കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം കുറയുന്നുവെന്ന വാദം വസ്തുതാവിരുദ്ധം; സെന്‍കുമാറിന് കണക്കുകള്‍ നിരത്തി തോമസ് ഐസകിന്റെ മറുപടി
Fact Check
കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം കുറയുന്നുവെന്ന വാദം വസ്തുതാവിരുദ്ധം; സെന്‍കുമാറിന് കണക്കുകള്‍ നിരത്തി തോമസ് ഐസകിന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th July 2019, 8:53 am

തിരുവനന്തപുരം:കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറയുന്നുവെന്ന മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ വാദങ്ങള്‍ക്ക് കണക്കുകള്‍ നിരത്തി മറുപടി നല്‍കി ധനമന്ത്രി ടി.എം തോമസ് ഐസക്. ജനസംഖ്യാക്കണക്കുകളെ വികലമായി വ്യാഖ്യാനിച്ച് സെന്‍കുമാര്‍ നടത്തുന്ന വര്‍ഗീയവിദ്വേഷ പ്രചരണം അസംബന്ധമാണെന്ന് തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

ഇത് സംബന്ധിച്ച് നെബു ജോണ്‍ എബ്രഹാം എന്ന ഫേസ്ബുക്ക് യൂസര്‍ വിശദീകരിച്ചിട്ടും അതിന് മറുപടി നല്‍കാന്‍ പോലും സെന്‍കുമാറിനായിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു.

‘ജനനനിരക്ക് (birth rate) എന്ന് പറഞ്ഞാല്‍ 1000 പേര്‍ക്ക് എത്ര കുട്ടികള്‍ ഇന്ന് ജനിക്കുന്നു എന്നുള്ളതാണ്. ഇതുവെച്ച് മാത്രം നാളത്തെ ജനസംഖ്യ എത്രയായിരിക്കും എന്ന് ഗണിക്കാന്‍ പാടില്ല. കാരണം നാളെ ജനനനിരക്ക് കുറയാമല്ലോ. അതുകൊണ്ട് പ്രജനന നിരക്കാണ് (fertility rate) ഭാവിജനസംഖ്യാമാറ്റത്തെ കണക്കാക്കാന്‍ ഉപയോഗിക്കുന്നത്. പ്രജനന നിരക്ക് എന്നാല്‍ പ്രത്യുല്പാദന പ്രായത്തിലുള്ള അതായത് 14-49 വയസ്സുള്ള സ്ത്രീകള്‍ക്ക് എത്ര കുഞ്ഞുങ്ങള്‍ ജനിക്കാം എന്നുള്ളതാണ്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഫലങ്ങളില്‍ ഇതു സംബന്ധിച്ച കണക്കുകള്‍ ലഭ്യമാണ്.’

നാഷണല്‍ ഹെല്‍ത്ത് സര്‍വ്വേയുടെ മൂന്ന് കാലഘട്ടത്തിലെ റിപ്പോര്‍ട്ട് പ്രകാരം മുസ്‌ലിം സ്ത്രീകളുടെ പ്രജനനനിരക്കാണ് ഏറ്റവും കുറഞ്ഞത്.  ഹിന്ദുക്കളുടെ പ്രജനന നിരക്ക് 1992-93-ലും 2015-16-നുമിടയ്ക്ക് 1.66-ല്‍ നിന്ന് 1.42 ആയി കുറഞ്ഞു. ക്രിസ്ത്യാനികളുടേതാവട്ടെ 1.78-ല്‍ നിന്ന് 1.51 ആയി കുറഞ്ഞു. മുസ്ലീങ്ങളുടേത് 2.97-ല്‍ നിന്ന് 1.86 ആയി കുറഞ്ഞു. മുസ്ലീം സ്ത്രീകളുടെ പ്രജനന നിരക്കായിരുന്നു ഏറ്റവും ഉയര്‍ന്നത്. എന്നാല്‍ അതിന്ന് ഏറ്റവും വേഗതയില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു സമുദായത്തിന്റേയും പ്രജനന നിരക്ക് ഇന്ന് റിപ്ലേസ്‌മെന്റ് ലെവല്‍ ആയ 2.0ന് മുകളിലല്ല.


യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെ വസ്തുതാവിരുദ്ധമായ പ്രചരണമാണ് സെന്‍കുമാര്‍ നടത്തിയത്. ജനനനിരക്കിലെ വ്യത്യാസങ്ങള്‍ക്ക് കാരണമായി പ്രതിഫലിക്കുന്നത് സ്ത്രീകളുടെ സാക്ഷരതയാണെന്നും അല്ലാതെ മതമല്ലെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

തൃശൂരില്‍ ബാലഗോകുലം സംസ്ഥാന സമ്മേളനത്തിലെ സമാപന പൊതുസമ്മേളനത്തിലായിരുന്നു ടി.പി സെന്‍കുമാറിന്റെ വിദ്വേഷ പ്രസംഗം. മുസ്ലിം, കൃസ്ത്യന്‍ മത വിഭാഗങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇങ്ങനെ പോയാല്‍ ഉത്തര്‍പ്രദേശില്‍ നിന്നോ മഹാരാഷ്ട്രയില്‍ നിന്നോ കുട്ടികളെ കൊണ്ടുവരേണ്ടി വരുമെന്നായിരുന്നു സെന്‍കുമാറിന്റെ പരമാര്‍ശം.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ജനസംഖ്യാക്കണക്കുകളെ വികലമായി വ്യാഖ്യാനിച്ച് ടി.പി. സെന്‍കുമാര്‍ നടത്തുന്ന വര്‍ഗീയവിദ്വേഷ പ്രചരണം എത്രമാത്രം അസംബന്ധമാണെന്ന് കണക്കുകള്‍ ഉദ്ധരിച്ച് നെബൂ ജോണ്‍ എബ്രഹാം (Nebu John Abraham) സമര്‍ത്ഥിച്ചിരുന്നു. അതിനോട് സെന്‍കുമാറിന്റെ പ്രതികരണം ഇതുവരെ വായിക്കാന്‍ കഴിഞ്ഞില്ല. സെന്‍കുമാറിന്റെ മറുപടിക്കായി കൌതുകപൂര്‍വം കാത്തിരിക്കുകയായിരുന്നു ഞാന്‍.

കേരളത്തിലെ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നതുമൂലം അവര്‍ ന്യൂനപക്ഷമായിത്തീരും എന്നത് കുറച്ചു നാളായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു നുണയാണ്. ‘ഇങ്ങനെ പോയാല്‍ ബാലഗോകുലത്തിനൊക്കെ യു.പി.യില്‍ നിന്നും കുട്ടികളെ കൊണ്ടുവരേണ്ടി വരും’ എന്നാണ് സെന്‍കുമാര്‍ രോഷം കൊണ്ടത്. ഇത് വര്‍ഗീയത പുലമ്പലാണ് എന്ന വിമര്‍ശനം അദ്ദേഹത്തെ കൂടുതല്‍ രോഷാകുലനാക്കി. ‘സത്യം ആരും അറിയരുത്. അറിയിക്കുന്നവന്‍ വര്‍ഗീയന്‍’ എന്നൊക്കെ ആക്രോശിക്കുന്നു. എന്നിട്ട് കേരള സര്‍ക്കാരിന്റെ ‘വിറ്റാള്‍ സ്റ്റാറ്റസ്റ്റിക്‌സ്’ (അക്ഷരത്തെറ്റായിരിക്കും – വൈറ്റല്‍ സ്റ്റാറ്റസ്റ്റിക്‌സ് ആണ്) പ്രസിദ്ധീകരണത്തില്‍ നിന്ന് ജനനനിരക്ക് തെളിവായി വിവരിക്കുകയാണ്.

സെന്‍കുമാര്‍ പറയുന്ന കണക്ക് തെറ്റാണ്. 2011-ലെ സെന്‍സെസ് പ്രകാരം ഹിന്ദുക്കളുടെ ജനസംഖ്യ കേരളത്തിലെ ജനസംഖ്യയുടെ 54% ആണെന്നത് ശരി. പക്ഷേ അവരുടെ ജനന നിരക്ക് സെന്‍കുമാര്‍ പറയുന്നതുപോലെ 41% അല്ല. ഒരുപക്ഷേ, ജനിക്കുന്ന കുട്ടികളില്‍ ഹിന്ദുക്കളുടെ വിഹിതമായിരിക്കാം ഉദ്ദേശിക്കുന്നത്. പക്ഷേ അത് 41 ശതമാനം അല്ല 42.87 ശതമാനമാണ്. മുസ്ലീങ്ങളുടേയും 41.45 ശതമാനവും ക്രിസ്ത്യാനികളുടേത് 15.42 ശതമാനവും മറ്റുള്ളവരുടേത് 0.18 ശതമാനവുമാണ്.

