Film News
വിഷു തൂക്കാന്‍ എത്തി മക്കളെ... ഒന്നൊന്നര പഞ്ച് ട്രെയ്‌ലറുമായി ആലപ്പുഴ ജിംഖാന

നസ്ലെനെ നായകനാക്കി തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ ഒരുക്കുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. ലുക്ക്മാന്‍, ഗണപതി, അനഘ രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ബോക്‌സിങ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം വിഷു റിലീസായി തിയേറ്ററുകളിലെത്തും. ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ബോക്‌സിങിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കംപ്ലീറ്റ് എന്റെര്‍റ്റൈനര്‍ ചിത്രമായിരിക്കും ആലപ്പുഴ ജിംഖാന എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെ ഇന്നാണ് (ബുധന്‍) ട്രെയ്ലര്‍ പുറത്ത് വിട്ടത്. റാപ്പര്‍ ബേബി ജീന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആലപ്പുഴ ജിംഖാനയ്ക്കുണ്ട്.

ബോക്‌സിങ് പഠിക്കാനായി ഒരുപറ്റം യുവാക്കള്‍ ആന്റണി ജോഷി എന്ന കോച്ചിന്റെ അടുത്തേക്ക് പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നസ്ലെനെയും ടീമിനെയും ബോക്‌സിങ് പഠിപ്പിക്കാനെത്തുന്ന കോച്ചായി എത്തുന്നത് ലുക്മാന്‍ അന്‍വറാണ്.

വിഷ്ണു വിജയ് ആണ് ആലപ്പുഴ ജിംഖാനക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. തല്ലുമാല എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്‌മാന്റേയും വിഷ്ണു വിജയ്‌യുടെയും ഹിറ്റ് കോമ്പോ വീണ്ടും ആവര്‍ത്തിക്കുകയാണിവിടെ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആലപ്പുഴ ജിംഖാനയിലെ ‘എവരിഡേ’ എന്ന ഗാനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ആലപ്പുഴ ജിംഖാന നിര്‍മിച്ചിരിക്കുന്നത്. ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിഷാദ് യൂസഫാണ്.

Content Highlight: Trailer of Alappuzha Gymkhana is out