കോഴിക്കോട്: സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിനു നേരെ ആക്രമണം നടന്നതിനു പിന്നാലെ ശ്രീചിത്രന്‍ എം.ജെക്ക് നേരെ ഭീഷണി സന്ദേശം. “സൂക്ഷിച്ചോ, അടുത്തത് നീയാണ്” എന്ന് ഭീഷണിപ്പെടുത്തുന്ന ഫോണ്‍കോളാണ് ലഭിച്ചത് എന്ന് ശ്രീചിത്രന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഇന്റര്‍നെറ്റ് കോളാണ് വന്നതെന്നും ഭീഷണിക്ക് പിന്നാലെ തെറിവിളിയുണ്ടായതായും ശ്രീചിത്രന്‍ പറയുന്നു. പന്‍സാരെയും ധാബോല്‍ക്കറും ഗൗരി ലങ്കേഷും പിന്നിട്ട് ഇന്ന് തനിക്കു നേരെയും ഭീഷണി എത്തിയതായും ശ്രീചിത്രന്‍ പറയുന്നു.
ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതിനു ശേഷം സംഘപരിവാര്‍ സംഘടനകളും തീവ്ര ഹിന്ദുത്വ സംഘടനകളും നടത്തുന്ന ആക്രമണങ്ങളെ നിരന്തരം വിമര്‍ശിക്കുകയും അതിനെതിരെ പൊതു വേദികളില്‍ സംസാരിക്കുകയും ചെയ്യുന്നയാളാണ് ശ്രീചിത്രന്‍.
സുനില്‍ പി. ഇളയിടത്തിനെ കൊല്ലാന്‍ ആഹ്വാനം ചെയ്ത് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ഫേസ്ബുക്ക് കുറിപ്പ് ഇട്ടതിന് പിന്നാലെയാണ് ഇളയിടത്തിന്റെ ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഇളയിടത്തിന്റെ ഓഫീസിന് മുന്നിലെ ബോര്‍ഡ് നശിപ്പിക്കുകയും ഓഫീസ് വാതിലില്‍ കാവി വരകളിട്ട് വൃത്തി കേടാക്കുകയും ചെയ്തിരുന്നു.
സംഘപരിവാറിന്റെ വിധ്വംസക രാഷ്ട്രീയത്തിനെതിരെ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നയാളാണ് സുനില്‍ പി. ഇളയിടം. ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ നടത്തുന്ന തെറ്റായ പ്രചരണങ്ങളെ ചരിത്രത്തിന്റെയും വസ്തുതകളുടെയും പിന്‍ബലത്തോടെ തുറന്നുകാട്ടിക്കൊണ്ടുള്ള സുനില്‍ പി. ഇളയിടത്തിന്റെ പല പ്രഭാഷണങ്ങളും ചാനല്‍ ചര്‍ച്ചകളിലെ നിലപാടുകളും വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ആക്രമണമുണ്ടായിരിക്കുന്നത്.
ശ്രീചിത്രന്‍ എം.ജെയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു ഇന്റര്‍നെറ്റ് കോള്‍ വന്നിരുന്നു. “സൂക്ഷിച്ചോ, അടുത്തത് നീയാണ്” എന്നു പറഞ്ഞു. കൂടെ കുറച്ച് തെറികളും. ഫോണ്‍ വെച്ചു. ഒരു പരിപാടിയില്‍ നിന്ന് ഇപ്പോള്‍ ഇറങ്ങിയപ്പോഴാണ് സുനില്‍ പി ഇളയിടത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് കാബിനില്‍ ഭീഷണികള്‍ എഴുതി വെച്ച കാര്യം അറിയുന്നത്.
ഗംഭീരമാകുന്നുണ്ട് വിശ്വാസ സംരക്ഷണം. തോക്കില്ലാത്ത കാലത്ത് ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിച്ച് തുടങ്ങിയതാണല്ലോ. പന്‍സാരെയും ധാബോല്‍ക്കറും ഗൗരി ലങ്കേഷും പിന്നിട്ട് ഇന്ന് നമുക്കു മുന്നിലെത്തിയിരിക്കുന്നു.
നിശ്ശബ്ദരായിരിക്കും എന്നു മാത്രം കരുതരുത്. തൊണ്ടയില്‍ അവസാനത്തെ ശബ്ദം ബാക്കി നില്‍ക്കും വരെ ഭരണ ഘടനക്കും നീതിക്കും ഒപ്പം നിന്നു സംസാരിക്കും. അഥവാ ശബ്ദമില്ലാതായാല്‍ മറ്റുള്ളവര്‍ സംസാരം തുടരും. മനുഷ്യരേ അവസാനിക്കൂ, ചരിത്രം അവസാനിക്കില്ല.