..’ഈ രീതിയില്‍ കുറയുമ്പോള്‍ കുട്ടികള്‍ വീണ്ടും കുറഞ്ഞു വരും. ഈ സത്യം പറഞ്ഞാലെങ്ങനെ വര്‍ഗീയമാകും? തങ്ങള്‍ക്കു എന്തു സംഭവിക്കുന്നെന്നു ഹിന്ദുക്കളും അറിയേണ്ടതുണ്ട്’.. എന്നൊക്കെയാണ് അദ്ദേഹം പുലമ്പുന്നത്.

ഈ മേല്‍പ്പറഞ്ഞ വര്‍ഗീയവാദത്തിന് നെബു നല്‍കിയ മറുപടി പരിപൂര്‍ണമായി ശരിയാണ്. ജനനനിരക്ക് (birth rate) എന്ന് പറഞ്ഞാല്‍ 1000 പേര്‍ക്ക് എത്ര കുട്ടികള്‍ ഇന്ന് ജനിക്കുന്നു എന്നുള്ളതാണ്. ഇതുവെച്ച് മാത്രം നാളത്തെ ജനസംഖ്യ എത്രയായിരിക്കും എന്ന് ഗണിക്കാന്‍ പാടില്ല. കാരണം നാളെ ജനനനിരക്ക് കുറയാമല്ലോ. അതുകൊണ്ട് പ്രജനന നിരക്കാണ് (fertility rate) ഭാവിജനസംഖ്യാമാറ്റത്തെ കണക്കാക്കാന്‍ ഉപയോഗിക്കുന്നത്. പ്രജനന നിരക്ക് എന്നാല്‍ പ്രത്യുല്പാദന പ്രായത്തിലുള്ള അതായത് 14-49 വയസ്സുള്ള സ്ത്രീകള്‍ക്ക് എത്ര കുഞ്ഞുങ്ങള്‍ ജനിക്കാം എന്നുള്ളതാണ്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഫലങ്ങളില്‍ ഇതു സംബന്ധിച്ച കണക്കുകള്‍ ലഭ്യമാണ്.

1992-93 കാലത്തായിരുന്നു ആദ്യസര്‍വേ. തുടര്‍ന്ന് 1998-99-ലും 2005-06-ലും 2015-16-ലും മൂന്ന് സര്‍വേകളുടെ ഫലം കൂടി ലഭ്യമാണ്. അതുപ്രകാരം ഹിന്ദുക്കളുടെ പ്രജനന നിരക്ക് 1992-93-ലും 2015-16-നുമിടയ്ക്ക് 1.66-ല്‍ നിന്ന് 1.42 ആയി കുറഞ്ഞു. ക്രിസ്ത്യാനികളുടേതാവട്ടെ 1.78-ല്‍ നിന്ന് 1.51 ആയി കുറഞ്ഞു. മുസ്ലീങ്ങളുടേത് 2.97-ല്‍ നിന്ന് 1.86 ആയി കുറഞ്ഞു. മുസ്ലീം സ്ത്രീകളുടെ പ്രജനന നിരക്കായിരുന്നു ഏറ്റവും ഉയര്‍ന്നത്. എന്നാല്‍ അതിന്ന് ഏറ്റവും വേഗതയില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു സമുദായത്തിന്റേയും പ്രജനന നിരക്ക് ഇന്ന് replacement level ആയ 2.0ന് മുകളിലല്ല. ഇതാണ് യാഥാര്‍ഥ്യം.

