിവ പരിശോധിക്കാന്‍ കഴിയുന്ന 500 ട്രയോപ്ലക്‌സ് കിറ്റുകളും സിക്ക വൈറസ് മാത്രം പരിശോധിക്കാന്‍ കഴിയുന്ന 500 സിങ്കിള്‍ പ്ലക്‌സ് കിറ്റുകളുമാണ് ലഭിച്ചത്. മറ്റ് മൂന്ന് ലാബുകളില്‍ സിക്ക പരിശോധിക്കാന്‍ കഴിയുന്ന സിങ്കിള്‍ പ്ലക്‌സ് കിറ്റുകളാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച സംസ്ഥാനത്ത് 10 പേര്‍ക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായി ആയിരുന്നു സിക്ക വൈറസ് സ്ഥിരീകരിച്ചത്. കൊവിഡിനിടെ കേരളത്തില്‍ സിക്ക വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചതോടെ ആശങ്ക വര്‍ധിക്കുകയാണ്.

മരണസാധ്യത വളരെ കുറവാണെങ്കിലും ഗര്‍ഭിണികളാണ് സിക്കയെ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കൊതുകുകള്‍ വഴി പടരുന്ന രോഗമാണ് സിക്ക. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വൈറസ് പരത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Three more people has been confirmed Sika virus in in the state