ഐ.പി.എല്ലിന്റെ ആവേശം ഇതിനോടകം തന്നെ ക്രിക്കറ്റ് ആരാധകരില്‍ ആളിപ്പടരുകയാണ്. ഓരോ ടീമുകളും തങ്ങളുടെ റിറ്റെന്‍ഷന്‍ ലിസ്റ്റ് പങ്കുവെച്ചതോടെ ആവേശവും തങ്ങളുടെ പ്രിയ താരത്തെ കൈവിട്ടുകളഞ്ഞതിലുള്ള പരിഭവവുമായാണ് ആരാധകര്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമാകുന്നത്.
താരലേലത്തില്‍ കൈവിട്ട സൂപ്പര്‍ താരങ്ങളെ തിരിച്ചെത്തിക്കുമെന്നും കൂടുതല്‍ മികച്ച താരങ്ങളെ സ്വന്തമാക്കി ടീം ശക്തിപ്പെടുത്തുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
നവംബര്‍ 24, 25 തീയ്യതികളിലായാണ് ഐ.പി.എല്‍ താരലേലം അരങ്ങേറുന്നത്. ജിദ്ദ സൗദി അറേബ്യന്‍ പോര്‍ട്ട് സിറ്റിയാണ് ലേലത്തിന് വേദിയാകുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നുമായി 1,574 താരങ്ങളാണ് മെഗാ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഓരോ ടീമിനും 25 താരങ്ങളുടെ സ്‌ക്വാഡാണ് പടുത്തുയര്‍ത്തേണ്ടത്. അതായത് 250 താരങ്ങള്‍ ഐ.പി.എല്‍ 2025ന്റെ ഭാഗമാകും. ഇതില്‍ 46 താരങ്ങളെ ഇതിനോടകം ടീമുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ ശേഷിക്കുന്ന 204 സ്ലോട്ടുകള്‍ക്കായാണ് ഈ 1,574 താരങ്ങള്‍ മത്സരിക്കേണ്ടത്.
കഴിഞ്ഞ തവണത്തെയെന്ന പോലെ ഇത്തവണയും അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ലേലത്തില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. സ്‌കോട്‌ലാന്‍ഡ്, കാനഡ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മെഗാ താര ലേലത്തില്‍ പങ്കെടുക്കും.
ഇറ്റലിയുടെ തോമസ് ഡ്രാക്കയാണ് ഇക്കൂട്ടത്തിലെ പ്രധാനി. ഗ്ലോബല്‍ ടി-20 കാനഡയില്‍ ബ്രാംറ്റണ്‍ വൂള്‍വ്‌സിന് വേണ്ടി കളത്തിലിറങ്ങിയ താരമാണ് ഡ്രാക്ക. വരാനിരിക്കുന്ന ഐ.എല്‍. ടി-20യില്‍ മുംബൈ ഇന്ത്യന്‍സിന്റെ കൗണ്ടര്‍പാര്‍ട്ടായ എം.ഐ എമിറേറ്റ്‌സ് സ്വന്തമാക്കിയ താരം കൂടിയാണ് ഈ 24കാരന്‍.
അന്താരാഷ്ട്ര ടി-20യില്‍ നാല് മത്സരത്തില്‍ കാനഡക്കായി കളത്തിലിറങ്ങിയ ഈ വലംകയ്യന്‍ മീഡിയം പേസര്‍ 8.50 ശരാശരിയിലും 12.00 സ്‌ട്രൈക്ക് റേറ്റിലും എട്ട് വിക്കറ്റ് നേടിയിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ 12ന് ഐല്‍ ഓഫ് മാനിനെതിരെ ഒമ്പത് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.
ഐ.പി.എല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇറ്റലിയില്‍ നിന്നുള്ള താരം ലേലത്തിന്റെ ഭാഗമാകുന്നത്.
ഐ.പി.എല്‍ 2025 മെഗാ താരലേലം നമ്പറുകളില്‍
ഏറ്റവുമധികം താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്: ഇന്ത്യ (1165 പേര്‍)
ഏറ്റവും കുറവ്: ഇറ്റലിയും യു.എ.ഇയും (ഓരോ താരങ്ങള്‍ വീതം)
ഏറ്റവും കുറവ് താരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ടെസ്റ്റ് പ്ലെയിങ് നേഷന്‍: സിംബാബ്‌വേ (എട്ട് പേര്)