എന്താണ് ജനന നിരക്കിനേയും പ്രജനന നിരക്കിനേയും നിര്‍ണയിക്കുന്നത്? പല ഘടകങ്ങളുണ്ടാകാം. ഇന്ത്യയിലെ വിവിധ ജില്ലകളിലെ ജനനനിരക്കിലെ അന്തരം ഗണിതശാസ്ത്രപരമായി വിശകലനം ചെയ്തപ്പോള്‍ കണ്ടത് സ്ത്രീകളുടെ സാക്ഷരതയാണ് ഏറ്റവും പ്രധാന ഘടകം എന്നതാണ്. ഇന്ത്യ മൊത്തത്തില്‍ എടുത്താല്‍ മതം ഒരു പ്രധാനപ്പെട്ട ഘടകമേയല്ല. 40 വര്‍ഷം മുമ്പ് എംഫില്ലിന് പഠിച്ചിരുന്നപ്പോള്‍ ഇതു സംബന്ധിച്ച പ്രപന്ധം ഞങ്ങളുടെ നിര്‍ബന്ധിത വായനാലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു എന്ന് ഓര്‍ക്കുന്നു. എന്നു മാത്രമല്ല കേരളത്തില്‍ ഏറ്റവും താഴ്ന്ന ജനന/പ്രജനന നിരക്ക് ക്രിസ്ത്യാനികള്‍ക്ക് പ്രാമുഖ്യം ഉള്ള കോട്ടയം ജില്ല ആയിരുന്നു.

ജനസംഖ്യാവളര്‍ച്ചയുടെ കാനേഷുമാരി കണക്കെടുത്താല്‍ 1971-നും 2011-നും ഇടയില്‍ ഏറ്റവും വേഗതയില്‍ ജനസംഖ്യ വളര്‍ച്ചയില്‍ കുറവുണ്ടായത് കൃസ്ത്യന്‍ സമൂഹത്തിലാണ്. കൃത്രിമ ജനനനിയന്ത്രണ മാര്‍ഗങ്ങളോടുള്ള ക്രിസ്ത്യന്‍ സഭയുടെ എതിര്‍പ്പ് വളരെ പ്രസിദ്ധമാണല്ലോ. പക്ഷേ ഇതൊന്നും ജനസംഖ്യാപരിണാമത്തെ ബാധിച്ചിട്ടില്ല.
ഇതൊക്കെയാണ് ശാസ്ത്രം. സെന്‍കുമാറിന്റെ പ്രസ്താവന മൈതാനപ്പുറങ്ങളിലെ വര്‍ഗീയത പുലമ്പല്‍ മാത്രമാണ്.


നെബു ജോണ്‍ എബ്രഹാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കേരളത്തില്‍ ഹിന്ദു ജനസംഖ്യ കുറയുന്നു. ഇനി ബാലഗോകുലത്തിനൊക്കെ UP യില്‍ നിന്നൊക്കെ കൊണ്ടുവരേണ്ടി വരും എന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞതായി വായിച്ചു.
എത്ര വിദഗ്ദമായി ആണ് ഇദ്ദേഹം ആളെ പറ്റിക്കുന്നത്. ആരോ ചോദ്യം ചെയ്തപ്പോള്‍ Department of economics and statistics data ആണ് അവലംബം എന്നും. ജനന നിരക്കാണ് അദ്ദേഹം പറഞ്ഞത് എന്നും face ബുക്കില്‍ എഴുതി ഒന്ന് കൂടെ അജ്ഞത വെളിവാക്കി. ഇദ്ദേഹം economics എന്ത് മനസ്സിലാക്കിയിട്ടാണോ ഇതൊക്കെ എഴുതുന്നത് എന്നറിയില്ല. Birth rate ഉം Fertility rate ഉം രണ്ട് കാര്യങ്ങള്‍ ആണ്.
Birth rate മുഴുവന്‍ ജനസംഖ്യയില്‍ live birth 1000 പേര്‍ക്ക് എത്ര എന്ന് കണക്കാക്കുകയാണ്. Total Fertility rate ( പ്രജനന/ പ്രത്യത്പാദന നിരക്ക് ) 15-49 വയസ്സുള്ള സ്ത്രീകള്‍ക്കു പ്രസവ സാധ്യക്കുള്ള സമയത്തു ശരാശരി എത്ര കുട്ടികള്‍ ക്കു ജന്മം നല്കാന്‍ കഴിവുണ്ട് എന്ന് കണക്കാക്കുന്നു. Fertility rate ആണ് ഭാവിയില്‍ ജനസംഖ്യ വളര്‍ച്ച യെക്കുറിച്ചു വേണ്ട ഭേദപ്പെട്ട സൂചനകള്‍ നല്‍കുന്നത്. ജനന നിരക്ക് fertility യെ കൂടുതല്‍ ബാധിക്കുന്നതും അല്ല.
അപ്പോള്‍ ഇനി നമുക്ക് ഓരോ മത വിശ്വാസികളിലെയും സ്ത്രീകളുടെ fertility rate പരിശോധിക്കാം. National family health survey കളില്‍ ഇത് ലഭ്യമാണ്

NFHS1 NFHS 2 NFHS 3 NFHS 4

Hindu 1.66 1.64 1.53 1.42
Muslim 2.97 2.46 2.46 1.86
Christian 1.78 1.88 2.1 1.51

നോക്കൂ ഫെര്‍ട്ടിലിറ്റി റേറ്റിന്റെ വളര്‍ച്ച നിരക്ക് നോക്കിയാല്‍ NFHS4 ആയപ്പോള്‍ മുസ്ലിം ക്രിസ്ത്യന്‍ സ്ത്രീകളുടെ ഫെര്‍ട്ടിലിറ്റി rate -24%, -28% ഒക്കെ കുറഞ്ഞു. ഹിന്ദു സ്ത്രീകളുടെ ഫെര്‍ട്ടിലിറ്റി rate -7 ശതമാനം കുറഞ്ഞു. അതായതു, മുന്‍പ് കൂടുതല്‍ ആയിരുന്ന മതവിഭാഗങ്ങളില്‍ ജനസംഖ്യ വളരുന്നത് കുറയാനാണ് സാധ്യത എന്ന് കേന്ദ്ര പഠനം പറയുന്നു. മാത്രമല്ല ലോക സംഘടനകള്‍ പറഞ്ഞിരിക്കുന്നത് 2. 1 എന്ന നിരക്ക് (replacement ലെവല്‍ ) കേരളത്തില്‍ ഇല്ല ഒരു ഗ്രൂപ്പിലും. Replacement എന്നാല്‍ മരണ ശേഷം ഭാര്യക്കും ഭര്‍ത്താവിനും പകരം ഓരോ കുട്ടി എങ്കിലും വേണം എന്നതിനാണ്.
സെന്‍കുമാര്‍ പറയുന്ന ജനന നിരക്ക് future പ്രെഡിക്ഷന് പറ്റുന്നതല്ല. ജനന നിരക്ക് മുഴുവന്‍ ജനസംഖ്യയില്‍ പറയുന്നത് കൊണ്ട് അതില്‍ പുഷന്മാരും ഉള്‍പ്പെടും. Birth rate നേക്കാള്‍ ഒരു better index ആണ് ഫെര്‍ട്ടിലിറ്റി rate എന്നത് സാമ്പത്തിക ശാസ്ത്രത്തിന്റെ ബാലപാഠം അറിയാവുന്നവര്‍ക്ക് വ്യക്തമാണ്. മാത്രമല്ല ഒരു ഫെര്‍ട്ടിലിറ്റി trend പോലും അദ്ദേഹം സൗകര്യപൂര്‍വം മറക്കുന്നു. അതാണ് അദ്ദേഹത്തിന്റെ തെറ്റ്. പറഞ്ഞു പറഞ്ഞു ഒരു തെറ്റിനെ ശരിയാക്കാന്‍ കഴിയില്ലല്ലോ. എന്നാലും കബളിപ്പിക്കപ്പെടാതിരിക്കാനാണ് ഈ പോസ്റ്റ്. താരതമ്യേന ഉയര്‍ന്ന സാമ്പത്തികം ഉള്ളവര്‍ കുട്ടികളുടെ എണ്ണം കുറക്കാറുണ്ട്. അത് പ്രശ്‌നം സാമ്പത്തികമാണ്. അത് ഏതു മത മായാലും സാമ്പത്തിക നിയമങ്ങള്‍ക്കു ഒരു പോലെ വിധേയമാണ്.